HOME » NEWS » Money » AUTO ELON MUSK PROMISES 10000 JOBS AT TESLA COLLEGE DEGREE NOT REQUIRED AA

ഡിഗ്രി വേണ്ട, ടെസ്ലയിൽ 10,000 പേ‍ർക്ക് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് ഇലോൺ മസ്‌ക്

ഹൈസ്കൂൾ കഴിഞ്ഞാലുടൻ വിദ്യാർത്ഥികൾക്ക് പ്ലാന്റിൽ ജോലിക്ക് അപേക്ഷിക്കാം.

News18 Malayalam | news18-malayalam
Updated: April 2, 2021, 6:05 PM IST
ഡിഗ്രി വേണ്ട, ടെസ്ലയിൽ 10,000 പേ‍ർക്ക് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് ഇലോൺ മസ്‌ക്
Tesla
  • Share this:
ടെസ്ലയിൽ 10000 പേ‍ർക്ക് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് സിഇഒ ഇലോൺ മസ്‌ക്. ഓസ്റ്റിനടുത്ത് നിർമിക്കുന്ന ടെസ്‌ല നിർമാണ പ്ലാന്റിൽ 2022 ഓടെ പതിനായിരത്തിലധികം പേരെ നിയമിക്കുമെന്നാണ് ഇലോൺ മസ്‌ക് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. ഈ ജോലിയ്ക്ക് കോളേജ് ബിരുദം ആവശ്യമില്ലെന്നും മസ്ക് അറിയിച്ചിട്ടുണ്ട്. ഹൈസ്കൂൾ കഴിഞ്ഞാലുടൻ വിദ്യാർത്ഥികൾക്ക് പ്ലാന്റിൽ ജോലിക്ക് അപേക്ഷിക്കാം. കമ്പനിയുടെ ഏറ്റവും പുതിയ ഉൽ‌പാദന കേന്ദ്രത്തിൽ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം നടന്നു കൊണ്ടിരിക്കുകയാണെന്ന് മസ്ക് നേരത്തെ അറിയിച്ചിരുന്നു.

മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, ടെസ്‌ല 10,000 തൊഴിലാളികളെ നിയമിക്കുമെങ്കിൽ കമ്പനി നേരത്തെ വാഗ്ദാനം ചെയ്ത 5000 തൊഴിലാളികൾ എന്നതിന്റെ ഇരട്ടി നിയമനമാകും നടക്കുക.

Also Read ഏപ്രിൽ ഫൂൾ ദിനത്തിൽ സുഹൃത്തുക്കളെ പറ്റിക്കാൻ തൂങ്ങിമരണം അഭിനയിച്ചു; പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

പുതിയ ഗിഗാ ടെക്സസിൽ ചേരുന്നതിന്റെ നേട്ടങ്ങളും മസ്ക് തന്റെ ട്വീറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് അഞ്ച് മിനിറ്റ് ദൂരം, ഡൗൺ‌ടൗണിൽ നിന്ന് 15 മിനിറ്റ്, കൊളറാഡോ നദിയുടെ വലതു ഭാഗത്താണ് ഈ ജോബ് സൈറ്റ് സ്ഥിതി ചെയ്യുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ കൂടുതൽ വിവരങ്ങൾ ട്വീറ്റിലൂടെ മസ്‌ക് പങ്കു വച്ചിട്ടില്ല.

Also Read ഇന്‍ഡോ-പസഫിക് പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ച് ചര്‍ച്ച: ഇന്ത്യ, ഫ്രാന്‍സ്, ഓസ്‌ല്രേിയ രാജ്യങ്ങള്‍ ത്രിരാഷ്ട്ര യോഗം ചേരും

ഓസ്റ്റിൻ കമ്മ്യൂണിറ്റി കോളേജ്, ഹ്യൂസ്റ്റൺ-ടില്ലോട്‌സൺ യൂണിവേഴ്‌സിറ്റി, ടെക്‌സാസ് യൂണിവേഴ്‌സിറ്റി, ഡെൽ വാലെ ഇൻഡിപെൻഡന്റ് സ്‌കൂൾ ഡിസ്ട്രിക്റ്റ് എന്നിവയുമായി കമ്പനി ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ റിക്രൂട്ടിംഗ് മാനേജർമാരിൽ ഒരാളായ ക്രിസ് റെയ്‌ലി പറഞ്ഞു. ഹൈസ്കൂൾ ബിരുദം നേടി വിദ്യാഭ്യാസം തുടരുന്നതിനിടയിൽ ടെസ്‌ലയിൽ കരിയർ ആരംഭിക്കാനാകുമെന്നും തുടക്കക്കാ‍‍ർക്ക് നിരവധി അവസരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൈസ്കൂളുകൾ, കോളേജുകൾ, തൊഴിൽ പരിശീലന ഏജൻസികൾ, ട്രേഡ് ഗ്രൂപ്പുകൾ എന്നിവയുമായി പങ്കാളിത്തം ഉണ്ടാക്കുന്നതിനുള്ള സാധ്യതകൾ ഉൾപ്പെടെ മേഖലയിലെ മികച്ച ഉദ്യോഗാ‍ർത്ഥികളെ തിരഞ്ഞെടുക്കുകയാണ് ടെസ്‌ലയുടെ ലക്ഷ്യം. ടെസ്‌ലയുടെ ഓസ്റ്റിൻ പ്ലാന്റിൽ നി‍ർമ്മിക്കാനിരിക്കുന്നത് ഇലക്ട്രിക് സൈബർ ട്രക്കും മോഡൽ വൈ ക്രോസ്സോവറുകളുമായിരിക്കുമെന്നാണ് വിവരം.

ലോകത്തെ പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയിലും പുതിയ യൂണിറ്റിന് തുടക്കം കുറിച്ചിരുന്നു. ഇന്ത്യയിൽ ആർഡി യൂണിറ്റും നിർമ്മാണ പ്ലാന്റും സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് ബെംഗളൂരുവിൽ പുതിയ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ പുതിയ ഓഫീസും കമ്പനി രജിസ്റ്റർ ചെയ്തു.

മൂന്ന് ഡയറക്ടർമാരോടെ ബെംഗളൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്തതായാണ് വിവരം. ടെസ്ലയുടെ സീനിയർ ഡയറക്ടർ ഡേവിഡ് ജോൺ ഫെയ്ൻസ്‌റ്റൈൻ, ചീഫ് അക്കൗണ്ടിംഗ് ഓഫീസർ വൈഭവ് തനേജ, ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സംരംഭകനായ വെങ്കിട്ടറങ്കം ശ്രീറാം എന്നിവരാണ് ടെസ്ലയുടെ ഇന്ത്യൻ യൂണിറ്റിലെ ബോർഡ് അംഗങ്ങൾ. കർണാടകയും മഹാരാഷ്ട്രയും ടെസ്ലയുടെ നിർമാണ യൂണിറ്റ് ലഭിക്കുന്നതിനായി ശ്രമിച്ചുവരികയായിരുന്നു. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി ടെസ്ല അധികൃതർ ചർച്ചകൾ നടത്തിയിരുന്നു. 2021ൽ ടെസ്ല ഇന്ത്യയിൽ കാർ വിൽപ്പന ആരംഭിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു.
First published: April 2, 2021, 6:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories