• HOME
 • »
 • NEWS
 • »
 • money
 • »
 • Byju'S | വിദ്യാഭ്യാസ മേഖലയിലെ അതിസമ്പന്നരായ സംരംഭകരിൽ മൂന്നാം സ്ഥാനത്തെത്തി ബൈജു രവീന്ദ്രൻ; അദ്ദേഹത്തിന്റെ വിജയകഥ അറിയാം

Byju'S | വിദ്യാഭ്യാസ മേഖലയിലെ അതിസമ്പന്നരായ സംരംഭകരിൽ മൂന്നാം സ്ഥാനത്തെത്തി ബൈജു രവീന്ദ്രൻ; അദ്ദേഹത്തിന്റെ വിജയകഥ അറിയാം

ഹുറൂൺ ലോക സമ്പന്നരുടെ പട്ടികയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 916 റാങ്കുകളുടെ വർധനയാണ് ബൈജു രവീന്ദ്രൻ നേടിയത്.

ബൈജു രവീന്ദ്രൻ

ബൈജു രവീന്ദ്രൻ

 • Share this:
  വിദ്യാഭ്യാസമേഖലയിലെ സമ്പന്നരായ സംരംഭകരുടെ (Richest Education Entrepreneur) പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ 'ബൈജൂസ് ദി ലേണിങ് ആപ്പിന്റെ' സ്ഥാപകനായ ബൈജു രവീന്ദ്രൻ (Byju Raveendran). നിലവിൽ 3.3 ബില്യൺ ഡോളറാണ് ബൈജു രവീന്ദ്രന്റെയും കുടുംബത്തിന്റെയും ആസ്തി. ഹുറൂൺ ലോക സമ്പന്നരുടെ പട്ടികയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 916 റാങ്കുകളുടെ വർധനയാണ് ബൈജു രവീന്ദ്രൻ നേടിയത്.

  ഈ വർഷം, ബൈജൂസ് നിരവധി കമ്പനികൾ ഏറ്റെടുത്തിരുന്നു. ഒരു ബില്യൺ യുഎസ് ഡോളറിനാണ് ആകാശ് എജ്യുക്കേഷണൽ സർവീസസ് ബൈജു ഏറ്റെടുത്തത്. 600 മില്യൺ യുഎസ് ഡോളറിന് ഗ്രേറ്റ് ലേണിങ്ങും 500 മില്യൺ യുഎസ് ഡോളറിന് യുഎസ് അധിഷ്ഠിത ഡിജിറ്റൽ റീഡിങ് പ്ലാറ്റ്‌ഫോമായ എപ്പിക് ഗെയിംസും ബൈജൂസ് സ്വന്തമാക്കി. ബൈജു രവീന്ദ്രൻ 2011ൽ സ്ഥാപിച്ച ഒരു എഡ്-ടെക് സ്റ്റാർട്ടപ്പാണ് ബൈജൂസ് ദി ലേണിങ് ആപ്പ് (Byju’S the Learning app). കേരളത്തിലെ കണ്ണൂർ ജില്ലയിലെ അഴീക്കോട് പട്ടണത്തിലെ ഭൗതികശാസ്ത്ര, ഗണിത അധ്യാപകരുടെ മകനായ ബൈജു രവീന്ദ്രനും ഒരു ഗണിത അധ്യാപകനായാണ് കരിയർ ആരംഭിച്ചത്.

  ആരാണ് ബൈജു രവീന്ദ്രൻ?

  ബൈജു രവീന്ദ്രൻ 2011ലാണ് 'തിങ്ക് ആൻഡ് ലേൺ' എന്ന പേരിൽ ഒരു പ്ലാറ്റ്ഫോം സ്ഥാപിക്കുന്നത്. 2013ൽ ആരിൻ ക്യാപിറ്റലിൽ നിന്ന് സീരീസ് എ റൗണ്ട് ഫണ്ടിംങിൽ ഏകദേശം 9 മില്യൺ ഡോളർ സമാഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കുറച്ച് വർഷങ്ങൾക്ക് ശേഷം 2015ൽ ബൈജൂസ് ആരംഭിക്കുന്നതിന് വഴിയൊരുക്കിയത് ഈ നേട്ടമാണ്. 2018ൽ സ്റ്റാർട്ട്-അപ്പ് വിഭാഗത്തിൽ 'ഇവൈ എന്റർപ്രണർ ഓഫ് ദ ഇയർ' അവാർഡ് നേടാൻ ഈ സംരംഭകന് കഴിഞ്ഞു. വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം സ്ഥാപിച്ച് വെറും മൂന്ന് മാസത്തിനുള്ളിൽ തന്നെ 20 ലക്ഷം വിദ്യാർത്ഥികൾ എന്ന നിലയിലേക്ക് അതിന്റെ അംഗത്വ അടിത്തറ വളർന്നു.

  രാജ്യത്തെ ഭൂരിഭാ​ഗം മത്സരപരീക്ഷകൾക്കും വേണ്ടി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന ഫ്രീമിയം (freemium) മാതൃകയിലാണ് അദ്ദേഹം സ്റ്റാർട്ട്അപ്പ് ആരംഭിച്ചത്. ഐഐടി-ജെഇഇ, നീറ്റ്, ക്യാറ്റ് തുടങ്ങിയ പരീക്ഷകളും ഐഎഎസ് പരീക്ഷകളും ഇതിൽ ഉൾപ്പെടുന്നു. ജിആർഇ, ജിമാറ്റ് തുടങ്ങിയ ചില അന്താരാഷ്ട്ര പരീക്ഷകളും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ കമ്പനി വളരെയധികം വളർന്നു, പലപ്പോഴും 'ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ട്-അപ്പ്' എന്ന വിശേഷണം സ്വന്തമാക്കി. 2021 ഏപ്രിൽ വരെ, കമ്പനിയുടെ മൂല്യം ഏകദേശം 16.5 ബില്യൺ ഡോളറാണ്. ഈ പ്ലാറ്റ്‌ഫോമിൽ നിലവിൽ 15 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ ഉണ്ട്. 900,000ത്തിലധികം വരും പെയ്ഡ് വരിക്കാരുടെ എണ്ണം. ഏകദേശം ആറ് വർഷത്തിനിടയിൽ വിദ്യാഭ്യാസ രം​ഗത്ത് ഈ സംരംഭകൻ നേടിയ വിജയം വളരെ വലുതാണെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു. മറ്റു സംരംഭകർക്ക് മാർ​ഗദർശിയായ ഒരു സംരംഭമായിരുന്നു ബൈജൂസ്‌.

  ഐപിഒ ലക്ഷ്യവുമായി ബൈജൂസ്

  പ്രാഥമിക ഓഹരി വിൽപ്പനയ്ക്കുള്ള (ഐപിഒ) തയ്യാറെടുപ്പിലാണ് ബൈജൂസ്. കഴിഞ്ഞ ആഴ്‌ചയിൽ, പ്രീ-ഐ‌പി‌ഒ റൗണ്ടിന്റെ ഭാഗമായി ബൈജൂസ് 800 മില്യൺ ഡോളറിന്റെ പുതിയ ധനസമാഹരണം നടത്തിയതായി അറിയിച്ചിരുന്നു. പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (ഐ‌പി‌ഒ) മുന്നോടിയായുള്ള റൗണ്ടിൽ ബംഗളൂരു ആസ്ഥാനമായുള്ള വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിന് കണക്കാക്കിയിരിക്കുന്ന മൂല്യം ഏകദേശം 22 ബില്യൺ ഡോളറാണ്. സുമേരു വെഞ്ചേഴ്‌സ്, വിട്രൂവിയൻ പാർട്‌ണേഴ്‌സ്, ബ്ലാക്ക് റോക്ക് എന്നിവരാണ് മൂലധന സമാഹരണത്തിൽ പങ്കെടുത്ത മറ്റ് നിക്ഷേപകർ.
  അടുത്ത 9-12 മാസത്തിനുള്ളിൽ ഐപിഒയ്ക്കും ലിസ്റ്റിങിനുമുള്ള പേപ്പറുകൾ ഫയൽ ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്‌പെഷ്യൽ പർപ്പസ് അക്വിസിഷൻ കമ്പനി (SPAC) വഴി അമേരിക്കയിൽ തങ്ങളുടെ ഓഹരികൾ എത്തിക്കാൻ ബൈജൂസ് നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നിരുന്നാലും, പദ്ധതിയെക്കുറിച്ച് ഒരു പുനഃപരിശോധന നടത്തുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

  ബൈജൂസിനെക്കുറിച്ച്

  ബൈജുവിനെ ഇന്ത്യയിലെ ഏറ്റവും ധനികരായ യുവ സംരംഭകരിൽ ഒരാളാക്കി മാറ്റിയ എഡ്-ടെക് കമ്പനിയുടെ മൂല്യം ഏകദേശം 4 ദശലക്ഷം ഡോളർ മുതൽ 6 ദശലക്ഷം ഡോളർ വരെയാണ്. ബൈജൂസിന്റെ ഭാ​ഗമായി ഏകദേശം 12,000 ജീവനക്കാരും ട്രെയിനികളും പ്രവർത്തിക്കുന്നുണ്ട്. മാർക്ക് സക്കർബർഗ്, ടെൻസെന്റ് തുടങ്ങിയ നിക്ഷേപകർ ബൈജൂസിന് പിന്തുണ നൽകിയിട്ടുണ്ട്. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂൾ കുട്ടികളെ കേന്ദ്രീകരിച്ചുള്ള ബൈജൂസ് ആപ്ലിക്കേഷൻ (K12) മൊത്തം 64 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

  link : https://www.news18.com/news/business/byju-raveendran-now-3rd-richest-eduction-entrepreneur-in-the-world-know-his-inspiring-story-4880276.html
  Published by:Sarath Mohanan
  First published: