• HOME
  • »
  • NEWS
  • »
  • money
  • »
  • സർക്കാർ പിന്തുണയുള്ള 10 നിക്ഷേപ പദ്ധതികൾ; പലിശ നിരക്കും നേട്ടങ്ങളുമറിയാം

സർക്കാർ പിന്തുണയുള്ള 10 നിക്ഷേപ പദ്ധതികൾ; പലിശ നിരക്കും നേട്ടങ്ങളുമറിയാം

രാജ്യത്തുടനീളമുള്ള ബാങ്കുകൾ, പോസ്‌റ്റ് ഓഫീസുകൾ എന്നിവ മുഖേന നടപ്പാക്കിയിട്ടുള്ള പത്ത് സമ്പാദ്യ പദ്ധതികളും അവയുടെ വിശദാംശങ്ങളും

  • Share this:

    സർക്കാർ പിന്തുണയോടെ രാജ്യത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി നൽകി വരുന്ന നിരവധി സമ്പാദ്യ പദ്ധതികളുണ്ട്. ഇത്തരം ഓരോ പദ്ധതിയ്ക്കും വ്യത്യസ്തങ്ങളായ കാലാവധി, യോഗ്യത, നിക്ഷേപ പരിധി, പലിശ നിരക്കുകൾ എന്നിവയാണുള്ളത്. ഈ പദ്ധതികൾ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തിട്ടുള്ളവയാണ്. ചില സമ്പാദ്യ പദ്ധതികൾ മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ളതാണ്, ചിലത് സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ളതാണ്. ചിലതാകട്ടെ കർഷകർക്കും ശമ്പളക്കാർക്കും വേണ്ടിയുള്ളതാണ്. രാജ്യത്തുടനീളമുള്ള ബാങ്കുകൾ, പോസ്‌റ്റ് ഓഫീസുകൾ എന്നിവ മുഖേന നടപ്പാക്കിയിട്ടുള്ള പത്ത് സമ്പാദ്യ പദ്ധതികളും അവയുടെ വിശദാംശങ്ങളും പരിശോധിക്കാം.

    1. നാഷണൽ സേവിംഗ്സ് സ്കീം (പ്രതിമാസ വരുമാന അക്കൗണ്ട്)

    • കുറഞ്ഞത് 1000 രൂപയാണ് ഈ നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കേണ്ടത്. ആയിരത്തിന്റെ ഗുണിതങ്ങളായി കൂടുതൽ തുകയും നിക്ഷേപിക്കാവുന്നതാണ്. വ്യക്തിഗത അക്കൗണ്ടിൽ 9 ലക്ഷവും, ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും പരമാവധി നിക്ഷേപിക്കാം.
    • അഞ്ച് വർഷമാണ് പദ്ധതിയുടെ നിക്ഷേപ കാലാവധി
    • ഈ പദ്ധതിയിൽ ഒരാൾക്ക് ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ആരംഭിക്കാം. എന്നാൽ പരമാവധി തുകയുടെ പരിധിക്ക് വിധേയമായിരിക്കും നിക്ഷേപങ്ങൾ.
    • നിക്ഷേപം ആരംഭിച്ച് ഒരു വർഷത്തിന് ശേഷം അക്കൗണ്ട് കാലാവധിക്ക് മുൻപ് എപ്പോൾ വേണമെങ്കിലും അക്കൌണ്ട് ക്ലോസ് ചെയ്യാം. എന്നാൽ മൂന്ന് വർഷം അവസാനിക്കുന്നതിന് മുമ്പ് ക്ളോസ് ചെയ്താൽ നിക്ഷേപത്തിന്റെ 2 ശതമാനവും മൂന്ന് വർഷത്തിന് ശേഷം നിക്ഷേപത്തിന്റെ ഒരു ശതമാനവും കുറയ്ക്കും.
    • പലിശ നിരക്ക്: (ജനുവരി 1 മുതൽ മാർച്ച് 31, 2023 വരെ) – 7.1%

    2. നാഷണൽ സേവിംഗ്സ് ടൈം ഡിപ്പോസിറ്റ് അക്കൗണ്ട്

    • ടൈം ഡിപ്പോസിറ്റുകൾ നാല് കാലാവധികളിൽ ലഭ്യമാണ് – 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെ.
    • കുറഞ്ഞ നിക്ഷേപ തുക 1000 രൂപയും, അതിനുശേഷം 100 രൂപയുടെ ഗുണിതങ്ങളുമായി നിക്ഷേപം നടത്താം.
    • പരമാവധി നിക്ഷേപ പരിധിയില്ല.
    • നിക്ഷേപം തുടങ്ങി ആറ് മാസത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപങ്ങൾ ആറ് മാസത്തിന് ശേഷവും ഒരു വർഷത്തിന് മുമ്പായും പിൻവലിക്കുകയാണെങ്കിൽ, പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് നിരക്കിൽ കുറഞ്ഞ പലിശ നൽകേണ്ടതാണ്.
    • 5 വർഷത്തെ ടൈം ഡെപ്പോസിറ്റ് നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിന്റെ 80-സി പ്രകാരം കിഴിവ് ലഭിക്കും.
    • പലിശ: (ജനുവരി 1 മുതൽ മാർച്ച് 31, 2023 വരെ) – 6.60 (1 വർഷം) 6.80 (2 വർഷം) 6.90 (3 വർഷം), 7% (5 വർഷം).

    3. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം

    • ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയും തുടർന്ന് ആയിരത്തിന്റെ ഗുണിതങ്ങളായി പരമാവധി 30 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം.
    • അക്കൗണ്ട് തുറക്കുന്ന തീയതിയിൽ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരു വ്യക്തിക്കോ അല്ലെങ്കിൽ 55 നും 60 നും ഇടയ്ക്ക് പ്രായമുള്ള ജോലിയിൽ നിന്ന് വിരമിച്ചവർക്കും വിആർഎസ് അല്ലെങ്കിൽ സ്പെഷ്യൽ വിആർഎസ് പ്രകാരം വിരമിച്ച വ്യക്തികൾക്കും അക്കൗണ്ട് ആരംഭിക്കാം.
    • ഡിഫൻസ് സർവീസസിലെ വിരമിച്ച ഉദ്യോഗസ്ഥർക്ക് (സിവിലിയൻ ഡിഫൻസ് ജീവനക്കാർ ഒഴികെ) മറ്റ് നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുന്നതിന് വിധേയമായി അമ്പത് വയസ്സ് തികയുമ്പോൾ മുതൽ അക്കൗണ്ട് തുറക്കാം.
    • ഒരു നിക്ഷേപകന് വ്യക്തിഗതമായോ പങ്കാളിയുമായി സംയുക്തമായോ ഒരു അക്കൗണ്ട് തുറക്കാം.
    • നിക്ഷേപ തീയതി മുതൽ മാർച്ച് 31/ ജൂൺ 30 /സെപ്റ്റംബർ 30 / ഡിസംബർ 31 എന്നീ മാസങ്ങളിലെ പലിശ ഏപ്രിൽ/ജൂലൈ/ഒക്‌ടോബർ/ജനുവരി മാസങ്ങളിലെ ഒന്നാം പ്രവൃത്തി ദിനത്തിൽ ലഭിക്കും.
    • അക്കൗണ്ട് ആരംഭിച്ച് 5 വർഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാം.
    • നിക്ഷേപകന് താല്പര്യമുണ്ടെങ്കിൽ അക്കൗണ്ട് 3 വർഷത്തേക്ക് കൂടി നീട്ടാം.
    • ചില നിബന്ധനകൾക്ക് വിധേയമായി മുൻകൂട്ടി ക്ലോസ് ചെയ്യാനും സാധിക്കും.
    • SCSS-ലെ നിക്ഷേപങ്ങൾ ആദായനികുതി നിയമത്തിന്റെ 80-C പ്രകാരം കിഴിവിന് യോഗ്യമാണ്.
    • പലിശ നിരക്ക്: (2022 ജനുവരി 1 മുതൽ 2023 മാർച്ച് 31 വരെ) – 8.00%

    4. നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ് (VIII issue)

    • ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപ. അതിനുശേഷം 100ന്റെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.
    • 5 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകും. പരമാവധി നിക്ഷേപ പരിധിയില്ല.
    • പ്രായപൂർത്തിയായ ഒരാൾക്ക് തനിക്കുവേണ്ടിയോ പ്രായപൂർത്തിയാകാത്ത മറ്റൊരു വ്യക്തിക്ക് വേണ്ടിയോ നിക്ഷേപം നടത്താവുന്നതാണ്.
    • പ്രായപൂർത്തിയാകാത്ത ഒരാൾക്ക് 10 വയസ്സ് പൂർത്തിയായാൽ സിംഗിൾ ഹോൾഡർ ടൈപ്പ് അക്കൗണ്ട് തുറക്കാവുന്നതാണ്.
    • ജോയിന്റ് ടൈപ്പ് അക്കൗണ്ടുകൾ മൂന്ന് മുതിർന്നവർക്ക് വരെ ഒരുമിച്ച് ചേർന്ന് തുറക്കാവുന്നതാണ്
    • നിക്ഷേപ രേഖ ബാങ്കുകളിൽ പണയം വെച്ചാൽ വായ്പാ ലഭിക്കുന്നതാണ്.
    • പലിശ: ( 2022 ജനുവരി 1 മുതൽ 2023 മാർച്ച് 31 വരെ) – 7%.

    5. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

    • ഒരു സാമ്പത്തിക വർഷത്തിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി നിക്ഷേപം 1,50,000 രൂപയുമാണ്.
    • മൂന്നാം സാമ്പത്തിക വർഷം മുതൽ ആറാം സാമ്പത്തിക വർഷം വരെ നിക്ഷേപത്തിൽ നിന്ന് വായ്പ ലഭ്യമാണ്.
    • ഏഴാം സാമ്പത്തിക വർഷം മുതൽ ഏത് സമയത്തും നിക്ഷേപം പിൻവലിക്കാവുന്നതാണ്.
    • അക്കൗണ്ട് തുറന്ന വർഷാവസാനം മുതൽ പതിനഞ്ച് പൂർണ്ണ സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകും. കാലാവധി പൂർത്തിയായിക്കഴിഞ്ഞാലും നിക്ഷേപം 5 വർഷം വരെയുള്ള ഏത് കാലാവധിയിലേയ്ക്കും നീട്ടാവുന്നതാണ്.
    • പിപിഎഫ് അക്കൗണ്ടിലെ തുക കോടതി ഉത്തരവ് പ്രകാരം കണ്ടുകെട്ടാൻ സാധിക്കില്ല.
    • ആദായ നികുതി വകുപ്പ് സെക്ഷൻ 80-സി പ്രകാരം ഇളവുകൾക്ക് യോഗ്യമാണ്.
    • പലിശ നിരക്ക്: (2023 മാർച്ച് 31 വരെ) – 7.1%

    6. സുകന്യ സമൃദ്ധി അക്കൗണ്ട്

    • ഒരു സാമ്പത്തിക വർഷത്തിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 250 രൂപയും പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയുമാണ്.
    • പെൺകുട്ടിക്ക് 10 വയസ്സ് തികയുന്നത് വരെ അവരുടെ പേരിൽ അക്കൗണ്ട് തുടങ്ങാം.
    • ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ.
    • പോസ്റ്റ് ഓഫീസുകളിലും അംഗീകൃത ബാങ്കുകളിലും അക്കൗണ്ട് തുറക്കാം.
    • അക്കൗണ്ട് ഉടമയുടെ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിന് പണം പിൻവലിക്കൽ അനുവദിക്കും.
    • ഒരു പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ ബാങ്കിൽ നിന്ന് മറ്റൊന്നിലേക്ക് ഇന്ത്യയിൽ എവിടെയും അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാം.
    • അക്കൗണ്ട് തുറന്ന തീയതി മുതൽ 21 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് കാലാവധി പൂർത്തിയാകും.
    • ഐ.ടി.ആക്ടിന്റെ സെക്ഷൻ.80-സി പ്രകാരം കിഴിവിന് യോഗ്യമാണ്.
    • പലിശ നിരക്ക്: 7.6%

    7. മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്

    2023 ലെ ബജറ്റിൽ പ്രഖ്യാപിച്ച സർക്കാരിന്റെ ഒറ്റത്തവണ ചെറുകിട സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്കീം. ഇത് ഭാഗിക പിൻവലിക്കൽ സൗകര്യത്തോടെ 7.5 ശതമാനം പലിശ നിരക്കിൽ 2 വർഷത്തേക്ക് സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ പേരിൽ 2 ലക്ഷം രൂപ വരെ നിക്ഷേപ സൗകര്യം വാഗ്ദാനം ചെയ്യുന്നു.

    8. കിസാൻ വികാസ് പത്ര

    • കുറഞ്ഞത് 1000 രൂപയും അതിനുശേഷം 100 രൂപയുടെ ഗുണിതങ്ങളുമായി നിക്ഷേപം നടത്താം. പരമാവധി നിക്ഷേപ പരിധിയില്ല.
    • പ്രായപൂർത്തിയായ ഒരാൾക്ക് തനിക്കുവേണ്ടിയോ പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് വേണ്ടിയോ അക്കൗണ്ട് തുറക്കാവുന്നതാണ്.
    • പ്രായപൂർത്തിയാകാത്ത ഒരാൾക്ക് 10 വയസ്സ് പൂർത്തിയായാൽ സിംഗിൾ ഹോൾഡർ ടൈപ്പ് അക്കൗണ്ട് തുറക്കാവുന്നതാണ്.
    • ജോയിന്റ് അക്കൗണ്ടുകൾ മൂന്ന് മുതിർന്നവർക്ക് വരെ ഒരുമിച്ച് ചേർന്ന് തുറക്കാവുന്നതാണ്
    • പോസ്റ്റ് ഓഫീസുകളിലും അംഗീകൃത ബാങ്കുകളിലും അക്കൗണ്ട് തുറക്കാം.
    • കെവിപി (കിസാൻ വികാസ് പത്ര) ഒരാളിൽ നിന്ന് മറ്റൊരാളിലേക്കും ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊരിടത്തേക്കും മാറ്റാം.
    • നിക്ഷേപ തീയതി മുതൽ രണ്ടര വർഷത്തിന് ശേഷം നിശ്ചിത നിരക്കിൽ കെവിപി പണമാക്കാവുന്നതാണ്.
    • കാലാവധി പൂർത്തിയാകുമ്പോൾ പണം ഇരട്ടിയാകും
    • പലിശ നിരക്ക്: 7.2 % (120 മാസം)

    9. റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് സ്കീം

    • ഈ സ്കീമിൽ പരമാവധി പരിധി നിശ്ചയിച്ചിട്ടില്ല. പ്രതിമാസം കുറഞ്ഞത് 100 രൂപ വീതം നിക്ഷേപിക്കാം.
    • 6 മാസത്തേക്കോ 12 മാസത്തേക്കോ നിക്ഷേപകന്റെ ഇഷ്ടപ്രകാരം നിക്ഷേപം നടത്താം
    • അക്കൗണ്ട് തുറന്ന് ഒരു വർഷത്തിനു ശേഷം നിലവിലുള്ള ബാലൻസ് തുകയുടെ 50% വരെ പിൻവലിക്കാൻ കഴിയും.
    • നിലവിൽ പോസ്റ്റ് ഓഫീസ് ആർഡിയിൽ 5.8% ആണ് പലിശ നിരക്ക്.

    10. പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ട്

    • കുറഞ്ഞത് 500 രൂപ നിക്ഷേപം നടത്താവുന്നതാണ്. പരമാവധി നിക്ഷേപ പരിധി ഇല്ല.
    • ഒരു വ്യക്തിക്ക് സ്വന്തം പേരിലോ അല്ലെങ്കിൽ മറ്റൊരു വ്യക്തിയുമായി സംയുക്തമായോ അക്കൗണ്ട് തുറക്കാം. പ്രായപൂർത്തിയാകാത്ത ഒരാളുടെ പേരിലും അക്കൗണ്ട് തുറക്കാം.
    • കൂടാതെ, 10 വയസ്സ് തികഞ്ഞ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും സ്വതന്ത്രമായി അക്കൗണ്ട് തുറക്കാം.
    • 4 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു (2023 മാർച്ച് 31 വരെ)
    Published by:Jayesh Krishnan
    First published: