• HOME
 • »
 • NEWS
 • »
 • money
 • »
 • ശുദ്ധമായ ഊർജം: ഇന്ത്യയുടെ 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയ്ക്ക് ഊർജമേകുന്നു

ശുദ്ധമായ ഊർജം: ഇന്ത്യയുടെ 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയ്ക്ക് ഊർജമേകുന്നു

ശുദ്ധമായ ഊർജ്ജത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ സാധ്യത അസൂയാവഹമാണ്. പരിപാടി നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ കാര്യത്തിലെന്ന പോലെ, QCI നടപ്പാക്കുന്ന ഗുണമേന്മയുടെ ആവാസവ്യവസ്ഥ ശുദ്ധമായ ഊർജ്ജം സുലഭമായ ഒരു ഭാവിയിലേക്ക് ഇന്ത്യയെ നയിക്കാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സംരക്ഷണ സംവിധാനങ്ങളും പ്രദാനം ചെയ്യുന്നു.

 • Share this:

  പുത്തൻ സമ്പദ്‌വ്യവസ്ഥകൾ മുഖ്യധാരയിലേക്ക് കടന്നുവരവേ, ലോകത്തിലെ അധികാരത്തിന്റെയും സ്വാധീനത്തിന്റെയും അച്ചുതണ്ട് സാവധാനം മാറുകയാണ് – സാമ്പത്തിക ശേഷിയുടെ കാര്യത്തിൽ മാത്രമല്ല നമ്മുടെ ഗ്രഹത്തിനും അതിലെ ജീവജാലങ്ങൾക്കും പ്രാധാന്യമർഹിക്കുന്ന വലിയ കാര്യങ്ങളിലും ഇത് സംഭവിച്ചികൊണ്ടിരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങൾ ചട്ടക്കൂടുകൾ സൃഷ്ടിക്കുകയും കരാറുകൾക്ക് നേതൃത്വം നൽകുകയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർ അവ പാലിക്കുകയും ചെയ്തിരുന്ന കാലം കഴിഞ്ഞിരിക്കുകയാണ്.

  ഇന്ന്, വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾക്ക് തങ്ങളുടേതായ സ്വന്തം ശബ്ദമുണ്ട്, അവയിൽ ഏറ്റവും പ്രബലമായ ശബ്ദങ്ങളിലൊന്ന് നമ്മുടേതാണ്. മിക്കാവാറും എല്ലാ മേഖലകളിലും ആഗോള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ, ഇന്ത്യ സ്വീകരിക്കുന്ന നിലപാട് നിർണായകമാണ് – ഭൗമരാഷ്ട്രീയ സ്ഥിരത, ഫ്യൂഷൻ പവറും ഇന്റർപ്ലാനറ്ററി ബഹിരാകാശ പറക്കലും പോലുള്ള കാര്യങ്ങളിൽ മുന്നേറ്റം കൈവരിക്കൽ, സ്ത്രീകളെ അധികാര തലങ്ങളിലേക്ക് ഉയർത്തൽ, ദാരിദ്ര്യ നിർമാർജനം, ആരോഗ്യ സംരക്ഷണം, പ്രകൃതി സംരക്ഷണം, കാലാവസ്ഥാ നടപടികൾ, സുസ്ഥിരത എന്നിവയെല്ലാം ഇതിൽ പെടുന്നു.

  2015-ലെ UN സുസ്ഥിര വികസന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ, “മനുഷ്യരാശിയുടെ ആറിലൊന്നിന്റെ സുസ്ഥിര വികസനം ലോകത്തിലും നമ്മുടെ മനോഹരമായ ഈ ഗ്രഹത്തിലും വലിയ സ്വാധീനം ചെലുത്തും. വെല്ലുവിളികൾ കുറഞ്ഞതും പ്രതീക്ഷകൾ വർദ്ധിച്ചതുമായ ഒരു ലോകമായിരിക്കും അത്; കൂടാതെ വിജയത്തെ കുറിച്ച് കൂടുതൽ ആത്മവിശ്വാസമുള്ളതും. ആ നിമിഷം ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ തലയുയർത്തി നിന്നു.

  ഈ വാക്കുകൾക്ക് പിന്നാലെ വേഗത്തിൽ നടപടികളുണ്ടായി. UN സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG-കൾ), SDG-കളുമായും അവയുടെ ലക്ഷ്യങ്ങളുമായും ബന്ധപ്പെട്ട സ്കീമുകളുടെ ആസൂത്രണം, ഓരോ ലക്ഷ്യത്തിനും പറ്റിയ നേതൃത്വം കണ്ടെത്തൽ, മന്ത്രാലയങ്ങളെ പിന്തുണയ്ക്കൽ എന്നിവ ഏകോപിപ്പിക്കാനുള്ള ചുമതല, ഭാരത സർക്കാരിന്റെ മുഖ്യ ചിന്താ കേന്ദ്രമായ NITI ആയോഗിനെ ഏൽപ്പിച്ചു. ഒരു കേന്ദ്ര ഏജൻസി എന്ന നിലയിൽ, NITI ആയോഗിന് മുഴുവൻ പദ്ധതിയും സംബന്ധിച്ച് വ്യക്തമായ ആകമാന ഗ്രാഹ്യമുണ്ട്. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ സ്വാധീനിക്കുന്ന ശ്രമങ്ങൾക്ക് അവർ പ്രത്യേക ഊന്നൽ നൽകുന്നു.

  ശുദ്ധമായ ഊർജത്തിലെ (clean energy) ഇന്ത്യയുടെ നിക്ഷേപമാണ് ഈ മേഖലകളിൽ ഒന്ന്. ഈ ഒരു മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, SDG 3 (നല്ല ആരോഗ്യവും ക്ഷേമവും), SDG 6 (ശുദ്ധമായ വെള്ളവും ശുചീകരണവും), SDG 7 (താങ്ങാവുന്നതും ശുദ്ധവുമായ ഊർജ്ജം), SDG 11 (സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും) SDG 13 (കാലാവസ്ഥാ നടപടികൾ), SDG 14 (ജലത്തിനടിയിലുള്ള ജീവൻ), SDG 15 (കരയിലെ ജീവൻ) എന്നിവയിലേക്ക് സൂചിക ചലിപ്പിക്കാൻ ഇന്ത്യക്ക് കഴിയും

  നിലവിൽ ഇന്ത്യ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 55% കൽക്കരിയിൽ നിന്നാണ്. എന്നാൽ, ശുദ്ധമായ ഊർജ്ജം ഉൽപ്പാദിപ്പിക്കാനുള്ള അനന്തമായ സാധ്യതകളുള്ള ഇന്ത്യയ്ക്ക് വാസ്തവത്തിൽ അതിന്റെ ആവശ്യമില്ല:

   ഇന്ത്യ പുനരുപയോഗ ഊർജത്തിന്റെ ലോകത്തിലെ മൂന്നാമത്തെ വലിയ ഉൽപ്പാദകരാണെന്നും നമ്മുടെ വൈദ്യുതി ശേഷിയുടെ 40% ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിൽ നിന്നാണ് വരുന്നതെന്നും ഉള്ളത് അധികമാരും അറിയാത്ത വസ്തുതയാണ്. 2030-ഓടെ പുനരുപയോഗ ഊർജ്ജ ശേഷി 500GW ആയി വർദ്ധിപ്പിച്ചുകൊണ്ട് നമ്മുടെ ഊർജ്ജ ആവശ്യത്തിന്റെ 50% പുനരുപയോഗിക്കാവുന്നത് ആക്കുകയെന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

  നമുക്കിത് ചെയ്യാൻ കഴിയും. സൂര്യൻ, കാറ്റ്, സമൃദ്ധമായ കൃഷിയുടെ ഫലമായുണ്ടാകുന്ന ജൈവവസ്തുക്കൾ എന്നിങ്ങനെ ഇത് സാധ്യമാക്കാൻ ആവശ്യമായ പ്രകൃതിവിഭവങ്ങൾ നമുക്കുണ്ട്. മൂലധന നിക്ഷേപത്തിന്റെ സ്ഥിരമായ വിതരണവും വിദഗ്ധരായ തൊഴിലാളികളും ദീർഘകാലത്തേക്കുള്ളതും ഉയർന്ന പ്രവർത്തനക്ഷമത നൽകുന്നതുമായ ഗുണമേന്മയുള്ള ശക്തമായൊരു സംവിധാനവുമാണ് ഇതൊക്കെ പ്രവർത്തനക്ഷമമാക്കാൻ നമുക്കിപ്പോൾ വേണ്ടത്.

  ഇവിടെയാണ് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (QCI) നമ്മളെ വിജയത്തിനായി ഒരുക്കുന്നത്. 25 വർഷം മുമ്പ് അത് തുടക്കംകുറിച്ചതു മുതൽ, പരിശീലനം, സർട്ടിഫിക്കേഷൻ, അക്രഡിറ്റേഷൻ, മെന്ററിംഗ് എന്നിവയിലൂടെ ഗുണനിലവാരമുള്ള ഒരു സംവിധാനം സൃഷ്ടിക്കാൻ QCI ശ്രമിച്ചിട്ടുണ്ട്. വിതരണക്കാർക്കും ദാതാക്കൾക്കും, ബിസിനസുകൾക്കും റെഗുലേറ്റർമാർക്കും, വൈദഗ്ധ്യമുള്ള തൊഴിലാളികളായിത്തീരാൻ ആഗ്രഹിക്കുന്നവർക്കും അവരെ ജോലിക്ക് എടുക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ് ഈ സംവിധാനം നിലകൊള്ളുന്നത്.

  ഒരു ബഹുമുഖ സമീപനത്തിലൂടെയാണ് QCI ഇത് സാധ്യമാക്കുന്നത്. ആദ്യ ഘട്ടം നൈപുണ്യ വികസനമാണ്. നിരവധി ബോർഡുകൾ ചേർന്നതാണ് QCI. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (NABET). സേവനങ്ങൾ, വിദ്യാഭ്യാസം (ഔപചാരികവും അനൗപചാരികവും), വ്യവസായം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ മൊത്തത്തിലുള്ള ഗുണമേന്മ ഉറപ്പേകാനുള്ള സംവിധാനങ്ങൾ NABET സ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസവും പരിശീലനവും നൽകുന്നവർ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നത് മാത്രമല്ല ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്, അന്തിമഫലം മെച്ചപ്പെടുത്താനായി അവർ നിരന്തരം NABET-മായി ചേർന്ന്  പ്രവർത്തിക്കുകയും ചെയ്യുന്നു.

  QCI-യുടെ ട്രെയിനിംഗ് ആൻഡ് കപ്പാസിറ്റി ബിൽഡിംഗ് (TCB) സെൽ വിവിധ മേഖലകളിൽ ഉടനീളം ശേഷി വർദ്ധിപ്പിക്കാനും ആഗോളതലത്തിലുള്ള മികച്ച സമ്പ്രദായങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനും അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. കാലത്തിനൊത്ത് പ്രവർത്തിച്ചുകൊണ്ട്, TCB ക്ലാസ് റൂം പരിശീലനം, വെർച്വൽ പരിശീലനം, വെബിനാറുകൾ, ഇ-ലേണിംഗ് എന്നിവയിലൂടെ പരിശീലനം നൽകുന്നു. ഇഷ്‌ടാനുസൃത പരിശീലന കോഴ്‌സുകൾ സൃഷ്ടിക്കാൻ GOI, റെഗുലേറ്റർമാർ, അക്കാദമിക് സ്ഥാപനങ്ങൾ, വ്യവസായ അസോസിയേഷനുകൾ എന്നിവരെ അവർ സഹായിക്കുകയും ചെയ്യുന്നു.

  കൂടാതെ, NABET-ന്റെ പരിസ്ഥിതി ആഘാത വിലയിരുത്തൽ (EIA) സ്കീമുകൾ ഹരിത മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനുള്ള GOI നിർദ്ദേശങ്ങൾ ദൈനംദിന വ്യവസായ പ്രവർത്തനങ്ങളിലേക്കും പുതിയ വികസന പദ്ധതികളിലേക്കും കടന്നുചെല്ലാൻ സഹായിക്കുന്നു. EIA റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കൺസൾട്ടന്റുകളും ഒരേ മാനദണ്ഡങ്ങൾക്ക് ചേർച്ചയിലാണ് പ്രവർത്തിക്കുന്നത്. മുഴുവൻ വ്യാവസായിക രംഗത്തും നിലവാരങ്ങൾ പാലിക്കുന്നവരുടെ എണ്ണം വർദ്ധിക്കാൻ ഇത് സഹായിക്കുന്നു.

  ഇവിടെയാണ്, സർട്ടിഫിക്കേഷൻ ബോഡികൾക്കായുള്ള നാഷണൽ അക്രഡിറ്റേഷൻ ബോർഡ് (NABCB) NGO-കൾ മുതൽ വൻകിട കോർപ്പറേഷനുകൾ വരെയുള്ള സേവന-ഉൽപ്പന്ന ദാതാക്കളുടെ മുഴുവൻ സമൂഹത്തെയും ട്യൂൺ ചെയ്യാനുള്ള ഒരു മാധ്യമമായി വർത്തിക്കുകയും എല്ലാവരേയും ഒരു ഗുണനിലവാര സംവിധാനത്തിനു കീഴിൽ വിന്യസിക്കുകയും ചെയ്യുന്നത്. നിർമ്മാതാക്കൾക്കും അന്തിമ ഉപയോക്താക്കൾക്കും സമൂഹത്തിന് മൊത്തത്തിലും നിക്ഷേപത്തിൽനിന്ന് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നുവെന്ന് QCI-യുടെ ഗുണനിലവാര സംവിധാനം ഉറപ്പാക്കുന്നു.

  നമ്മൾ ശുദ്ധമായ ഊർജത്തെ കുറിച്ച് സംസാരിക്കുമ്പോൾ, ഊർജ്ജ മാനേജ്‌മെന്റ് സംവിധാനങ്ങൾ, പരിസ്ഥിതി മാനേജ്‌മെന്റ് സംവിധാനങ്ങൾ, ഗുണനിലവാര മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവയിലെ NABCB അക്രഡിറ്റേഷനുകൾ വിശേഷാൽ പ്രസക്തമാണ്. ഈ നിർദ്ദിഷ്ട അക്രഡിറ്റേഷനുകൾ നൽകുന്നതിനു പുറമെ, IT-യും IT സുരക്ഷയും മുതൽ തൊഴിൽ സംബന്ധമായ ആരോഗ്യവും സുരക്ഷയും വരെയുള്ള എല്ലാ പിന്തുണാ പ്രവർത്തനങ്ങളുടെയും മാനദണ്ഡം NABCB ഉയർത്തുന്നു.

  വ്യവസായങ്ങൾ, സേവന വിഭാഗങ്ങൾ, കയറ്റുമതി എന്നിവയിൽ ഉടനീളമുള്ള വളർച്ചയെ നയിക്കുന്ന MSME മേഖലയുടെ ശക്തിയാണ് ഇന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഒരു പ്രബലമായ ശക്തിശ്രോതസ്സാക്കുന്നത്. എന്നിരുന്നാലും, ആഗോള വിപണികളിൽ കൂടുതൽ മത്സരക്ഷമമാകാൻ MSME മേഖലയ്ക്ക് കൈത്താങ്ങും പിന്തുണയും ആവശ്യമാണ്. പ്രസ്തുത ലക്ഷ്യത്തിൽ, MSME മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സീറോ ഇഫക്റ്റ് സീറോ ഡിഫെക്റ്റ് (ZED) പദ്ധതി ആരംഭിച്ചിരിക്കുന്നു. ZED ഇന്ത്യൻ ഉൽപ്പന്നങ്ങളെ ആഗോള വിപണിയിൽ അവിശ്വസനീയമാംവിധം ആകർഷകമാക്കുന്നു. കാരണം ഉയർന്ന ഗുണമേന്മയ്ക്കു പുറമെ, സമൂഹത്തിനോ പരിസ്ഥിതിയ്ക്കോ കോട്ടംതട്ടാത്ത വിധത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുകയോ സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നതാണെന്ന ഉറപ്പും അത് പ്രദാനം ചെയ്യുന്നു.

  ZED സർട്ടിഫിക്കേഷൻ നൽകാനായി MSME-കളുടെ സുസ്ഥിരതാ സമ്പ്രദായങ്ങൾ വിലയിരുത്തുന്നതിനാൽ, അവരുടെ ഊർജ്ജ സ്രോതസ്സിന് വലിയ മാറ്റമുണ്ടാക്കാൻ കഴിയും. MSME-കൾ സൗരോർജ്ജത്തെ ആശ്രയിക്കുന്നത്, പല ഇന്ത്യൻ സംസ്ഥാനങ്ങളിലും പവർ കട്ട് അതിന്റെ ഉച്ചസ്ഥായിലെത്തുന്ന വേനൽക്കാലത്ത് തങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ MSME-കളെ ഗണ്യമായി സഹായിക്കും. ഇത് അവരുടെ മത്സരക്ഷമതയ്ക്ക്, പ്രത്യേകിച്ച് പാശ്ചാത്യ വിപണികളിൽ, ഇരട്ട നേട്ടം നൽകുന്നു: ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള സുസ്ഥിരതയും വിശ്വസനീയമായ ഊർജ്ജ സ്രോതസ്സിൽ നിന്നുള്ള തടസ്സരഹിത ബിസിനസ്സും.

  ഇന്ത്യ വളർന്നുവരുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണ്. അതിനർത്ഥം നമ്മുടെ ഊർജ്ജ ആവശ്യങ്ങൾ ഇനിയും വർദ്ധിക്കുമെന്നാണ്. അതിനർത്ഥം ഒന്നുകിൽ ഭൗമഗ്രഹത്തിന് നല്ലത് ഏതാണോ അത് അല്ലെങ്കിൽ ആളുകൾക്ക് നല്ലത് ഏതാണോ അത് തിരഞ്ഞെടുക്കുക എന്നാണോ? അല്ല. ശരിക്കും മികച്ച ഒരു മാർഗമാണ് നമുക്കുള്ളത്. ശുദ്ധമായ ഊർജത്തിലുള്ള നമ്മുടെ നിക്ഷേപം നമ്മുടെ സാമ്പത്തിക അഭിവൃദ്ധി വർദ്ധിപ്പിക്കുന്നതൊടൊപ്പം ഫൊണ്ടിയർ സാങ്കേതികവിദ്യകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും എല്ലാ പൗരന്മാർക്കും മെച്ചപ്പെട്ട ജീവിത നിലവാരം പ്രദാനം ചെയ്യാനും കൂടുതൽ ശുദ്ധമായ വായുവും വെള്ളവും മെച്ചപ്പെട്ട ഭൂവിനിയോഗവും സാധ്യമാക്കാനും സഹായിക്കുന്നു.

  പ്രധാനമന്ത്രി നരേന്ദ്രമോദി 2015-ൽ നമുക്കായി യോഗ്യമായ ലക്ഷ്യങ്ങൾ വെച്ചു: വളർച്ചയും സുസ്ഥിരതയും പരസ്പരം ബന്ധമില്ലാത്തവയല്ലെന്ന് ലോകത്തെ കാണിക്കുക. ഈ ലക്ഷ്യങ്ങളെല്ലാം ഒന്നിച്ച് കൈവരിക്കാൻ, നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കടിഞ്ഞാണിടാതെ തന്നെ, പുനരുപയോഗ ഊർജ്ജ രംഗത്തെ സാദ്ധ്യതകൾ ഇന്ത്യ പൂർണമായും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഭാഗ്യവശാൽ, രാഷ്ട്രീയ ഇച്ഛാശക്തിയും അതോടൊപ്പം നമ്മുടെ പുനരുപയോഗ ഊർജ്ജ പദ്ധതിയിലേക്ക്  ഗുണ്വാട്ട സെ ആത്മനിർഭർതാ ആനയിക്കുന്ന QCI’s സംവിധാനവും നിലവിലുണ്ട്.

  Published by:Rajesh V
  First published: