തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യക്കുറി സമ്മാനം നേടിയ ഭാഗ്യവാൻ ലോട്ടറിക്കച്ചവടം ആരംഭിച്ചു. ഇക്കഴിഞ്ഞ തിരുവോണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ് ലോട്ടറിക്കച്ചവടത്തിലേക്ക് കടന്നത്. മണക്കാട് ജങ്ഷനിലാണ് വെള്ളിയാഴ്ച അനൂപ് ഭാഗ്യക്കുറിക്കട തുടങ്ങിയത്. നിലവില്‍ മറ്റ് ഏജന്‍സികളില്‍നിന്ന് ടിക്കറ്റെടുത്ത് വില്‍ക്കുകയാണ്. ഉടന്‍തന്നെ സ്വന്തമായി ഏജന്‍സിയും തുടങ്ങുമെന്ന് അനൂപ് മാധ്യമങ്ങളോട് പറഞ്ഞു.
ഓട്ടോ ഡ്രൈവറായിരുന്ന അനൂപിനെത്തേടി 25 കോടിയുടെ ഭാഗ്യസമ്മാനം എത്തിയത് രാജ്യവ്യാപകമായി വലിയ വാർത്തയായിരുന്നു. തന്റെ ജീവിതത്തില്‍ ഭാഗ്യമെത്തിച്ചത് ലോട്ടറിയായതുകൊണ്ടാണ് ലോട്ടറിക്കച്ചവടം തന്നെ തുടങ്ങിയതെന്നും അനൂപ് പറയുന്നു. ഭാര്യ മായയുടെയും അനൂപിന്റെയും പേരുകളുടെ ആദ്യക്ഷരം ചേര്‍ത്ത് എം.എ. ലക്കി സെന്റര്‍ എന്നാണ് കടയ്ക്ക് പേരിട്ടിരിക്കുന്നത്.
Also Read- പതിനാറുകോടി ലഭിച്ച ആ ഭാഗ്യശാലി എത്തി; പേരും വിവരങ്ങളും വെളിപ്പെടുത്തില്ല
25 കോടി രൂപ സമ്മാനം ലഭിച്ചിട്ടും അനൂപ് ഏറെ കാലം ഓട്ടോ ഓടിച്ചിരുന്നു. എന്നാൽ ഇപ്പോൾ അനൂപിന്റെ ഓട്ടോറിക്ഷ സഹോദരനാണ് ഓടിക്കുന്നത്. തിരുവോണം ബമ്പർ അടിച്ചതിനുശേഷവും അനൂപിനെ തേടി ഭാഗ്യമെത്തിയിട്ടുണ്ട്. 5000 രൂപ വരെയുള്ള സമ്മാനങ്ങൾ നിരവധി തവണ അനൂപിന് ലഭിച്ചിരുന്നു.
സംസ്ഥാനത്തെ ഏറ്റവും വലിയ ഭാഗ്യവാൻ ലോട്ടറി കച്ചവടം തുടങ്ങിയത് അറിഞ്ഞ് നിരവധിപ്പേർ ഇവിടേക്ക് എത്തുന്നുണ്ട്. ഭാഗ്യവാന്റെ കൈയില്‍ നിന്ന് ലോട്ടറിയെടുത്താൽ സമ്മാനം ലഭിക്കുമെന്ന് പ്രീതക്ഷിച്ചാണ് നിരവധിപ്പേർ എത്തുന്നത്. മണക്കാടിന് അടുത്ത് സ്വന്തമായി വീട് വാങ്ങിയ അനൂപ്, ശ്രീവരാഹത്തെ വീട്ടിൽനിന്ന് താമസം മാറിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.