ന്യൂഡൽഹി: അക്കൗണ്ട് ഉടമയുടെ പിഴവുമൂലമല്ല പണം നഷ്ടപ്പെടുന്നതെങ്കിൽ ഉത്തരവാദിത്തം ബാങ്കിനു തന്നെയെന്നു ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. മഹാരാഷ്ട്രസ്വദേശിയായ ജെസ്ന ജോസിന് അനുകൂലമായി ജില്ലാ, സംസ്ഥാന ഫോറങ്ങൾ നൽകിയ ഉത്തരവിനെതിരെ എച്ച്ഡിഎഫ്സി ബാങ്ക് നൽകിയ ഹർജി ദേശീയ ഫോറം തള്ളി.
പ്രവാസിയായ അക്കൗണ്ടിൽനിന്നും പണം പിൻവലിക്കപ്പെട്ടതിനു ബാങ്ക് നടപടിയെടുക്കാത്തതിനെതിരെയാണ് ജെസ്ന പിതാവു മുഖേന ജില്ലാ ഫോറത്തിൽ പരാതി നൽകിയത്. ഫോറെക്സ് കാർഡുള്ള അക്കൗണ്ടിൽ നിന്ന് 6000 യുഎസ് ഡോളർ പിൻവലിക്കപ്പെട്ടെന്നായിരുന്നു കണ്ടെത്തിയത്.
അതേസമയം കാർഡ് സുരക്ഷിതമായി വയ്ക്കാതിരുന്നതും ഇടപാടുകളെക്കുറിച്ച് എസ്എംഎസ് സന്ദേശം വേണ്ടെന്ന് അക്കൗണ്ട് ഉടമ തീരുമാനിച്ചതുമാണു പ്രശ്നത്തിനു കാരണമെന്നു ബാങ്ക് വാദിച്ചു. കാർഡ് മോഷ്ടിക്കപ്പെട്ടിരിക്കാമെന്നു ബാങ്ക് വാദിച്ചെങ്കിലും അതിനുള്ള തെളിവു ഹാജരാക്കിയില്ല. കാർഡ് ഹാക്ക് ചെയ്യപ്പെടാനോ വ്യാജകാർഡ് ഉപയോഗിച്ചിരിക്കാനോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല. കാർഡ് മോഷ്ടിക്കപ്പെട്ടെന്നു തെളിവില്ലാത്തപ്പോൾ ഉത്തരവാദിത്തം ബാങ്കിനു തന്നെയാണ്. അക്കൗണ്ട് ഉടമയുടേതല്ല പിഴവെങ്കിൽ ഉത്തരവാദിത്തം ബാങ്കിനെന്ന് റിസർവ് ബാങ്ക് 2017 ജൂലൈ 6ന്റെ സർക്കുലറിൽ വ്യക്തമാക്കിയിട്ടുമുണ്ട്– ദേശീയ ഫോറം അംഗം ജി.വിശ്വനാഥൻ ഉത്തരവിൽ വിശദീകരിച്ചു.
ബാങ്കിന്റെ വാദങ്ങൾ തള്ളിയ ജില്ലാ ഫോറം 6,110 ഡോളറിനു തുല്യമായ ഇന്ത്യൻ രൂപയും 12% പലിശയും അക്കൗണ്ട് ഉടമയ്ക്കുണ്ടായ മാനസികപ്രയാസത്തിനു 40000 രൂപയും കേസ് നടത്തിപ്പു ചെലവായി 5000 രൂപയും നൽകണമെന്നു വിധിച്ചു. ഇതിനെതിരെ ബാങ്ക് നൽകിയ അപ്പീൽ സംസ്ഥാന ഫോറം തള്ളി. ഇതിനു പിന്നാലെയാണ് ഉത്തരവിൽ ഇടപെടാൻ താൽപര്യമില്ലെന്ന് ദേശീയ ഫോറവും വ്യക്തമാക്കിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bank, Online banking fraud