• HOME
  • »
  • NEWS
  • »
  • money
  • »
  • Budget 2022 | ക്രിപ്‌റ്റോകറൻസിയ്ക്ക് മേൽ ആദായനികുതി; നിക്ഷേപകർ കേന്ദ്രബജറ്റിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ

Budget 2022 | ക്രിപ്‌റ്റോകറൻസിയ്ക്ക് മേൽ ആദായനികുതി; നിക്ഷേപകർ കേന്ദ്രബജറ്റിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ

ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കുകയും രണ്ട് ഭാഗങ്ങളായി നടത്തുകയും ചെയ്യും

  • Share this:
    ഫെബ്രുവരി ഒന്നിന് ധനമന്ത്രി (Finance Minister) നിർമ്മല സീതാരാമൻ (Nirmala Sitharaman) ഈ വർഷത്തെ ബജറ്റ് (Budget) പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന 2022ലെ കേന്ദ്ര ബജറ്റിനായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ ജനങ്ങൾ. ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കുകയും രണ്ട് ഭാഗങ്ങളായി നടത്തുകയും ചെയ്യും. ബജറ്റ് സെഷൻ ആരംഭിക്കുന്നതിന് മുമ്പ്, ഇന്ത്യയിലുടനീളമുള്ള ബിസിനസ്സ് മേഖലകൾ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുകയും സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രഖ്യാപനങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

    ഈ വർഷം, പാർലമെന്റിൽ ക്രിപ്‌റ്റോകറൻസി (Cryptocurrency) നിയന്ത്രണ ബിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ കേന്ദ്രത്തിന്റെയും റിസർവ് ബാങ്കിന്റെയും മേൽനോട്ടത്തിലുള്ള ക്രിപ്‌റ്റോകറൻസി വ്യവസായത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

    ക്രിപ്‌റ്റോകറൻസികളെ ഒരു അസറ്റ് ക്ലാസായി പരിഗണിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ ആവശ്യപ്പെടുന്നു. 2022ലെ കേന്ദ്ര ബജറ്റിൽ അതിനായി ഒരു പുതിയ നിയമവും അവതരിപ്പിച്ചേക്കാം.

    “നിർദിഷ്ട ക്രിപ്‌റ്റോ ബില്ലിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരക്കുകയാണ് നിക്ഷേപകർ. ക്രിപ്റ്റോകറൻസി നിക്ഷേപം സംബന്ധിച്ച് വ്യക്തത നൽകുന്നതും കൂടുതൽ ഇന്ത്യക്കാരെ ക്രിപ്‌റ്റോ നിക്ഷേപം ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കുന്നതുമാകും പുതിയ പ്രഖ്യാപങ്ങൾ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ക്രിപ്‌റ്റോ-അസറ്റ് നിക്ഷേപത്തിനായുള്ള നിയന്ത്രണ ബിൽ നാല് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”ബ്ലോക്ക്‌ചെയിൻ, ക്രിപ്‌റ്റോ അസറ്റ്‌സ് കൗൺസിലിന്റെ സഹ ചെയർമാനും കോയിൻസ്വിച്ച് കുബെറിന്റെ സ്ഥാപകനും സിഇഒയുമായ ആശിഷ് സിംഗാൽ പറഞ്ഞു.

    ക്രിപ്‌റ്റോ ക്ലാസിഫിക്കേഷൻ, റെഗുലേറ്ററി ഫ്രെയിംവർക്ക്, സ്റ്റാൻഡേർഡ് കെ‌വൈ‌സി, റെഗുലേറ്റർ എന്നിങ്ങനെ പ്രധാന മേഖലകളെ നാല് വിഷയങ്ങളായി സിംഗാൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. “ക്രിപ്റ്റോയെ ഒരു അസറ്റായി കണക്കാക്കണം. മറ്റ് പല രാജ്യങ്ങളിലും ഇത് സമാനമായി നിയന്ത്രിതമാണ്" സിംഗാൾ പറഞ്ഞു.

    “വരാനിരിക്കുന്ന ബജറ്റിൽ, ക്രിപ്‌റ്റോകറൻസികളുടെ വിൽപ്പനയിലും വാങ്ങലിലും ടിഡിഎസ് (TDS) ടിസിഎസ് (TCS) എന്നിവ ഈടാക്കുന്നത് സർക്കാർ പരിഗണിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് ക്രിപ്‌റ്റോ വ്യവസായത്തിന് ഒരു വഴിത്തിരിവാകും. ക്രിപ്‌റ്റോകറൻസികൾക്ക് നികുതി ചുമത്താൻ ആദായനികുതി നിയമങ്ങൾ സർക്കാർ പരിഗണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരു നിശ്ചിത പരിധിക്ക് മുകളിൽ നികുതി ചുമത്തുമെന്നും പ്രതീക്ഷിക്കുന്നു" ബിഎസിസി അംഗവും ക്രോസ് ടവർ ഇന്ത്യയുടയെ സിഇഒയുമായ വികാസ് അഹൂജ പറഞ്ഞു.

    ടെസോസ് ഇന്ത്യയുടെ പ്രസിഡന്റ് ഓം മാളവ്യയുടെ അഭിപ്രായത്തിൽ, ക്രിപ്റ്റോ വ്യവസായം ഇപ്പോൾ വളരെയധികം ചാഞ്ചാട്ടം നേരിടുന്നുണ്ട്. “ഇന്ത്യയിൽ അതിവേഗം വളരുന്ന ക്രിപ്‌റ്റോ വ്യവസായം വളരെയധികം അനിശ്ചിതത്വത്തിലൂടെയും ചാഞ്ചാട്ടത്തിലൂടെയും കടന്നുപോകുന്ന ഈ ഒരു സമയത്ത്, വരാനിരിക്കുന്ന യൂണിയൻ ബജറ്റ് പ്രധാനമായും ക്രിപ്‌റ്റോകറൻസികളെ ഇന്ത്യയുടെ ഒരു അസറ്റ് ക്ലാസായി തരംതിരിച്ച് നിയന്ത്രണങ്ങളിൽ വ്യക്തത നൽകിക്കൊണ്ട് ഈ മേഖലയെ നിയന്ത്രിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്” അദ്ദേഹം News18.comനോട് പറഞ്ഞു.

    “കൂടാതെ, ക്രിപ്‌റ്റോകറൻസി, ബ്ലോക്ക്‌ചെയിൻ മേഖലകളിലെ നിക്ഷേപകർക്കായി സമഗ്രമായ ഒരു സ്വയം-നിയന്ത്രണ ബോഡി സ്ഥാപിക്കുന്ന കാര്യവും സർക്കാരിന് പരിഗണിക്കാവുന്നതാണ്. ഇത് സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ എന്ന കാഴ്ചപ്പാടിന്റെ സാക്ഷാത്കാരത്തിന് ഉത്തേജനം നൽകും. ക്രിപ്‌റ്റോ രാജ്യത്തിന്റെ നിലവിലുള്ള സാമ്പത്തിക, ബാങ്കിംഗ് ഘടനയ്ക്ക് ഭീഷണിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ക്രിപ്‌റ്റോകറൻസികളെ നിയന്ത്രിക്കുന്ന പുതിയ ബിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും അത് ആസൂത്രണം ചെയ്തതുപോലെ നടപ്പിലാക്കാനായില്ല. ക്രിപ്‌റ്റോകറൻസി മേഖലയെ ഇനി അവഗണിക്കാനാവില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ക്രിപ്‌റ്റോകറൻസികൾക്ക് മുമ്പ് ബാങ്കുകൾ ഏർപ്പെടുത്തിയ നിരോധനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ബജറ്റിൽ ക്രിപ്റ്റോ കറൻസി മേഖലയ്ക്ക് പുരോഗമനപരമായ ഉത്തേജനം ലഭിക്കുമെന്ന് തന്നെയുള്ള സൂചനകളാണ് ലഭിക്കുന്നത് ”മുഡ്രെക്‌സിന്റെ സിഇഒയും സഹസ്ഥാപകനുമായ എഡുൽ പട്ടേൽ പറഞ്ഞു.

    "ഉപയോഗ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ക്രിപ്‌റ്റോകറൻസികളെ തരംതിരിച്ചേക്കാമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. നികുതിയുടെ കാര്യത്തിലും ഇത് സഹായകമാകും. ഗവൺമെന്റിന്റെ നിയന്ത്രണങ്ങളോടെ ഈ മേഖലയിൽ കൂടുതൽ പുരോഗമനപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം" അദ്ദേഹം കൂട്ടിച്ചേർത്തു.

    ഡിജിറ്റൽ രൂപത്തിൽ ഒരു സെൻട്രൽ ബാങ്ക് പുറത്തിറക്കുന്ന ലീഗൽ ടെൻഡർ ആണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അഥവാ സിബിഡിസി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരത്തിലൊരു കറൻസി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സാധാരണ കറൻസിയുടേതിന് സമാനമാണ് ഡിജിറ്റൽ കറൻസിയും. അതിനാൽ, അവ തമ്മിൽ കൈമാറ്റം ചെയ്യാനും കഴിയും.

    റിസർവ് ബാങ്ക് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ സിബിഡിസിയും ക്രിപ്റ്റോകറൻസിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. "സിബിഡിസി ഒരു ഡിജിറ്റൽ അഥവാ വെർച്വൽ കറൻസിയാണ്. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കൂണുപോലെ മുളച്ചുപൊന്തിയ സ്വകാര്യ വെർച്വൽ കറൻസികളുമായി ഇതിനെ താരതമ്യപ്പെടുത്താനാവില്ല. പണത്തെക്കുറിച്ചുള്ള ചരിത്രപരമായ സങ്കൽപ്പനത്തിന്റെ വിരുദ്ധ ദിശയിലാണ് സ്വകാര്യ വെർച്വൽ കറൻസികളുടെ സ്ഥാനം. അവയ്ക്ക് ഇൻട്രിൻസിക് മൂല്യം ഇല്ലാത്തതിനാൽ അവ ചരക്കുകളോ ചരക്കുകളിന്മേലുള്ള ക്ലെയിമുകളോ അല്ല. അവ സ്വർണത്തിന് സമാനമാണെന്ന് പലരും അവകാശപ്പെടുന്നത് അവസരവാദപരമാണ്. ഒരു വ്യക്തിയുടെ ബാധ്യതകളെയോ കടത്തെയോ പ്രതിനിധീകരിക്കാൻ സ്വകാര്യ വെർച്വൽ കറൻസികൾക്ക് കഴിയില്ല", റിസർവ് ബാങ്ക് പറയുന്നു.

    ഡിജിറ്റൽ ടോക്കണുകളെക്കുറിച്ചും ഒരു കറൻസിയായി അത് അംഗീകരിച്ചിട്ടില്ലെങ്കിലും ആളുകൾ അവയോട് കാണിക്കുന്ന ഭ്രമത്തെക്കുറിച്ചും സെൻട്രൽ ബാങ്കിനുള്ള ആശങ്ക ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പല തവണ പ്രകടിപ്പിച്ചിട്ടുണ്ട്. ക്രിപ്റ്റോകറൻസികളുടെ ഉറവിടം അറിയാനും അവ നിയമവിരുദ്ധമോ ദേശവിരുദ്ധമോ ആയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനും നിയമ നിർവഹണ ഏജൻസികളെ പ്രാപ്തമാക്കുന്ന ശക്തമായ സംവിധാനം കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
    Published by:Karthika M
    First published: