2020ല്‍ കൊവിഡ്-19 മഹാമാരി (Covid Pandemic) പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വിദ്യാഭ്യാസ മേഖല (Education Sector) വലിയൊരു പരിവര്‍ത്തനത്തിനാണ് വിധേയമായത്. കൂണുപോലെ മുളച്ചുപൊന്തുന്ന എഡ്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ (Ed-Tech Startup), ഓണ്‍ലൈന്‍ ക്ലാസുകളിലേക്കുള്ള മാറ്റം, പുതിയ വീഡിയോ കോണ്‍ഫറന്‍സിംഗ് സാങ്കേതികവിദ്യകള്‍, ലേണിംഗ് ആപ്പുകള്‍ (Learning Apps) എന്നിവ വിദ്യാഭ്യാസ രംഗത്ത് പ്രത്യക്ഷമായി വന്ന മാറ്റങ്ങളാണ്. ആരോഗ്യ മേഖലയിൽ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിനായി കേന്ദ്രം കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ വിദ്യാഭ്യാസത്തിനുള്ള വിഹിതം 6% വെട്ടിക്കുറച്ചിരുന്നു.
എന്നാൽ, 2022ലെ ബജറ്റില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന് അനുവദിക്കുന്ന തുക ഏകദേശം 10% വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇ-ലേണിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്ന സാഹചര്യത്തിൽ, സർക്കാർ മികച്ച ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്തുകയും പുതിയ പദ്ധതികള്‍ ജനങ്ങള്‍ക്ക് പ്രാപ്യമാക്കി മാറ്റുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
''ഈ പതിറ്റാണ്ടിൽ പ്രതിവര്‍ഷം 7% വാര്‍ഷിക ജിഡിപി വളര്‍ച്ചാ നിരക്ക് കൈവരിക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ, ചെറിയ നികുതി മാറ്റങ്ങള്‍, ചെറുകിട ജനകീയ പദ്ധതികൾ എന്നിവയുടെ പ്രഖ്യാപനത്തിന്റെ ഔപചാരിക പ്രസ്താവനയായി കേന്ദ്ര ബജറ്റ് മാറുന്ന രീതി അവസാനിക്കണം'', സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവന ദാതാവായ പൈപ്പര്‍ സെറിക്കയുടെ സ്ഥാപകനും ഫണ്ട് മാനേജറുമായ അഭയ് അഗര്‍വാള്‍ പറയുന്നു. ദീര്‍ഘകാല സാമ്പത്തിക വികസനത്തിന് ഇടയാക്കുന്ന ധീരമായ ചുവടുവെപ്പുകളാണ് വേണ്ടത്. സ്വയം സുസ്ഥിരമായ ഒരു സംവിധാനം സൃഷ്ടിക്കുന്നതിനായി അടിസ്ഥാന വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷ, തൊഴിലവസരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, ഉപഭോഗം, സ്വകാര്യ മൂലധനത്തിന്റെ രൂപീകരണം, സാമ്പത്തിക വളര്‍ച്ച എന്നിവ സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ നഴ്‌സറി മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന 250 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുണ്ട്. അവരിൽ പകുതിയിലേറെ പേരും സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പഠനം നടത്തുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും അടിസ്ഥാന വിദ്യാഭ്യാസം രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കാനും സര്‍ക്കാര്‍ എഡ്-ടെക് കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. വിദ്യാര്‍ത്ഥികളിൽ വിവിധ കഴിവുകളും അറിവും വികസിപ്പിക്കുന്ന കാര്യത്തിൽ എഡ്-ടെക് സ്റ്റാർട്ടപ്പുകൾ മുന്‍ഗാമികളായി മാറിക്കഴിഞ്ഞിട്ടുണ്ട്. കോഡിംഗ് പോലുള്ള കാര്യങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കുട്ടികൾക്ക് വൈദഗ്ധ്യം നേടാൻ കഴിയുന്ന സാഹചര്യം അവർ സൃഷ്ടിച്ചിട്ടുണ്ട്.
ഇത്തരം സ്റ്റാര്‍ട്ടപ്പുകൾക്ക് ധനകാര്യം, സാങ്കേതികവിദ്യ, പ്രവേശനക്ഷമത, ദീര്‍ഘകാല നികുതി ഇളവുകള്‍ എന്നിവയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ പിന്തുണ ആവശ്യമാണ്. സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം മാത്രമാണ് ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്ത് ബഹുജന സാക്ഷരത ഉറപ്പാക്കാനുള്ള ഏക മാര്‍ഗം. ചെറിയ ചില ജനകീയ പദ്ധതികള്‍ക്കപ്പുറം ബജറ്റില്‍ ഈ സംരംഭത്തിന് അര്‍ത്ഥവത്തായ വിഹിതം ഉണ്ടായിരിക്കണം. ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ നല്‍കുന്ന വിദ്യാഭ്യാസത്തിന്റെ ചരക്ക് സേവന നികുതി (ജിഎസ്ടി) നീക്കം ചെയ്യുന്നത് സര്‍ക്കാര്‍ പരിഗണിക്കണം. അതുവഴി യുവ വിദ്യാര്‍ത്ഥികളുടെ പഠന ചെലവ് കുറയും.
വിദ്യാഭ്യാസരംഗത്തെ നിക്ഷേപം ഇന്ത്യയുടെ മത്സരക്ഷമതയ്ക്ക് നിര്‍ണായകമാണെന്നാണ് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്നുള്ള സാമ്പത്തിക ശാസ്ത്രത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ തരുണ്‍ ജെയിന്‍ പറയുന്നത്. ''നിലവില്‍ ഉന്നത വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയതാണ്. ഈ വിദ്യാര്‍ത്ഥികൾ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കും. വിജ്ഞാനം, കഴിവുകള്‍, ശേഷി എന്നിവയെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. ഈ മഹാമാരി മൂലം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിർണായകമായ ഒരു ഘട്ടം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സര്‍വ്വകലാശാലകള്‍ക്കായി വിഭവങ്ങള്‍ വിപുലീകരിക്കുക എന്നത് ഈ വര്‍ഷത്തെ ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന നിര്‍ണായകമായ ആവശ്യമാണ്", അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ഓപ്പണ്‍ സര്‍വ്വകലാശാലകള്‍, കോളേജുകള്‍ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിൽ റിസർച്ച് ഗ്രാന്റ് പദ്ധതികൾ സൃഷ്ടിക്കുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷനെയാണ് തരുണ്‍ ജെയിന്‍ ഉദ്ധരിക്കുന്നത്. ''കഴിവുറ്റ നമ്മുടെ ഗവേഷകരെ മറ്റ് മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതിന് പകരം സ്വന്തം രാജ്യത്ത് തന്നെ തുടരാന്‍ ഇത് പ്രേരിപ്പിക്കും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022-2023 സാമ്പത്തിക വര്‍ഷത്തെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം അവസാനത്തോടെയാണ് ആരംഭിക്കുന്നത്. ജനുവരി 31ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. ജനുവരി 31 മുതല്‍ ഏപ്രില്‍ എട്ടുവരെ രണ്ടു ഭാഗങ്ങളായിട്ടായിരിക്കും ബജറ്റ് സമ്മേളനം നടക്കുക. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 11ന് സമ്മേളനത്തിന്റെ ആദ്യ ഭാഗം സമാപിക്കും. ഒരുമാസത്തെ ഇടവേളയ്ക്കുശേഷം സമ്മേളനത്തിന്റെ രണ്ടാംഭാഗം മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ എട്ടുവരെ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍ക്കാരിന്റെ വരുമാനങ്ങള്‍ വന്‍ തകര്‍ച്ചയിലായതിനാല്‍ അത് പ്രഖ്യാപനങ്ങളെ ബാധിക്കുമോയെന്നതും ഇത്തവണത്തെ ബജറ്റ് ശ്രദ്ധേയമാക്കുന്നുണ്ട്.
ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തന്റെ നാലാമത്തെ ബജറ്റ് അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. പ്രീ ബജറ്റ് സര്‍വേകളില്‍ കൂടുതലും ഉയര്‍ന്നുവന്നത് നികുതി ഇളവുകള്‍ വേണമെന്നായിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പടെയുള്ളവരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് നികുതി ഇളവ്. നിര്‍മ്മല സീതാരാമന്‍ ഇത്തവണ വെല്ലുവിളിയാകുന്നതും നികുതി ഇളവ് സംബന്ധിച്ച പ്രഖ്യാപനങ്ങളിലായിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.