• HOME
  • »
  • NEWS
  • »
  • money
  • »
  • Budget 2022 | 21% പരോക്ഷ നികുതി യുക്തിരഹിതം; അത് സിവില്‍ വ്യോമയാന വ്യവസായത്തിന്റെ തളർച്ചയ്ക്ക് കാരണമാകും: IndiGo CEO

Budget 2022 | 21% പരോക്ഷ നികുതി യുക്തിരഹിതം; അത് സിവില്‍ വ്യോമയാന വ്യവസായത്തിന്റെ തളർച്ചയ്ക്ക് കാരണമാകും: IndiGo CEO

സിവില്‍ വ്യോമയാന മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പരോക്ഷ നികുതികള്‍ ഈ വ്യവസായത്തെ തകര്‍ച്ചയിലാക്കുമെന്ന് ഇന്‍ഡിഗോ സിഇഒ.

  • Share this:
    സിവില്‍ വ്യോമയാന മേഖലയില്‍ (Civil Aviation Sector) ഏര്‍പ്പെടുത്തിയിരിക്കുന്ന പരോക്ഷ നികുതികള്‍ (Indirect Taxes) ഈ വ്യവസായത്തെ തകര്‍ച്ചയിലാക്കുമെന്ന് ഇന്‍ഡിഗോ (IndiGo) സിഇഒ റോണോജോയ് ദത്ത. രാജ്യത്ത് സിവില്‍ വ്യോമയാന വ്യവസായത്തിന് അതിന്റെ വരുമാനത്തിന്റെ 21 ശതമാനം പരോക്ഷ നികുതിയായി അടയ്‌ക്കേണ്ടി വരുന്നുണ്ട്. യുക്തിരഹിതമായ ഈ നിര്‍ദ്ദേശം വ്യോമയാന മേഖലയെ തളര്‍ച്ചയിലേക്ക് നയിക്കുമെന്ന് ഇന്‍ഡിഗോയുടെ സിഇഒ അഭിപ്രായപ്പെട്ടു. ഇന്ധനത്തിന് മേലുള്ള സെന്‍ട്രല്‍ എക്‌സൈസ് നികുതി നിലവിലെ 11 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറയ്ക്കണമെന്നും വിമാനങ്ങളുടെ റിപ്പയർ പാർട്സിന്റെ കസ്റ്റം തീരുവ ഒഴിവാക്കണമെന്നും ദത്ത ധനമന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു.

    ''സിവില്‍ ഏവിയേഷന്‍ മേഖല കാര്യക്ഷമമായ രീതിയിൽ അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ക്കും ഈ മേഖല നിര്‍ണായകമാണ്. എന്നിട്ടും സിവില്‍ ഏവിയേഷന്‍ ഇൻഡസ്ട്രി അതിന്റെ വരുമാനത്തിന്റെ 21 ശതമാനം സര്‍ക്കാരിന് പരോക്ഷ നികുതിയായി നല്‍കുന്നത് വളരെ കുറഞ്ഞ ഇന്‍പുട്ട് ക്രെഡിറ്റോടെയാണ്'', അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാരിന് നികുതി അടയ്ക്കുന്നതിന് വേണ്ടി മാത്രം 21 ശതമാനം മാര്‍ജിന്‍ നേടണമെന്ന് പ്രതീക്ഷിക്കുന്നത് യുക്തിരഹിതമാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനിന്റെ സിഇഒ അഭിപ്രായപ്പെട്ടു.

    ''ഈ യുക്തിരഹിതമായ നിര്‍ദ്ദേശം വ്യവസായത്തിന്റെ തളർച്ചയ്ക്ക് കാരണമാകുന്നു. ഇത് മൂലം വാണിജ്യ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും തൊഴിലവസരങ്ങൾ വര്‍ദ്ധിപ്പിക്കാനുമായി ഈ വ്യവസായത്തിന് അതിന്റെ യഥാര്‍ത്ഥ ശേഷി പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല'', അദ്ദേഹം വ്യക്തമാക്കി. കോവിഡ് 19 മഹാമാരിയുടെ മൂന്നാം തരംഗവും ഇന്ധന വിലവർധനവും കാരണം 2021-22 ല്‍ ഇന്ത്യന്‍ കാരിയറുകള്‍ക്ക് ഏകദേശം 20,000 കോടി രൂപയുടെ വന്‍ നഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ ജനുവരി 17 ന് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

    ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദത്ത ധനമന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു. ''ഇന്ധനത്തിന്മേലുള്ള സെന്‍ട്രല്‍ എക്‌സൈസ് നികുതി 11 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറയ്ക്കണം, എടിഎഫ് (ജെറ്റ് ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍) ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരണം, റിപ്പയര്‍ പാര്‍ട്‌സുകളുടെ കസ്റ്റം തീരുവ ഒഴിവാക്കണം'', ഇൻഡിഗോയുടെ സിഇഓ ആവശ്യപ്പെടുന്നു.

    നികുതികള്‍ യുക്തിസഹമാക്കുന്നത് വ്യോമയാന മേഖലയുടെ വന്‍വളര്‍ച്ചയ്ക്ക് വഴിവെക്കും. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലുടനീളം ഗുണഫലങ്ങള്‍ ഉണ്ടാക്കും. വാണിജ്യത്തിന്റെയും തൊഴിലവസരങ്ങളുടെയും ഉത്തേജനത്തിന് ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    Published by:Sarath Mohanan
    First published: