ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ (Debit Card) കൈവശമുള്ള, സ്വകാര്യ, പൊതുമേഖലാ ബാങ്കുകളിൽ അക്കൗണ്ടുകളുള്ള എല്ലാ ഉപഭോക്താക്കളും (Bank Customers) ജനുവരി മുതൽ എടിഎമ്മിൽ (ATM) നിന്ന് പണം പിൻവലിക്കുന്നതിന് (Cash Withdrawal) കൂടുതൽ തുക നൽകേണ്ടി വരും. ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ പ്രതിമാസ പരിധി കഴിഞ്ഞാലാണ് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ അധിക ചാർജ് (Extra Charge) നൽകേണ്ടി വരിക.
അനുവദനീയമായ പരിധി കഴിഞ്ഞാൽ എടിഎം ഇടപാടുകൾക്കായി ഉപഭോക്താക്കൾ 2022 ജനുവരി മുതൽ കൂടുതൽ ചാർജ് നൽകേണ്ടി വരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ തന്നെ ഒരു വിജ്ഞാപനത്തിലൂടെ അറിയിച്ചിരുന്നു. ഇതിനർത്ഥം ഈ മാറ്റം അടുത്ത ആഴ്ച അവസാനം നടപ്പിലാകുമെന്നാണ്. തീയതി അടുത്തിരിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് അവരുടെ ബാങ്കുകളിൽ നിന്ന് അറിയിപ്പുകൾ ലഭിച്ചു തുടങ്ങി.
നിലവിൽ, പ്രതിമാസ സൗജന്യ പരിധി കഴിഞ്ഞാൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഒരു ഇടപാടിന് 20 രൂപ എന്ന നിരക്കിൽ ഓരോ ബാങ്ക് ഉപഭോക്താവും നൽകുന്നുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് ഓരോ മാസവും ഒരു അധിക ഇടപാടിന് 1 രൂപ വീതം നിരക്ക് വർധിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ ഇനി മുതൽ സൗജന്യ പരിധിയ്ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപ വീതം ഉപഭോക്താക്കൾ നൽകണം. ഈ വർഷം ജൂണിൽ തന്നെ വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് അറിയിച്ചിരുന്നു.
ഈ നിരക്കുകൾ ഈടാക്കുന്നതിന് മുമ്പായി, എല്ലാ ബാങ്ക് ഉപഭോക്താക്കൾക്കും അവരുടെ സ്വന്തം ബാങ്കുകളിൽ അഞ്ച് സൗജന്യ എടിഎം ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ അനുവദിക്കുന്നുണ്ട്. ഡെബിറ്റ് കാർഡുള്ള എല്ലാ ബാങ്ക് ഉപഭോക്താക്കൾക്കും അവരുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകളുടെ എടിഎമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾക്ക് അർഹതയുണ്ടെന്നാണ് ഇതിനർത്ഥം. കൂടാതെ, മെട്രോ നഗരങ്ങളിൽ (ബെംഗളൂരു, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഡൽഹി, ഹൈദരാബാദ് എന്നിവയുൾപ്പെടെ) മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്നുള്ള മൂന്ന് സൗജന്യ ഇടപാടുകൾക്കും മെട്രോ ഇതര നഗരങ്ങളിൽ അഞ്ച് സൗജന്യ ഇടപാടുകൾക്കും ഉപഭോക്താക്കൾക്ക് അർഹതയുണ്ടാകും.
2014 ഓഗസ്റ്റ് മുതൽ എടിഎം ഇടപാട് ഫീസ് വർധിപ്പിച്ചിട്ടില്ലെന്നും അതിനുള്ള നഷ്ടപരിഹാരം ഈടാക്കേണ്ടത് ആവശ്യമാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു.
“ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം ബാങ്ക് എടിഎമ്മുകളിൽ നിന്ന് എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകൾക്ക് (സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകൾ ഉൾപ്പെടെ) അർഹതയുണ്ട്. മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്നുള്ള (സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകൾ ഉൾപ്പെടെ) സൗജന്യ ഇടപാടുകൾക്കും അവർ അർഹരാണ്. മെട്രോ കേന്ദ്രങ്ങളിൽ മൂന്ന് ഇടപാടുകളും മെട്രോ ഇതര കേന്ദ്രങ്ങളിൽ അഞ്ച് ഇടപാടുകളും ആയിരിക്കും മറ്റു ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് സൗജന്യമായി ലഭിക്കുക. സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ, 2014 ഓഗസ്റ്റ് 14 ലെ സർക്കുലർ DPSS.CO.PD.No.316/02.10.002/2014-2015 നിർദ്ദേശിച്ചിരിക്കുന്നത് പ്രകാരം ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന നിരക്ക് ഓരോ ഇടപാടിനും 20 രൂപയാണ്", ഈ വർഷം ജൂൺ 10 ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ ആർബിഐ പറയുന്നു.
“ഉയർന്ന ഇൻറർചേഞ്ച് ഫീസിന് ബാങ്കുകൾക്ക് നഷ്ടപരിഹാരം നൽകാനും ചെലവുകളിലെ പൊതുവായ വർദ്ധനവ് കണക്കിലെടുത്തുകൊണ്ടും, ഓരോ ഇടപാടിനും ഉപഭോക്തൃ ചാർജുകൾ 21 രൂപയായി വർദ്ധിപ്പിക്കാൻ അവർക്ക് അനുമതി നൽകുകയാണ്. ഈ വർദ്ധനവ് 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും." ബാങ്ക് കൂട്ടിച്ചേർത്തു.
ഈ തുകയ്ക്ക് അധിക നികുതി ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു. ക്യാഷ് റീസൈക്ലർ മെഷീനുകളിൽ നടത്തുന്ന ഇടപാടുകൾക്കും (പണ നിക്ഷേപ ഇടപാടുകൾ ഒഴികെ) ഈ നിർദ്ദേശങ്ങൾ ബാധകമായിരിക്കും," ബാങ്ക് കൂട്ടിച്ചേർത്തു.
ഇതിന് മുമ്പ്, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2021 ഓഗസ്റ്റിലാണ് ആർബിഐ അവസാനമായി ഇടപാട് പരിധി വർദ്ധിപ്പിച്ചത്. എടിഎം ഇടപാടുകൾക്കായുള്ള ഇന്റർചേഞ്ച് ഫീസ് ഘടനയിൽ അവസാനമായി മാറ്റം വരുത്തിയത് 2012 ഓഗസ്റ്റിൽ ആണെന്നും ഉപഭോക്താക്കൾ അടയ്‌ക്കേണ്ട ചാർജുകൾ 2014 ഓഗസ്റ്റിലാണ് അവസാനമായി പരിഷ്കരിച്ചതെന്നും സെൻട്രൽ ബാങ്ക് നിരീക്ഷിച്ചു. ഈ ഫീസിൽ അവസാനമായി മാറ്റം വരുത്തിയിട്ട് ഒരുപാട് കാലമായെന്നും ബാങ്ക് വിലയിരുത്തി.
നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട പ്രശ്നം പരിശോധിക്കാൻ ആർബിഐ ഒരു കമ്മിറ്റി രൂപീകരിച്ച് വർഷങ്ങൾക്ക് ശേഷമാണ് ഈ മാറ്റം സംഭവിക്കുന്നത്. സെൻട്രൽ ബാങ്ക് 2019 ൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. അത് യോഗം ചേർന്ന് പല മാറ്റങ്ങളും കൊണ്ടുവരാൻ തീരുമാനിച്ചു. ആ വർഷം ജൂണിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവിന്റെ അധ്യക്ഷതയിൽ, എടിഎം ഇടപാടുകൾക്കായുള്ള ഇന്റർചേഞ്ച് ഘടനയിൽ പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് എടിഎം ചാർജുകളും ഫീസും സംബന്ധിച്ച് പുനഃപരിശോധന നടത്താൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചു.
“2022 ജനുവരി 1 മുതൽ സൗജന്യ പരിധിക്ക് മുകളിലുള്ള എടിഎം ഇടപാടുകൾക്ക് ഈടാക്കുന്ന ചാർജ് നിലവിലെ 20 രൂപ + നികുതി എന്നതിൽ നിന്ന് 21 രൂപ + നികുതി ആയി പരിഷ്കരിക്കുമെന്ന്” എച്ച് ഡി എഫ് സി ബാങ്ക് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Atm, ATM Cash Withdrawal Charge, ATM service