നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ദേശീയ റെക്കോർഡിട്ട് മലയാളി; 1.2 കോടിയുടെ കാറിന്റെ നമ്പറിന് മുടക്കിയത് 31 ലക്ഷം

  ദേശീയ റെക്കോർഡിട്ട് മലയാളി; 1.2 കോടിയുടെ കാറിന്റെ നമ്പറിന് മുടക്കിയത് 31 ലക്ഷം

  പുതുതായി വാങ്ങിയ 1.20 കോടി വിലയുള്ള പോർഷേ -718 ബോക്സ്റ്റർ കാറിന് 31 ലക്ഷം ചെലവിട്ടാണ് KL-01 CK 01 എന്ന നമ്പർ സ്വന്തമാക്കിയത്

  • News18
  • Last Updated :
  • Share this:
   # മീരാമനു

   തിരുവനന്തപുരം: ഫാൻസി നമ്പറുകൾ സ്വന്തമാക്കുന്നതിനോട് മലയാളി വ്യവസായി കെ എസ് ബാലഗോപാലിനുള്ള കമ്പത്തിന് കുറവില്ല. ഏറ്റവും പുതുതായി വാങ്ങിയ കാറിന് അദ്ദേഹം ഇഷ്ട നമ്പർ സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്കാണ്. പുതുതായി വാങ്ങിയ 1.20 കോടി വിലയുള്ള പോർഷേ -718 ബോക്സ്റ്റർ കാറിന് 31 ലക്ഷം ചെലവിട്ടാണ് KL-01 CK 01 എന്ന നമ്പർ അദ്ദേഹം സ്വന്തമാക്കിയത്. ഛണ്ഡീഗഡ് സ്വദേശിയായ അമർജിത് സിംഗിന്റെ 2012ലെ റെക്കോർഡാണ് ബാലഗോപാൽ പഴങ്കഥയാക്കിയത്. അന്ന് ലക്ഷ്വറി സെഡാന് ഒരക്ക നമ്പര്‍ (0001) സ്വന്തമാക്കാൻ അമർജിത് ചെലവിട്ടത് 26.5 ലക്ഷമായിരുന്നു.

   തിരുവനന്തപുരം ആസ്ഥാനമായ ദേവി ഫാര്‍മയുടെ എംഡ‍ിയായ കെ എസ് ബാലഗോപാൽ വാർത്തകളിൽ ഇടംനേടുന്നത് ഇതാദ്യമായല്ല. കാറുകൾ, മൊബൈൽ നമ്പറുകൾ, ഡെലിവറി വാനുകൾ എന്നുതുടങ്ങി എല്ലാത്തിനും ഫാൻസി നമ്പർ സ്വന്തമാക്കുക എന്നത് അദ്ദേഹത്തിന്റെ ശീലമായി മാറി കഴിഞ്ഞു. 2004ൽ ആദ്യമായാണ് അന്ന് പുതിയതായി വാങ്ങിയ മെർസിഡസ് ബെൻസിന് KL 01- AK 01 എന്ന നമ്പർ ലേലത്തിൽ പിടിക്കാൻ 3.05 ലക്ഷം രൂപയാണ് അദ്ദേഹം ചെലവിട്ടത്.

   'കാറുകളുടെ ഇഷ്ട നമ്പർ ലേലത്തിൽ സ്വന്തമാക്കുക എന്നത് തുടങ്ങിവച്ചത് ഞാനാണ്. പിന്നീട് മറ്റുള്ളവരും ലേലത്തിൽ പങ്കാളികളായതോടെ റീജിണൽ ട്രാൻസ്പോർട്ട് ഓഫീസുകൾക്ക് ഇത് അധികവരുമാനമായി. ഇത്തവണ രണ്ട് ശക്തരായ മത്സരാർത്ഥികൾ ഈ നമ്പറിനായി രംഗത്തുണ്ടായിരുന്നു. ആദ്യമായി 2004ൽ കാർ സ്വന്തമാക്കിയത് റെക്കോർഡ‍് തുകയ്ക്കായിരുന്നു. രണ്ടാമത്തെ തവണ റെക്കോർഡിട്ടത് 2017ലായിരുന്നു. അന്ന് ടൊയോട്ട ലാൻഡ് ക്രൂയിസറിന് KL 01 CB 1 എന്ന നമ്പരാണ് സ്വന്തമാക്കിയത്. ഒറ്റനോട്ടത്തിൽ ആരും ഈനമ്പർ CBI എന്നാകും വായിക്കുക' ബാലഗോപാൽ ന്യൂസ് 18 മലയാളത്തോട് പറഞ്ഞു.

   കാറുകളുടെ കാര്യത്തിൽ മാത്രമല്ല, മൊബൈൽ ഫോൺ നമ്പറുകളുടെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ. 11111 മുതൽ 99999 വരെ നമ്പറുകൾ കാശുമുടക്കി സ്വന്തമാക്കി. ‌‌‌'സംസ്ഥാനത്ത് ആദ്യമായി ബിപിഎല്ലും എസ്കോട്ടെലും മൊബൈൽ സേവനം ആരംഭിച്ചപ്പോൾ തന്നെ 98460ൽ തുടങ്ങുന്ന ഫാൻസി നമ്പർ സ്വന്തമാക്കിയിരുന്നു. പിന്നീട് ബിഎസ്എൻഎൽ വന്നപ്പോഴും നമ്പറുകൾ ലേലത്തിൽ സ്വന്തമാക്കി' -ബാലഗോപാൽ കൂട്ടിച്ചേർത്തു.
   First published:
   )}