തിരുവനന്തപുരം: ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി വികസിപ്പിക്കാന്‍ തീരുമാനിച്ചതായി നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് (നിക്ഡിറ്റ്) സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോഴും കേരളം ഒഴിവാക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയത്.
കോയമ്പത്തൂര്‍-കൊച്ചി ഇടനാഴിയുടെ ഭാഗമായി വികസിപ്പിക്കപ്പെടുന്ന രണ്ട് സംയോജിത നിര്‍മാണ ക്ലസ്റ്ററുകളില്‍ (ഐ.എം.സി) ഒന്ന് കേരളത്തിലെ പാലക്കാട് മേഖലയിലായിരിക്കും. മറ്റൊന്ന് തമിഴ്നാട്ടിലെ സേലത്തും. വ്യവസായങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി നിക്ഷേപം ആകര്‍ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നടപ്പാക്കിയ സ്പെഷ്യല്‍ ഇക്കണോമിക് സോണിന്റെ അടുത്ത ഘട്ടമായാണ് ഐ.എം.സി കണക്കാക്കപ്പെടുന്നത്.
ഐ.എം.സി സ്ഥാപിക്കുന്നതിന് 2000 മുതല്‍ 5000 ഏക്ര വരെ സ്ഥലം വേണമെന്ന് 'നിക്ഡിറ്റ്' നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍ ഭൂമി ലഭിക്കാനുള്ള പ്രയാസം കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയ സാഹചര്യത്തില്‍ 1800 ഏക്രയായി അത് കുറച്ചു. 1800 ഏക്ര ഭൂമി പാലക്കാട്, കണ്ണമ്പ്ര, ഉഴലപ്പതി, പുതുശ്ശേരി എന്നിവിടങ്ങളിലായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു ഭാഗം ഇപ്പോള്‍ തന്നെ കിന്‍ഫ്രയുടെ കൈവശത്തിലുള്ളതാണ്. ബാക്കി ഭൂമി ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനവും കേന്ദ്രവും സംയുക്തമായി രൂപീകരിക്കുന്ന പ്രത്യേക ഉദ്ദേശ കമ്പനിക്കായിരിക്കും (എസ്.പി.വി) ഐ.എം.സിയുടെ നടത്തിപ്പും നിയന്ത്രണവും. ഭൂമിയുടെ വിലയായിരിക്കും കമ്പനിയില്‍ സംസ്ഥാനത്തിന്റെ ഓഹരി. വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഈ സ്ഥലം കേന്ദ്രസര്‍ക്കാര്‍ വികസിപ്പിക്കും. 870 കോടി രൂപ ഈ ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കും.
കൊച്ചി-സേലം ദേശീയ പാതയുടെ രണ്ടുവശങ്ങളിലായി 100 കിലോമീറ്റര്‍ നീളത്തിലായിരിക്കും കേരളത്തിന്റെ സംയോജിത നിര്‍മാണ ക്ലസ്റ്റര്‍ വരുന്നത്. ഇലക്ട്രോണിക്സ്, ഭക്ഷ്യസംസ്കരണം, കൃഷിയധിഷ്ഠിത വ്യവസായങ്ങള്‍, ഐടി, പരമ്പരാഗത വ്യവസായങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ബഹുഉല്‍പന്ന ക്ലസ്റ്ററാണ് കേരളത്തില്‍ വികസിപ്പിക്കപ്പെടുക. ഇതുവഴി പതിനായിരം പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐ.എം.സിയില്‍ സ്വകാര്യമേഖലയില്‍ നിന്ന് പതിനായിരം കോടി രൂപയുടെ നിക്ഷപമാണ് പ്രതീക്ഷിക്കുന്നത്.
നിര്‍ദിഷ്ട ഐ.എം.സി കൊച്ചി തുറമുഖവുമായി അടുത്തു കിടക്കുന്നതു കൊണ്ട് പാലക്കാട്-കൊച്ചി മേഖലയില്‍ ഐ.എം.സിക്ക് പുറത്തും ഒരുപാട് വ്യവസായങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് പറഞ്ഞു. ലോജിസ്റ്റിക്സ് പാര്‍ക്ക്, വേര്‍ഹൗസ്, കോള്‍ഡ് സ്റ്റോറേജ് മുതലായ വ്യവസായങ്ങള്‍ക്കാണ് കൂടുതല്‍ സാധ്യതയുള്ളത്.
കേന്ദ്ര സര്‍ക്കാരിനു മുമ്പില്‍ അവതരിപ്പിക്കാനുള്ള കേരളത്തിന്റെ പദ്ധതി തയ്യാറാക്കിയത് അന്താരാഷ്ട്രതലത്തില്‍ പ്രസിദ്ധമായ ഏണസ്റ്റ് ആന്റ് യംഗ് എന്ന കണ്‍സള്‍ട്ടന്റാണ്. തമിഴ്നാട്ടിലെ ഹൊസൂര്‍ വഴിയാണ് നിര്‍ദിഷ്ട ഇടനാഴി ബംഗളൂരുമായി ബന്ധിപ്പിക്കുന്നത്.
Also Read ഓരോ 30 കിലോമീറ്ററിലും സൗജന്യ ആംബുലൻസ് സൗകര്യം; സേവനം 315 കേന്ദ്രങ്ങളിൽ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bangaluru, Coimbatore, Keralam, Kochi, Modi govt