ഇന്ത്യയിലെ അഞ്ച് സ്വകാര്യ സ്ഥാപനങ്ങൾക്ക് ക്ലസ്റ്റർ കൃഷി (Cluster Farming) നടത്താൻ 750 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. രാജ്യത്തെ കാർഷിക ഉത്പന്നങ്ങളെ ആഗോളതലത്തിൽ മാർക്കറ്റ് ചെയ്യാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തിൽ 50,000 ഹെക്ടറിൽ പ്രത്യേക ഹോർട്ടികൾച്ചർ വിളകളുടെ ക്ലസ്റ്റർ കൃഷി നടത്താനാണ് അനുമതി.
ദേശായി അഗ്രിഫുഡ്‌സ്, എഫ്‌ഐഎൽ ഇൻഡസ്ട്രീസ്, സഹ്യാദ്രി ഫാംസ്, മേഘാലയ ബേസിൻ മാനേജ്‌മെന്റ് ഏജൻസി, പ്രസാദ് സീഡ്‌സ് എന്നിവയാണ് ലേല പ്രക്രിയയിലൂടെ പൈലറ്റ് ക്ലസ്റ്റർ കൃഷിക്കായി തിരഞ്ഞെടുത്ത അഞ്ച് കമ്പനികൾ. കേന്ദ്രസർക്കാർ പദ്ധതിയായ ക്ലസ്റ്റർ ഡെവലപ്‌മെന്റ് പ്രോഗ്രാമിന് (സിഡിപി) കീഴിൽ പദ്ധതിക്കായി 100 കോടി രൂപ വരെ ധനസഹായവും കേന്ദ്രം നൽകും. നാഷണൽ ഹോർട്ടികൾച്ചർ ബോർഡ് ആണ് പദ്ധതി നടപ്പിലാക്കുന്നത്.
Also read- എന്താണ് സിഇഒ സ്കാം? ഇത് ആരെയൊക്കെയാണ് ബാധിക്കുന്നത്?
കാർഷിക രംഗത്തെ ക്ലസ്റ്റർ അധിഷ്ഠിത സമീപനം ലോകമെമ്പാടും അവിശ്വസനീയമായ വിധത്തിൽ വിജയം കൈവരിച്ചതായി കൃഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി പ്രിയ രഞ്ജൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ”ഈ അഞ്ച് കമ്പനികളും ഏകദേശം 50,000 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നവയാണ്. ആകെ 55,000 കർഷകരാണ് ഇവിടെയുള്ളത്. ഈ ക്ലസ്റ്ററുകളിലെ ആകെ നിക്ഷേപം ഏകദേശം 750 കോടി രൂപയാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ, ഇതാദ്യമായാണ് കേന്ദ്രസർക്കാർ ഹോർട്ടികൾച്ചർ വിളകളുടെ കൃഷിയെ സാമ്പത്തിക സഹായം നൽകി പ്രോത്സാഹിപ്പിക്കുന്നത്.
ദേശായി അഗ്രിഫുഡ്‌സിന്റെ 103 കോടി രൂപയുടെ ‘ബനാന ക്ലസ്റ്റർ’ പദ്ധതി ആന്ധ്രാപ്രദേശിലെ അനന്തപുരയിലും സഹ്യാദ്രി ഫാംസിന്റെ 205 കോടിയുടെ ‘ഗ്രേപ്‌സ് ക്ലസ്റ്റർ’ പദ്ധതി മഹാരാഷ്ട്രയിലെ നാസിക്കിലും മേഘാലയ ബേസിൻ മാനേജ്‌മെന്റ് ഏജൻസിയുടെ 52 കോടിയുടെ ‘ടർമറിക് ക്ലസ്റ്റർ’ പദ്ധതി വെസ്റ്റ് ജയന്തിയ ഹിൽസിലും നടപ്പിലാക്കുമെന്ന് പ്രിയ രഞ്ജൻ പറഞ്ഞു. എഫ്ഐഎൽ ഇൻഡസ്ട്രീസ് ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ‘ആപ്പിൾ ക്ലസ്റ്ററും’ പ്രസാദ് സീഡ്സ് തെലങ്കാനയിലെ മഹബൂബ്നഗറിൽ ‘മാംഗോ ക്ലസ്റ്ററും’ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഴപ്പഴം, ആപ്പിൾ, മുന്തിരി, മഞ്ഞൾ, മാങ്ങ എന്നിവയാണ് ഈ കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന വിളകൾ. നാല് വർഷമായിരിക്കും പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി. രാജ്യത്തുടനീളം 55 വ്യത്യസ്ത ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി ഓരോ സ്ഥലത്തും പ്രത്യേക വിളകളായിരിക്കും തിരഞ്ഞെടുക്കുക. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ഏഴ് കേന്ദ്രീകൃത വിളകളുള്ള 12 ക്ലസ്റ്ററുകളിലായി പദ്ധതി നടപ്പിലാക്കും.
ക്ലസ്റ്റർ ഡെവലപ്‌മെന്റ് പ്രോഗ്രാം പ്രകാരം 5,000 ഹെക്ടറിൽ കൂടുതലുള്ള മിനി ക്ലസ്റ്ററുകൾക്ക് 25 കോടി രൂപ വരെയും 5,000 ഹെക്ടറിനും10,000 ഹെക്ടറിനും ഇടയിലുള്ള മിഡ് ക്ലസ്റ്ററുകൾക്ക് 50 കോടി രൂപ വരെയും 15,000 ഹെക്ടറിന് മുകളിലുള്ള മെഗാ ക്ലസ്റ്ററുകൾക്ക് 100 കോടി രൂപ വരെയും ധനസഹായം നൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Central government, Farming