ഒരു ചെറുകിട വ്യാപാരം ആരംഭിക്കാനുള്ള ഏറ്റവും വലിയ കടമ്പ മൂലധനം കണ്ടെത്തുക എന്നതാണ്. ചെറുതായാലും വലുതായാലും ഒരു തുക ഒരുമിച്ച് എടുക്കാൻ സാധാരണക്കാർക്ക് ശേഷിയുണ്ടാവില്ല. ബാങ്കുകളിൽ വായ്പയ്ക്ക് പോയാൽ ഈട് നൽകാതെ വായ്പ കിട്ടില്ല. എന്നാൽ എട്ട് വർഷം മുൻപ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രധാനമന്ത്രി മുദ്ര യോജന പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം ഈടില്ലാതെ തന്നെ നിബന്ധനകൾക്ക് വിധേയമായി വായ്പ ലഭിക്കും എന്നതാണ്. ഇന്ന് മുദ്ര യോജനയ്ക്ക് കീഴിൽ 40.82 കോടിയിലധികം ഗുണഭോക്താക്കൾക്ക് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചേർന്ന് 23.20 ലക്ഷം കോടി രൂപയുടെ വായ്പ നൽകിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നു.
കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, സൂക്ഷ്മ സംരംഭകർക്ക് 10 ലക്ഷം രൂപ വരെ ഈട് രഹിത മൈക്രോ ക്രെഡിറ്റ് ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ഏപ്രിൽ 8നായിരുന്നു പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) പദ്ധതി ആരംഭിച്ചത്.
“സൂക്ഷ്മ സംരംഭങ്ങൾക്ക് വായ്പകൾ തടസ്സരഹിതമായും എളുപ്പത്തിലും ലഭിക്കാൻ ഈ പദ്ധതി സഹായകമായി. ഇതോടെ ധാരാളം യുവ സംരംഭകർ പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും നിലവിലുള്ളത് വിപുലീകരിക്കുകയും ചെയ്തതായി പദ്ധതിയുടെ എട്ടാം വാർഷികത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
“ആഭ്യന്തര എംഎസ്എംഇകൾ ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും തദ്ദേശീയ ഉൽപ്പാദനം വർധിപ്പിക്കുന്നതിനും കാരണമായതിനാൽ എംഎസ്എംഇകളുടെ വളർച്ച ‘മേക്ക് ഇൻ ഇന്ത്യ’ പ്രോഗ്രാമിന് വൻതോതിൽ സംഭാവന നൽകി. പിഎംഎംവൈ സ്കീം താഴെത്തട്ടിൽ വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചു, കൂടാതെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഒരു ഗെയിം ചേഞ്ചർ ആണെന്നും തെളിയിക്കപ്പെട്ടു.” ധനമന്ത്രി പറഞ്ഞു.
സ്‌കീമിന് കീഴിലുള്ള അക്കൗണ്ടുകളിൽ 68% വനിതാ സംരംഭകരുടേതാണ്. 51% അക്കൗണ്ടുകൾ എസ്‌സി/എസ്ടി, ഒബിസി വിഭാഗങ്ങളിലെ സംരംഭകരുടേതാണ്. രാജ്യത്തെ വളർന്നു വരുന്ന സംരംഭകർക്ക് വായ്പയുടെ അനായാസ ലഭ്യത, പ്രതിശീർഷ വരുമാനത്തിൽ സുസ്ഥിരമായ വർദ്ധനവ് എന്നിവയ്ക്ക് പദ്ധതി കാരണമായെന്ന് ഇത് തെളിയിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തെ സൂക്ഷ്മസംരംഭങ്ങൾക്ക് തടസ്സങ്ങളില്ലാതെയും ഈടില്ലാതെയും വായ്പ നൽകാനാണ് പിഎംഎംവൈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കെ. കരാഡ് പറഞ്ഞു.
ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്. മൂന്ന് വിഭാഗങ്ങളിലായാണ് വായ്പകൾ നൽകുന്നത്. ഒന്ന് ശിശു എന്ന വിഭാഗം (50,000 രൂപ വരെ), രണ്ടാമത്തേത് കിഷോർ വിഭാഗം (50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ), മൂന്നാമത്തെ വിഭാഗം തരുൺ (10 ലക്ഷം രൂപ) വരെ ഈട് രഹിത വായ്പ നൽകാനാണ് സർക്കാർ ബാങ്കുകളോട് ആവശ്യപ്പെടുന്നത്.
നിലവിൽ മൊത്തം വായ്പയുടെ 83% ശിശുവിലും 15% കിഷോറിലും ബാക്കി 2% തരുൺ വിഭാഗത്തിലുമായാണ് നൽകിയിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.