നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gita Gopinath|ഗീത ഗോപിനാഥ്‌ IMF വിടുന്നു; ഹാർവാർഡ് സർവകലാശാലയിലേക്ക് മടങ്ങും

  Gita Gopinath|ഗീത ഗോപിനാഥ്‌ IMF വിടുന്നു; ഹാർവാർഡ് സർവകലാശാലയിലേക്ക് മടങ്ങും

  ഐഎംഎഫിൽ ചീഫ് എക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ഹാർവാർഡ് സർവകലാശാലയിൽ ഇന്റർനാഷണൽ സ്റ്റഡീസ് ആൻഡ് എക്കണോമിക്സ് വിഭാഗത്തിൽ പ്രൊഫസറായി പ്രവർത്തിച്ചു വരികയായിരുന്നു ഗീത ഗോപിനാഥ്‌.

  Gita Gopinath

  Gita Gopinath

  • Share this:
   സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ്‌ (Gita Gopinath)അന്താരാഷ്ട്ര നാണ്യനിധിയിലെ (IMF) ചീഫ് എക്കണോമിസ്റ്റ് സ്ഥാനം ഒഴിയുന്നു( chief economist of the International Monetary Fund). 2022 ജനുവരിയോടെ ഗീത ഐഎംഎഫ് വിടുമെന്ന് അന്താരാഷ്ട്ര നാണ്യനിധി മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ ചൊവ്വാഴ്ച അറിയിച്ചു. അവധി അവസാനിപ്പിച്ച് ഹാർവാർഡ് സർവകലാശാലയിലേക്ക്(Harvard University) ഗീത മടങ്ങുകയാണെന്നും അവർ വ്യക്തമാക്കി.

   ഐഎംഎഫിലെ ആദ്യത്തെ വനിതാ ചീഫ് എക്കണോമിസ്റ്റ് ആണ് ഗീത ഗോപിനാഥ്‌. 2018 ഒക്ടോബറിൽ ഐഎംഎഫിന്റെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങിയ ഗീത കോവിഡ് മഹാമാരി, വാക്സിനേഷൻ, കാലാവസ്ഥാ വ്യതിയാനത്തിന്റെ നിയന്ത്രണം മുതലായവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

   "ഐഎംഫിന്റെ ആദ്യത്തെ വനിതാ ചീഫ് എക്കണോമിസ്റ്റ് എന്ന നിലയിൽ ചരിത്രം സൃഷ്‌ടിച്ച വ്യക്തിയാണ് ഗീത ഗോപിനാഥ്‌. മഹാസാമ്പത്തികമാന്ദ്യത്തിന് ശേഷം ഉണ്ടായ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെ നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കെ അവരുടെ ബുദ്ധിവൈഭവവും അന്താരാഷ്ട്ര ധനകാര്യമേഖലയെക്കുറിച്ചും സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവും ഞങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്", ഐഎംഎഫ് അറിയിച്ചു.

   Also Read-വാക്സിൻ ലഭ്യതയിൽ ആഗോളതലത്തിലുള്ള വേർതിരിവ് എങ്ങനെ പരിഹരിക്കാം?

   2021 അവസാനത്തോടെ ലോകത്തെ 40 ശതമാനം ജനങ്ങൾക്കും 2022 ന്റെ ആദ്യപകുതിയോടെ 60 ശതമാനം ജനങ്ങൾക്കും വാക്സിനേഷൻ നൽകിക്കൊണ്ട് കോവിഡ് മഹാമാരിയ്ക്ക് അറുതി വരുത്താൻ ലക്ഷ്യമിടുന്ന 50 ബില്യൺ ഡോളറിന്റെ പദ്ധതി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ഗീത. അവരുടെ നിർദ്ദേശങ്ങൾ വലിയ പ്രശംസ പിടിച്ചു പറ്റുകയും ലോകബാങ്കും ലോകവ്യാപാര സംഘടനയും ലോകാരോഗ്യ സംഘടനയും അവ അംഗീകരിക്കുകയും ചെയ്തു.

   കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള നയരൂപീകരണത്തിനായി ഐഎംഎഫിനുള്ളിൽ ഒരു ഗവേഷക സംഘത്തെ സജ്ജീകരിക്കുന്നതിലും ഗീത ഗോപിനാഥ്‌ നേതൃപരമായ പങ്ക് നിർവഹിച്ചിട്ടുണ്ട്. "ഐഎംഎഫിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ഗീത. ഗവേഷണ വകുപ്പിലെ സഹപ്രവർത്തകരുടെ ആദരവും പ്രശംസയും പിടിച്ചു പറ്റുന്ന വിധത്തിൽ വലിയ സ്വാധീനം സൃഷ്ടിക്കാൻ ശേഷിയുള്ള നിരവധി ഗവേഷണങ്ങൾക്ക് അവർ നേതൃത്വം നൽകി.", ഐഎംഎഫ് മാനേജിങ് ഡയറക്ടർ ജോർജീവ പ്രസ്താവനയിലൂടെ അറിയിച്ചു.

   Also Read-Indian Currency | ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് ഏത് വസ്തു ഉപയോഗിച്ചാണ്? പേപ്പര്‍ എന്നാണുത്തരമെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി!

   ഐഎംഎഫിൽ ചീഫ് എക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ഹാർവാർഡ് സർവകലാശാലയിൽ ഇന്റർനാഷണൽ സ്റ്റഡീസ് ആൻഡ് എക്കണോമിക്സ് വിഭാഗത്തിൽ പ്രൊഫസറായി പ്രവർത്തിച്ചു വരികയായിരുന്നു ഗീത ഗോപിനാഥ്‌.

   1971ൽ മലയാളി ദമ്പതികളുടെ മകളായാണ് ഗീതയുടെ ജനനം. കൊൽക്കത്തയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം അവർ ഡൽഹിയിലെ ലേഡി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കി. ഡൽഹി സ്‌കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും വാഷിംഗ്‌ടൺ സർവകലാശാലയിൽ നിന്നും അവർ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

   2001ൽ പ്രിൻസ്ടൺ സർവകലാശാലയിൽ നിന്നാണ് ‌സാമ്പത്തികശാസ്ത്രത്തിൽ ഗവേഷണം പൂർത്തിയാക്കിയത്. 2001ൽ തന്നെ ചിക്കാഗോ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗീത 2005ലാണ് ഹാർവാർഡ് സർവകലാശാലയിലേക്ക് മാറിയത്.
   Published by:Naseeba TC
   First published:
   )}