HOME /NEWS /Money / ആദായ നികുതി പരിഷ്കരണം; ആശങ്ക ബാക്കി

ആദായ നികുതി പരിഷ്കരണം; ആശങ്ക ബാക്കി

News18

News18

പഴയ രീതിയിലാണെങ്കിൽ ഭവന വായ്പ, പിഎഫ് നിക്ഷേപം, എൽഐസി, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി നിരവധി നിക്ഷേപങ്ങൾ നടത്തി നികുതി നൽകേണ്ട പണത്തിൽ നിന്ന് ചില ആനുകൂല്യങ്ങൾ നേടിയെടുക്കാം.

  • Share this:

    ടി.ജെ.ശ്രീലാൽ

    ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് ലളിതമാക്കാൻ ഇറങ്ങിയ സർക്കാർ കാര്യങ്ങൾ കൂടുതൽ ആശയകുഴപ്പത്തിലാക്കിയെന്ന് വേണം പറയാൻ.

    ഇതുവരെയുള്ള ആദായ നികുതി സ്ളാബിൽ നിന്ന് തുടങ്ങാം. രണ്ടര ലക്ഷം വരെ വരുമാനമുള്ളവർ ഒരു നികുതിയും നൽകേണ്ടതില്ല. അതിന് മുകളിൽ അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിന് അഞ്ചു ശതമാനം നികുതി നൽകണം. രണ്ടരലക്ഷത്തിന്റെ നിക്ഷേപം നടത്തിയാൽ ഇത് ഒഴിവാക്കാം. ഇതാണ് അഞ്ചുലക്ഷം വരെ നികുതിയില്ല എന്ന വ്യാഖ്യാനത്തിന് വഴിവയ്ക്കുന്നത്. അഞ്ചു ലക്ഷം മുതിൽ പത്തുലക്ഷം വരെയാണ് വരുമാനമെങ്കിൽ നിലവിൽ ഇരുപത് ശതമാനം നികുതി നൽകണം. പത്തുലക്ഷത്തിന് മുകളിലാണെങ്കിൽ മുപ്പത് ശതമാനമാണ് നികുതി.

    പുതിയ നിർദ്ദേശങ്ങൾ

    ഇനി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വച്ച പുതിയ നിർദ്ദേശം കൂടി പറയാം. പുതിയ നിർദ്ദേശം അനുസരിച്ച് അഞ്ചു ലക്ഷം മുതൽ ഏഴര ലക്ഷം വരെ പത്തു ശതമാനമാണ് നികുതി. ഏഴര ലക്ഷം മുതൽ പത്തുലക്ഷം വരെ പതിനഞ്ച് ശതമാനം. പത്തുലക്ഷം മുതൽ പന്ത്രണ്ടര ലക്ഷം വരെ ഇരുപത് ശതമാനം. പന്ത്രണ്ടര ലക്ഷം മുതൽ പതിനഞ്ചു ലക്ഷം വരെ ഇരുപത്തി അഞ്ചു ശതമാനവും പതിനഞ്ചു ലക്ഷത്തിന് മുകളിൽ നികുതി മുപ്പത് ശതമാനവുമാണ്. കേൾക്കുമ്പോൾ വളരെ ലളിതം. സ്ളാബുകളിൽ വലിയ മാറ്റം. ഒപ്പം നികുതി കുറയ്ക്കുകയും ചെയ്തു. പിന്നെ എന്താണ് ആശയകുഴപ്പമെന്നതാണ് ചോദ്യം.

    also read:Budget 2020: പ്രവാസിയായി കണക്കാക്കാൻ 240 ദിവസം വിദേശത്ത് തങ്ങണം; ആദായനികുതി നിയമത്തിൽ മാറ്റം വരുത്തുന്നു

    ഏപ്രിൽ മുതലാണ് പുതിയ ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുക. അത് വന്നു കഴിഞ്ഞാൽ അടുത്ത വർഷം മുതൽ രണ്ടു രീതിയിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം. നിലവിലെ രീതിയിൽ അല്ലെങ്കിൽ പുതിയ രീതിയിൽ. പഴയ രീതിയിലാണെങ്കിൽ ഭവന വായ്പ, പിഎഫ് നിക്ഷേപം, എൽഐസി, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി നിരവധി നിക്ഷേപങ്ങൾ നടത്തി നികുതി നൽകേണ്ട പണത്തിൽ നിന്ന് ചില ആനുകൂല്യങ്ങൾ നേടിയെടുക്കാം. അതു കഴിഞ്ഞുള്ള തുകയ്ക്ക് നികുതി നൽകിയാൽ മതിയാകും. പുതിയ രീതിയിലാണെങ്കിൽ ഈ നിക്ഷേപങ്ങൾക്ക് ഇളവ് ലഭിക്കില്ല. ഏത് സ്ളാബിൽ വരുന്നോ ആ സ്ളാബിൽ നിർദ്ദേശിക്കുന്ന നികുതി നൽകണം.

    ആറു ലക്ഷത്തിന് രണ്ടായിരത്തി അഞ്ഞൂറ് കൂടുതൽ

    ആറുലക്ഷം രൂപ വരുമാനമുള്ള ഒരു വ്യക്തി ഈ രണ്ട് രീതിയിലും നികുതി അടച്ചാൽ എന്താണ് സംഭവിക്കുക എന്ന് പരിശോധിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. രണ്ടര ലക്ഷത്തിന്റെ നിക്ഷേപം നടത്തിയാൽ അഞ്ചു ലക്ഷം വരെ വരുമാനമുള്ള വ്യക്തിക്ക് നികുതി നൽകേണ്ടി വരില്ല. അതുകൊണ്ടാണ് ആറുലക്ഷം എന്ന കണക്ക് വച്ചത്. ആറു ലക്ഷം വരെ വരുമാനമുള്ള വ്യക്തി പഴയ രീതിയിൽ ഇരുപത് ശതമാനം നികുതി നൽകേണ്ട സ്ളാബിലാണ് വരുക. അതിൽ നിക്ഷേപമുണ്ടെങ്കിൽ അഞ്ചു ലക്ഷം വരെ നികുതി നൽകേണ്ട. അപ്പോൾ നികുതി നൽകേണ്ടി വരുക ഒരുലക്ഷം രൂപയ്ക്കാണ്. ആ ഒരു ലക്ഷത്തിന് ഇരുപത് ശതമാനം എന്ന കണക്കിൽ ഇരുപതിനായിരം രൂപയാണ് ഈ വ്യക്തി ആദായ നികുതി നൽകേണ്ടത്.

    also read:News 18 Budget Day Exclusive: ആദായനികുതി ഘടന ലളിതമാക്കിയെന്ന് കേന്ദ്ര ധനമന്ത്രി

    ഇതേ വ്യക്തി പുതിയ രീതിയിലേക്ക് മാറിയാൽ പെടും. പുതിയ രീതിയിൽ ഒരു തരത്തിലുള്ള നിക്ഷേപ ആനുകൂല്യവും ലഭിക്കില്ലെന്നാണ് ബജറ്റ് പ്രസംഗത്തിൽ കേന്ദ്രധനമന്ത്രി വ്യക്തമാക്കിയത്. അതായത് ആദ്യ അഞ്ചുലക്ഷത്തിലെ രണ്ടരലക്ഷത്തിനും നികുതി നൽകേണ്ടി വരും. ആ രണ്ടര ലക്ഷത്തിന് അഞ്ചു ശതമാനമാണ് നികുതി. അതായത് അദ്യ അഞ്ചുലക്ഷത്തിലെ രണ്ടര ലക്ഷത്തിന് പന്ത്രണ്ടായിരത്തി അഞ്ഞൂറു രൂപ നികുതി വരും. ബാക്കിവരുന്ന ഒരു ലക്ഷത്തിന് പുതുക്കിയ പത്തുശതമാനം എന്ന നിരക്കിൽ പതിനായിരം. ആകെ ഇരുപത്തിരണ്ടായിരത്തി അഞ്ഞൂറു രൂപ നികുതി നൽകേണ്ടി വരും. പഴയ രീതിയെക്കാൾ രണ്ടായിരത്തി അഞ്ഞൂറു രൂപ കൂടുതൽ നികുതി. മറ്റു സ്ളാബുകളിലും ഇതുപോലെ ഏറ്റിറക്കമുണ്ട്. വരുമാനം പതിനഞ്ചു ലക്ഷമായാൽ നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ ചൂണ്ടികാട്ടിയത് പോലെയാകില്ല കാര്യങ്ങൾ.

    ഇത് പരിഹരിക്കാൻ പുതിയ നിർദ്ദേശത്തിലും ചില ഇളവുകൾ ഉൾപ്പെടുത്തുമെന്ന് ബജറ്റ് പ്രസംഗത്തിന് ശേഷം നിർമ്മല സീതാരാമൻ അറിയിച്ചെങ്കിലും വ്യക്തതയുണ്ടായിട്ടില്ല. പുതിയ നിർദ്ദേശത്തിനൊപ്പം പഴയ നികുതി നിർദ്ദേശത്തിൽ ചില മാറ്റം വരുത്തുകയും ചെയ്തു കേന്ദ്രധനമന്ത്രി. നേരത്തെ ഇളവ് ലഭിച്ചിരുന്ന നൂറ്റി ഇരുപത് നിക്ഷേപങ്ങളിൽ എഴുപതലധികം എടുത്തു കളഞ്ഞു. അതിൽ ഇൻഷുറൻസ് നിക്ഷേപം അടക്കമുള്ള 80സിയും ഉൾപ്പെടുമെന്നാണ് സൂചന. ഇതിനെല്ലാം പുറമെ പഴയ കണക്കിൽ നാല് ശതമാനം വിദ്യാഭ്യാസ സെസുണ്ടായിരുന്നു. ഇതിനെ കുറിച്ച് ബജറ്റ് പ്രസംഗത്തിൽ നിർമ്മല സീതാരാമൻ ഒരക്ഷരം പറഞ്ഞതുമില്ല.

    First published:

    Tags: 2020 Union Budget, India Union Budget, India Union Budget 2020, News 18 Budget Day Exclusive, Nirmala sitharaman, Union budget 2019-20, Union Budget 2020, Union Budget 2020 Highlights, Union Budget 2020 India, Union Budget Highlights