ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് എൽഐസി. ടേം ഇൻഷുറൻസ്, എൻഡോവ്‌മെന്റ് പ്ലാനുകൾ, മണി-ബാക്ക് പോളിസികൾ, ഹോൾ ലൈഫ് പ്ലാനുകൾ, യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ (യുലിപ്പുകൾ) എന്നിവയുൾപ്പെടെ വ്യക്തികളുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എൽഐസി വിവിധ ഇൻഷുറൻസ് പോളിസികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ചൈൽഡ് പ്ലാനുകൾ, റിട്ടയർമെന്റ് പ്ലാനുകൾ, ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമുകൾ തുടങ്ങിയ പ്രത്യേക പ്ലാനുകളും ഉണ്ട്. ഇന്ന് നമ്മൾ പരിശോധിക്കുന്നത് എൽഐസിയുടെ ധൻ രേഖാ (Dhan Rekha) പോളിസിയെക്കുറിച്ചുള്ള വിശദാംശങ്ങളാണ്.
എൽഐസി ധൻ രേഖാ ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ലൈഫ് ഇൻഷുറൻസ് എല്ലാം ചേർന്ന ഒരു സംയുക്ത പ്ലാൻ ആണ്. പരിരക്ഷയുടെയും സമ്പാദ്യത്തിന്റെയും സംയോജനമാണ് ഈ പ്ലാൻ എന്ന് വേണമെങ്കിൽ പറയാം. പോളിസി കാലയളവിൽ നിർഭാഗ്യവശാൽ പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബത്തിന് ഈ പ്ലാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നു.
ഈ സ്‌കീമിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ എൽഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് സ്കീമുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വായിക്കുകയും പോളിസിയെക്കുറിച്ച് വ്യക്തവും പൂർണവുമായ ധാരണ കിട്ടാൻ വിദഗ്ദ്ധോപദേശം തേടുകയും വേണം.
സിംഗിൾ പ്രീമിയമായോ ലിമിറ്റഡ് പ്രീമിയമായോ 10 വർഷം, 15 വർഷം, 20 വർഷം എന്നീ കാലയളവുകളിലേയ്ക്ക് എൽഐസിയുടെ ധൻ രേഖാ പോളിസി ലഭ്യമാണ്. ഇതോടൊപ്പം ഈ പോളിസിയിൽ സ്ത്രീകൾക്ക് പ്രത്യേക പ്രീമിയം നിരക്കുകളും നിശ്ചയിച്ചിട്ടുണ്ട്. സ്ത്രീകളുടെ പേരിലാണ് പോളിസി എടുക്കുന്നതെങ്കിൽ പ്രീമിയം നിരക്കുകൾ കുറവായിരിക്കും.
ഈ പ്ലാനിന് കീഴിൽ ഇൻഷുറൻസ് തുകയുടെ ഒരു ശതമാനം സർവൈവൽ ബെനിഫിറ്റ് എന്ന നിലയ്ക്ക് പോളിസി ടേമിന്റെ പകുതി കാലയളവ് മുതൽ കൃത്യമായ ഇടവേളകളിൽ പോളിസി ഉടമയ്ക്ക് ലഭിക്കും.
മരണാനന്തര ആനുകൂല്യം
സിംഗിൾ പ്രീമിയത്തിന് മരണാനന്തര ആനുകൂല്യം എന്നത് ഇൻഷുറൻസ് തുകയുടെ 125% ഉം ലിമിറ്റഡ് പ്രീമിയത്തിന് ഇൻഷുറൻസ് തുകയുടെ 125% അല്ലെങ്കിൽ വാർഷിക പ്രീമിയത്തിന്റെ 7 മടങ്ങ് ഏതാണോ കൂടുതൽ അത്. ഈ തുക മരണപെട്ട തീയതി വരെ അടച്ച എല്ലാ പ്രീമിയങ്ങളുടെയും 105% ൽ കുറവായിരിക്കുകയുമരുത്.
മെച്യൂരിറ്റി ബെനിഫിറ്റ്
പോളിസി ടേമിന്റെ കാലയളവ് പൂർത്തിയായി കഴിഞ്ഞാൽ മെച്യുരിറ്റി തുക പൂർണമായും പോളിസി ഉടമയ്ക്ക് ലഭിക്കും.
അതിജീവന ആനുകൂല്യം
ഓരോ നിർദ്ദിഷ്ട കാലയളവുകളുടെയും അവസാനം വരെ പോളിസി നിലനിൽക്കുന്ന പക്ഷം ഇൻഷുറൻസ് തുകയുടെ ഒരു ശതമാനം താഴെ വിവരിച്ചിരിക്കുന്ന തരത്തിൽ നൽകേണ്ടതാണ്:
20 വർഷം കാലയളവുള്ള ഒരു പോളിസിക്ക് 10 വർഷം പൂർത്തിയാകുമ്പോഴും 15 വർഷം പൂർത്തിയാകുമ്പോഴും പോളിസി തുകയുടെ 10% ലഭിക്കും.
30 വർഷം കാലയളവുള്ള ഒരു പോളിസിക്ക് 15 വർഷം പൂർത്തിയാകുമ്പോഴും 20 വർഷം പൂർത്തിയാകുമ്പോഴും 25 വർഷം പൂർത്തിയാകുമ്പോഴും പോളിസി തുകയുടെ 15% ലഭിക്കും.
40 വർഷം കാലയളവുള്ള ഒരു പോളിസിക്ക് 20 വർഷം പൂർത്തിയാകുമ്പോഴും 25 വർഷം പൂർത്തിയാകുമ്പോഴും 30 വർഷം പൂർത്തിയാകുമ്പോഴും 35 വർഷം പൂർത്തിയാകുമ്പോഴും പോളിസി തുകയുടെ 20% ലഭിക്കും.
ഉറപ്പുള്ള മറ്റാനുകൂല്യങ്ങൾ
കൂടാതെ പ്രീമിയം മുടക്കമില്ലാതെ അടച്ചാൽ ആറാം വർഷം മുതൽ പോളിസി കാലയളവ് അവസാനിക്കും വരെ ഉറപ്പുള്ള മറ്റ് ആനുകൂല്യങ്ങൾ കൂടി പോളിസി തുകയോടൊപ്പം കൂട്ടിച്ചേർക്കപെടും.
വായ്പ:
ഒറ്റത്തവണ പ്രീമിയം ആണെങ്കിൽ പോളിസി പൂർത്തിയായി മൂന്ന് മാസത്തിന് ശേഷം പോളിസി കാലയളവിൽ ഏത് സമയത്തും ലോൺ ലഭ്യമാകും.
ലിമിറ്റഡ് പ്രീമിയം ആണെങ്കിൽ കുറഞ്ഞത് രണ്ട് വർഷം മുഴുവൻ പ്രീമിയവും അടച്ചതിന് ശേഷം മാത്രമേ ലോൺ ലഭ്യമാകൂ.
എൽഐസി ധൻരേഖാ പ്ലാൻ ഏജന്റ്, മറ്റ് ഇടനിലക്കാർ എന്നിവർ വഴി ഓഫ്‌ലൈനായും www.licindia.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായും വാങ്ങാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.