• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രാജ്യത്ത് വീണ്ടും നോട്ടുക്ഷാമം; എടിഎമ്മുകളിൽ പണമില്ല


Updated: April 17, 2018, 11:10 PM IST
രാജ്യത്ത് വീണ്ടും നോട്ടുക്ഷാമം; എടിഎമ്മുകളിൽ പണമില്ല

Updated: April 17, 2018, 11:10 PM IST
മുംബൈ: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ എടിഎമ്മുകളിൽ പണക്ഷാമം. ഡൽഹി, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, ബീഹാർ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പണക്ഷാമം രൂക്ഷം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എടിഎമ്മുകൾക്ക് മുന്നിൽ നീണ്ട ക്യൂ ദൃശ്യമായി തുടങ്ങി. ഗുജറാത്തിൽ പണക്ഷാമം രൂക്ഷമാണ്. എടിഎമ്മുകളെല്ലാം അടഞ്ഞുകിടക്കുന്നു. ഡൽഹി, ഹൈദരാബാദ്, വാരണാസി തുടങ്ങിയ നഗരങ്ങളിലെ എടിഎമ്മുകൾ മിക്കതും കാലിയാണ്. ചില എടിഎമ്മുകളിൽ 500 രൂപ നോട്ടുകൾ മാത്രമാണ് ലഭ്യമാകുന്നത്. നോട്ട് നിരോധന കാലത്തെ ഓർമപ്പെടുത്തുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കേരളത്തിൽ പലയിടത്തും എടിഎമ്മുകളിൽ നിന്ന് പണം കിട്ടുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്.

അതേസമയം പണക്ഷാമം ചില പ്രദേശങ്ങളിൽ മാത്രമാണെന്നും ആവശ്യത്തിലധികം പണം ബാങ്കുകളിലുണ്ടെന്നും കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി ട്വീറ്റ് ചെയ്തു. ചിലയിടങ്ങളിൽ അസാധാരണമായി പണം പിൻവലിച്ചിട്ടുണ്ട്. സ്ഥിതിഗതികളിൽ ആശങ്ക വേണ്ടെന്നും മൂന്നു ദിവസത്തിനുള്ളിൽ നോട്ടുക്ഷാമം പരിഹരിക്കുമെന്നും അരുൺ ജയ്റ്റ്ലി പ്രതികരിച്ചു.



മൂന്ന് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്രധനസഹമന്ത്രി എസ് പി ശുക്ല പ്രതികരിച്ചു. പ്രശ്നം പരിഹരിക്കുന്നതിനായി റിസർവ് ബാങ്കിന്‍റെ നേതൃത്വത്തിൽ ഇടപെടൽ തുടങ്ങിക്കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി സംസ്ഥാനതലത്തിലും റിസർവ് ബാങ്കിന്റെ നേതൃത്വത്തിലും കമ്മിറ്റികൾ രൂപീകരിച്ചു. ചില സംസ്ഥാനങ്ങളിൽ കൂടുതലും ചിലയിടത്ത് കുറവും പണമുള്ളതാണ് കാരണമെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. ഇപ്പോഴത്തെ സ്ഥിതിഗതികൾ വിലയിരുത്തി ഉടൻ റിപ്പോർട്ട് നൽകാൻ കേന്ദ്രം ആവശ്യപ്പെട്ടു.

നോട്ടു ക്ഷാമത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. 2016 നവംബറിൽ രാജ്യത്ത് നോട്ടുക്ഷാമം നേരിട്ടു. ഇപ്പോഴും അതേ അവസ്ഥയാണ്. ബിജെപിയുടെ കൈവശം മാത്രമാണ് പണമുള്ളത്. ജനങ്ങൾ പണമില്ലാതെ വലയുന്നു- ട്വിറ്ററിൽ യെച്ചൂരി എഴുതി.


അതിനിടെ രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ അപ്രത്യക്ഷമായതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാൻ ആരോപിച്ചു. കർഷക സമ്മേളനത്തിലാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത്. നോട്ടുനിരോധനത്തിന് മുമ്പ് 15 ലക്ഷം കോടി നോട്ടുകളാണ് ഉണ്ടായിരുന്നത്. അതിനുശേഷം ഇത് 16.5 ലക്ഷം കോടിയായി ഉയർന്നെങ്കിലും ഇപ്പോൾ 2000 രൂപയുടെ നോട്ട് കാണാനില്ലെന്നും ശിവരാജ് സിങ് ചൌഹാൻ പറഞ്ഞു.

First published: April 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍