• HOME
  • »
  • NEWS
  • »
  • money
  • »
  • Apple | ജീവനക്കാരുടെ ബാഗ് പരിശോധിച്ച ആപ്പിള്‍ 30 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് കോടതി

Apple | ജീവനക്കാരുടെ ബാഗ് പരിശോധിച്ച ആപ്പിള്‍ 30 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് കോടതി

10 വര്‍ഷത്തോളം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഈ വിധി

  • Last Updated :
  • Share this:
    സുരക്ഷാ ക്രമീകരണത്തിന്റെ (security system) ഭാഗമായി ജീവനക്കാരുടെ (staff) ബാഗുകള്‍ (bags) പരിശോധിച്ച ആപ്പിള്‍ കമ്പനി (apple company) ഏകദേശം 30 മില്യണ്‍ ഡോളറാണ് തങ്ങളുടെ 1500 ജീവനക്കാർക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നിരിക്കുന്നത്. കാലിഫോര്‍ണിയയിലെ കോടതിയുടേതാണ് ഈ സുപ്രധാന വിധി. ജോലി സമയം കഴിഞ്ഞിട്ടും സെക്യൂരിറ്റി പരിശോധനകള്‍ക്കായി ജീവനക്കാര്‍ ഓഫീസില്‍ (office) ചെലവഴിക്കേണ്ടി വന്ന സമയത്തിനാണ് ആപ്പിള്‍ ഇപ്പോള്‍ പണം നല്‍കേണ്ടി വന്നിരിക്കുന്നത്. 10 വര്‍ഷത്തോളം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഈ വിധി.

    2013ല്‍ നടന്ന സംഭവത്തിന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ജില്ലാ ജഡ്ജി വില്യം എല്‍സുപ് ആണ് വിധി പറഞ്ഞിരിക്കുന്നത്. തൊഴിലാളികള്‍ നിര്‍ബന്ധിത സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതിനുള്ള പണം നല്‍കണമെന്ന് 2020ല്‍ കാലിഫോര്‍ണിയ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

    വാള്‍മാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ വമ്പന്മാരും സമാനമായ കേസ് നേരിട്ടിരുന്നു. ആമസോണും ഒരു സ്റ്റാഫിംഗ് ഏജന്‍സിയും കഴിഞ്ഞ വര്‍ഷം 42,000 വെയര്‍ ഹൗസ് തൊഴിലാളികള്‍ക്ക് 8.7 ദശലക്ഷം ഡോളറാണ് നല്‍കാമെന്ന് സമ്മതിച്ചത്.

    ആപ്പിളിലെ ജോലിക്കാര്‍ അവരുടെ ഷിഫ്റ്റ് കഴിഞ്ഞ് സ്റ്റോറുകളില്‍ നിന്ന് പുറത്ത് പോകുന്നതിന് മുന്‍പ് ബാഗുകള്‍ പരിശോധിക്കുന്നതിനായി ചിലപ്പോള്‍ മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടി വരാറുണ്ട്. ഇത് തങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുള്ളതായി ജീവനക്കാരുടെ പരാതിയില്‍ പറയുന്നു.

    എന്നാല്‍ ഈ വിധിയിൽ ആപ്പിളോ അഭിഭാഷകരോ പ്രതികരിച്ചിട്ടില്ല.

    അതേസമയം, സുരക്ഷാ പരിശോധനയുടെ സമയത്ത് തൊഴിലാളികള്‍ കമ്പനിയുടെ നിയന്ത്രണത്തിലല്ല എന്ന കാരണത്താല്‍ 2015ല്‍ അല്‍സുപ്പ് (ALSUP) ഈ കേസ് തള്ളിയിരുന്നു. പരിശോന നടത്തുന്ന ബാഗുകളും മറ്റ് വസ്തുക്കളും ജോലിയുമായി ബന്ധപ്പെട്ടതല്ല എന്നായിരുന്നു കോടതി നിരീക്ഷണം.

    എന്നാല്‍, ഷിഫ്റ്റിന് ശേഷം നടത്തുന്ന പരിശോധനകള്‍ക്കായി ചെലവഴിയ്ക്കുന്ന സമയത്തിന് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാന്‍ ഫെഡറല്‍ കോടതി കാലിഫോര്‍ണിയ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.

    മേല്‍ക്കോടതി 2020ല്‍ ആപ്പിളിനെതിരായാണ് വിധി പറഞ്ഞത്. ജീവനക്കാര്‍ വ്യക്തിപരമായ വസ്തുക്കള്‍ ജോലി സ്ഥലത്ത് കൊണ്ടു വരരുത് എന്ന് പറയുന്നത് അപ്രായോഗികമാണ് എന്നായിരുന്നു കോടതിയുടെ പ്രസ്താവന. അതോടെ ഫെഡറല്‍ കോടതിയില്‍ കേസ് വീണ്ടും സജീവമായി. നഷ്ടം സംബന്ധിച്ച് വിചാരണ നടത്തണമെന്ന് അല്‍സുപ്പ് കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. തുടര്‍ന്ന് നടന്ന വിചാരണകളുടെ അടിസ്ഥാനത്തിലാണ് 30 മില്യണ്‍ ഡോളര്‍ ആപ്പിള്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന വിധി വന്നിരിക്കുന്നത്.

    3 ട്രില്യണ്‍ ഡോളര്‍ ഓഹരി വിപണി മൂല്യമുള്ള ലോകത്തെ ആദ്യത്തെ കമ്പനിയാണ് ആപ്പിള്‍. ഓട്ടോമേറ്റഡ് കാറുകളും വിര്‍ച്വല്‍ റിയാലിറ്റിയും പോലുള്ള പുതിയ വിപണികളിലേയ്ക്കുള്ള ചുവടു വയ്പ്പാണ് കമ്പനിയിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച് ഐഫോണ്‍ നിര്‍മ്മാതാക്കളെ ഈ നേട്ടത്തില്‍ എത്തിച്ചത്.

    2022ലെ വ്യാപാരത്തിന്റെ ആദ്യ ദിവസം, ഈ സിലിക്കണ്‍ വാലി കമ്പനിയുടെ ഓഹരികള്‍ ഇന്‍ട്രാഡേയിലെ റെക്കോര്‍ഡ് ഉയര്‍ന്ന നിലവാരമായ 182.88 ഡോളറിലെത്തിയിരുന്നു. ഇതോടെ ആപ്പിളിന്റെ വിപണി മൂല്യം 3 ട്രില്യണ്‍ ഡോളറിന് മുകളിലായി.
    Published by:user_57
    First published: