• HOME
  • »
  • NEWS
  • »
  • money
  • »
  • Bank of Baroda| ബാങ്ക് ഓഫ് ബറോഡ ഭവന വായ്പ പലിശ നിരക്ക് കുറച്ചു; പുതിയ നിരക്കുകള്‍ അറിയാം

Bank of Baroda| ബാങ്ക് ഓഫ് ബറോഡ ഭവന വായ്പ പലിശ നിരക്ക് കുറച്ചു; പുതിയ നിരക്കുകള്‍ അറിയാം

പുതിയ ഭവന വായ്പകള്‍ക്കും ബാലന്‍സ് ട്രാന്‍സ്ഫറുകള്‍ക്കും അപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്കാണ് പുതിയ പലിശ നിരക്കുകള്‍ ലഭ്യമാകുക.

  • Share this:
    പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചു. പുതിയ വ്യവസ്ഥകള്‍ പ്രകാരം, ബാങ്ക് ഭവനവായ്പ പലിശ നിരക്ക് (home loan interest rate) 25 ബേസിസ് പോയിന്റ് കുറവു വരുത്തിയിട്ടുണ്ട്. ഇതോടെ വാര്‍ഷിക പലിശ നിരക്ക് 6.50 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷത്തെ പലിശ നിരക്ക് 6.75 ശതമാനമായിരുന്നു. എന്നിരുന്നാലും, ഇത് പരിമിത കാലത്തേക്ക് മാത്രമാണെന്ന് ബാങ്ക് ഓഫ് ബറോഡ (bank of baroda) പത്രക്കുറിപ്പിലൂടെ അറിയിച്ചു.

    'ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ ഭവന വായ്പകളുടെ പലിശ നിരക്ക് പ്രതിവര്‍ഷം 6.75% ല്‍ നിന്ന് 6.50% ആയി കുറച്ചതായി പ്രഖ്യാപിച്ചു. പരിമിത കാലയളവിലേക്ക് പുതിയ പ്രഖ്യാപനം. ഈ പ്രത്യേക നിരക്ക് 2022 ജൂണ്‍ 30 വരെ ബാധകമാണ്. കൂടാതെ, ഈ കാലയളവില്‍ പ്രോസസ്സിംഗ് ഫീസില്‍ 100% ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ, ബാങ്ക് ഓഫ് ബറോഡ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഭവന വായ്പകള്‍ വാഗ്ദാനം ചെയ്യുന്നത് തുടരും'', പത്രക്കുറിപ്പില്‍ പറയുന്നു.

    പുതിയ ഭവന വായ്പകള്‍ക്കും ബാലന്‍സ് ട്രാന്‍സ്ഫറുകള്‍ക്കും അപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്കാണ് പുതിയ പലിശ നിരക്കുകള്‍ ലഭ്യമാകുക. എല്ലാ ലോണ്‍ തുകകള്‍ക്കും ഈ പ്രത്യേക നിരക്ക് ലഭ്യമാണ്. എംസിഎല്‍ആര്‍ (MCLR) നിരക്കുകളില്‍ മാറ്റം വരുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ബാങ്ക് ഓഫ് ബറോഡ ഭവനവായ്പ പലിശ നിരക്ക് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം. 2022 ഏപ്രില്‍ 12 മുതലാണ് നിരക്ക് പ്രാബല്യത്തില്‍ വന്നത്. എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കുകള്‍ 0.05 ശതമാനം ആണ് ഉയരുക. ബാങ്ക് ഓഫ് ബറോഡയുടെ ഭവന വായ്പകള്‍ ആര്‍ബിഐ പോളിസി റിപ്പോ നിരക്കുമായി (RBI policy repo rate) ബന്ധിപ്പിച്ചിരിക്കുന്നു.

    '' കഴിഞ്ഞ കുറച്ച് മാസങ്ങളായി വീട് വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. വീട് വാങ്ങുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. ബാങ്ക് തങ്ങളുടെ ഭവന വായ്പകളുടെ വാര്‍ഷിക പലിശ നിരക്ക് 6.50 ശതമാനമായി കുറച്ചു. കൂടാതെ, പ്രൊസസ്സിംഗ് ഫീസുകള്‍ ഒന്നും തന്നെയില്ല'', ബാങ്ക് ഓഫ് ബറോഡ ജനറല്‍ മാനേജര്‍ എച്ച്.ടി സോളങ്കി പറഞ്ഞു.

    അതേസമയം, ബാങ്ക് ഓഫ് ബറോഡയുടെ ഭവന വായ്പ 2021 ഡിസംബര്‍ അവസാനത്തോടെ 6.57 ശതമാനം വര്‍ധിച്ച് 76,898 കോടി രൂപയായിരുന്നു. കൂടാതെ, മൊത്ത റീട്ടെയില്‍ ലോണ്‍ പോര്‍ട്ട്‌ഫോളിയോ 11.13 ശതമാനം വര്‍ധിച്ച് 1,28,960 കോടി രൂപയായി.

    ബാങ്ക് ഓഫ് ബറോഡ ഫെബ്രുവരി 1 മുതല്‍ അതിന്റെ ചെക്ക് പേയ്‌മെന്റ് സംവിധാനത്തില്‍ മാറ്റങ്ങള്‍ നടപ്പിലാക്കിയിരുന്നു. ''ഗുണഭോക്താക്കള്‍ക്ക് നല്‍കിയ ചെക്കുകളെ സംബന്ധിച്ച് ഞങ്ങള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കാന്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നു. അതിലൂടെ, സിടിഎസ് ക്ലിയറിങ് മുഖേന പണമടയ്ക്കുന്ന സമയത്ത് (കൗണ്ടറിലും ഇത് ബാധകമാണ്) നിങ്ങളുടെ ബേസ് ബ്രാഞ്ച് വഴി വീണ്ടും സ്ഥിരീകരണമൊന്നും നടത്താതെ തന്നെ ഉയര്‍ന്ന മൂല്യമുള്ള ചെക്കുകള്‍ പാസാക്കാനാകും,'' പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
    Published by:Jayashankar Av
    First published: