• HOME
  • »
  • NEWS
  • »
  • money
  • »
  • Budget 2022 | ടൂറിസം പ്രോത്സാഹിപ്പിക്കാൻ കൂടുതൽ ട്രെയിനുകൾ; ചരക്ക് നിരക്കിൽ ഇളവ്; ബജറ്റിൽ റെയിൽവേ പ്രതീക്ഷിക്കുന്നത്

Budget 2022 | ടൂറിസം പ്രോത്സാഹിപ്പിക്കാൻ കൂടുതൽ ട്രെയിനുകൾ; ചരക്ക് നിരക്കിൽ ഇളവ്; ബജറ്റിൽ റെയിൽവേ പ്രതീക്ഷിക്കുന്നത്

ഏറ്റവും കൂടുതൽ ആവശ്യങ്ങളും നിർദ്ദേശങ്ങളും ഉയരുന്നത് 'ഇന്ത്യയുടെ ജീവനാഡി' എന്നറിയപ്പെടുന്ന റെയിൽവേ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ടാണ്.

News 18

News 18

  • Share this:
    2022ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ (Union Budget 2022) ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ വേളയിൽ കേന്ദ്ര ധനമന്ത്രി (Finance Minister) നിർമ്മല സീതാരാമന് (Nirmala Sitharaman) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി നിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ആവശ്യങ്ങളും നിർദ്ദേശങ്ങളും ഉയരുന്നത് 'ഇന്ത്യയുടെ ജീവനാഡി' എന്നറിയപ്പെടുന്ന റെയിൽവേ (Railway) മേഖലയുടെ വികസനവുമായി ബന്ധപ്പെട്ടാണ്.

    രാജ്യത്തെ ടൂറിസം (Tourism) പ്രോത്സാഹിപ്പിക്കുന്നതിനായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ പാണ്ഡുരംഗപുരത്ത് നിന്ന് തെലങ്കാനയിലെ ക്ഷേത്രനഗരമായ ഭദ്രാചലത്തിലേക്ക് റെയിൽവേ ലൈൻ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന് പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (PHDCCI) ആവശ്യപ്പെട്ടിട്ടുണ്ട്.

    2022 ലെ കേന്ദ്ര ബജറ്റിൽ റെയിൽവേയുടെ നികുതി ഘടനയിലും മാറ്റം വരുത്തണമെന്ന് പിഎച്ച്ഡിസിസിഐ ആവശ്യപ്പെടുന്നു. ബോക്‌സൈറ്റിനെ ക്ലാസ് 160 ൽ നിന്ന് 145 ലേക്കും അലുമിനയത്തിനെ ക്ലാസ് 180ൽ നിന്ന് 170 ലേക്കും പുനഃക്രമീകരിക്കണമെന്നാണ് ആവശ്യം. ഇങ്ങനെ ബോക്‌സൈറ്റിനെ റീക്ലാസിഫൈ ചെയ്യുന്നതും ചരക്ക് നിരക്കുകൾ കുറയ്‌ക്കുന്നതും റെയിവേ വഴിയുള്ള ചരക്ക് നീക്കം ഉയരാൻ കാരണമാകും. ഇത് ഇന്ത്യൻ റെയിൽവേയ്ക്ക് അധിക വരുമാനം ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്യും.

    അസംസ്കൃത വസ്തുക്കളുടെ വിതരണ ശൃംഖലയുടെയും ലോജിസ്റ്റിക് പ്രവർത്തനങ്ങളുടെയും കാര്യക്ഷമത വർധിപ്പിക്കാൻ അലുമിനിയവും അതിന്റെ അസംസ്കൃത വസ്തുക്കളും റെയിൽവേ പ്രിഫറൻഷ്യൽ ട്രാഫിക് ഓർഡറിലെ "ഡി" വിഭാഗത്തിൽ നിന്നും മാറ്റി "സി" വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ് എന്നും നിർദേശങ്ങളുണ്ട്. കൽക്കരി, കോക്ക് എന്നിവയെ ഷോർട്ട് ലീഡ് ഗുഡ്സ് ട്രാഫിക്കിലെ ചരക്ക് നിരക്കിൽ ഇളവുകളുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നും PHDCCI സർക്കാരിനോട് അഭ്യർത്ഥിച്ചു. ചെറിയ ദൂരങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന് പോലും റെയിൽവെയെ ആളുകൾ തിരഞ്ഞെടുക്കാൻ അത് കാരണമാകും.

    1400-1600 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തേക്ക് കൽക്കരി, കോക്ക്, ഇരുമ്പ്/സ്റ്റീൽ, ഇരുമ്പ് അയിര് എന്നിവ കൊണ്ട് പോകുന്നതിന് 20 ശതമാനം ഇളവ് നൽകാനും നിർദ്ദേശമുണ്ട്. 1,000-1,400 കിലോമീറ്റർ ദൂരപരിധിയിൽ കൽക്കരി, കോക്ക്, അലുമിനിയം ലോഹങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവ കൊണ്ടുപോകാൻ 15 ശതമാനം ഇളവ് നൽകാനും, 500 മുതൽ 1,000 കിലോമീറ്റർ വരെ കൽക്കരി, കോക്ക്, അലുമിനിയം ലോഹങ്ങൾ, അലുമിനിയം വ്യവസായത്തിന്റെ അസംസ്കൃത വസ്തുക്കൾ എന്നിവ കൊണ്ടുപോകാൻ 10 ശതമാനം ഇളവ് നൽകാനും, 100-500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 5 ശതമാനം ഇളവ് നൽകാനും ആവശ്യം ഉയരുന്നുണ്ട്.

    അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേയ്ക്ക് 1.1 ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് കഴിഞ്ഞ വർഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. സോളാർ പാനലുകളിൽ നിന്നാണ് ആയിരത്തിലധികം റെയിൽവേ സ്റ്റേഷനുകൾക്ക് ആവശ്യമായ ഊർജ്ജം കണ്ടെത്തുന്നത് എന്ന് റയിൽവേ വ്യക്തമാക്കിയിരുന്നു.

    ഇത്തവണത്തെ ബജറ്റിൽ ഗതാഗത മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ട് ഹൈഡ്രജൻ ഇന്ധന അധിഷ്ഠിത ട്രെയിനുകൾ പ്രോത്സാഹിപ്പിക്കാനാണ് സാധ്യത. 2030 ഓടെ കാർബൺ മലിനീകരണം പൂർണമായും ഒഴിവാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
    Published by:Karthika M
    First published: