മഹീന്ദ്രയുടെ ജാവ മടങ്ങിയെത്തിയപ്പോൾ ആരാധകരുടെ വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്. രണ്ടാംവരവിൽ ലഭിച്ച സ്വീകരണം ബുക്കിങ്ങിലും പ്രകടമായിരുന്നു. പ്രീമിയം മോട്ടോർ സൈക്കിൾ ബ്രാന്റിൽ ക്ലാസിക്ക് ലെജെന്റ്സ് എന്ന ശ്രേണിയിലാണ് ജാവ അവതരിപ്പിച്ചിരിക്കുന്നത്.
നവംബർ 15നാണ് ജാവയുടെ മടങ്ങി വരവ് കമ്പനി പ്രഖ്യാപിക്കുന്നത്. അന്നു തന്നെ ബുക്കിങ്ങും തുടങ്ങി. ഡീലർഷിപ്പുകൾ ആരംഭിച്ചിട്ടില്ലാത്തതിനാൽ കമ്പനി സൈറ്റു വഴി ഓൺലൈനായി മാത്രമേ ബുക്കിംങ് സാധ്യമായിരുന്നുള്ളു. എന്നാൽ ഡൽഹിയിലും പൂനെയിലും ബാംഗലൂരുമെല്ലാം ജാവ ഡീലർഷിപ്പ് ആരംഭിച്ച് കഴിഞ്ഞു. മാർച്ചിൽ രാജ്യത്താകെ നൂറോളം ഡീലർമാരുണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഇപ്പോൾ ബുക്ക് ചെയ്താൽ 2019 സെപ്റ്റ്ംബറിനു ശേഷം മാത്രമേ വണ്ടി ലഭിക്കുകയുള്ളു. ഇതുവരെ ആകെ ബൈക്ക് ബുക്ക് ചെയ്തവരുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 7500 ബൈക്കുകളാണ് പ്രതിമാസം വിറ്റഴിക്കാൻ ലക്ഷ്യമിടുന്നത്. 5,000 രൂപയാണ് ബുക്കിങ്ങിന് അഡ്വാൻസ് ഈടാക്കുക. റദ്ദാക്കിയാൽ പണം മടക്കി നൽകുമെന്നും വാഗ്ദാനമുണ്ട്.
എന്നാൽ ഇതൊന്നും നിലവിലെ എതിരാളികളായ റോയൽ എൻഫീൽഡിനെ കടത്തിവെട്ടാൻ കഴിയുന്നതല്ല. കാരണം ഏകദേശം 75000 ബൈക്കുകളാണ് എൻഫീൽഡ് പ്രതിമാസം വിറ്റഴിക്കുന്നത്. അതായത് പത്ത് മടങ്ങിലധികം കുറവാണ് ജാവയുടെ ബുക്കിംങ്. എന്നാൽ വരും വർഷങ്ങളിൽ കൂടുതൽ വിൽപ്പന നടത്താനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ ജാവയും ഫോർട്ടി ടുവുമാണു വിൽപ്പനയ്ക്കെത്തുക. ഫോർട്ടി ടുവിന് 1.55 ലക്ഷം രൂപയും റോഡ്സ്റ്ററിന് 1.64 ലക്ഷം രൂപയുമാണു എക്സ് ഷോറൂം വില.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.