കോവിഡ് 19 (COVID-19) മഹമാരിയുടെ വ്യാപനം രാജ്യത്തെ ട്രാവൽ ഇൻഷുറൻസുകളുടെ (Travel Insurances) ആവശ്യകത (Demand) കുതിച്ചുയരാൻ കാരണമായതായി റിപ്പോർട്ട്. കോവിഡിന് മുമ്പുള്ള കാലയളവിനെ (pre-COVID-19) അപേക്ഷിച്ച് 2021-22 സാമ്പത്തിക വർഷത്തിൽ (FY21-22) ട്രാവൽ ഇൻഷുറൻസ് പോളിസികൾക്കുള്ള ആവശ്യകതയിൽ വൻ വർധനയുണ്ടായതായാണ് ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് (Go Digit General Insurance) നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.
ട്രാവൽ ഇൻഷുറൻസുകളുടെയും പോളിസികളുടെയും ആവശ്യകതയെ കോവിഡ്-19 മഹാമാരി എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് അറിയുന്നതിനായി 2019 ഏപ്രിലിനും 2022 മാർച്ചിനും ഇടയിലാണ് ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് പഠനം നടത്തിയത്. 2019 ഏപ്രിലിനും 2022 മാർച്ചിനും ഇടയിലുള്ള കമ്പനിയുടെ എല്ലാ ട്രാവൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെയും വിവരങ്ങൾ പഠനത്തിന്റെ ഭാഗമായി വിശകലനം ചെയ്തിട്ടുണ്ട്. ഗോ ഡിജിറ്റിന്റെ ആന്തരിക ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
2019 -2020 സാമ്പത്തിക വർഷത്തെ അല്ലെങ്കിൽ കോവിഡ്-19-ന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് 2021-2022 സാമ്പത്തിക വർഷത്തിൽ ട്രാവൽ ഇൻഷൂറൻസിനുള്ള ആവശ്യകത വർധിച്ചതായാണ് പഠനത്തിലെ കണ്ടെത്തൽ. ഗോ ഡിജിറ്റ് 2021-2022 സാമ്പത്തിക വർഷത്തിൽ 12.8 ലക്ഷത്തിലധികം ട്രാവൽ പോളിസികൾ വിറ്റു. 2019-2020 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 100 ശതമാനത്തിലധികമാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്ന വളർച്ച. മഹാമാരിയെ കുറിച്ചുള്ള ഭയമാണ് ഇൻഷുറൻസ് പോളിസികളുടെ ആവശ്യകത ഉയരാനുള്ള പ്രധാനകാരണം എന്നാണ് പഠനത്തിലെ കണ്ടെത്തൽ.
2022-ന്റെ ആദ്യ മാസങ്ങളിൽ ആളുകൾ കൂടുതൽ ട്രാവൽ പോളിസികൾ വാങ്ങാൻ ഇത് കാരണമായതായി പഠനം വ്യക്തമാക്കുന്നു. ഇൻഷുറൻസ് കമ്പനി 2021-ൽ വിറ്റ മൊത്തം ട്രാവൽ പോളിസികളുടെ 75 ശതമാനത്തോളം നടപ്പുവർഷത്തിലെ ആദ്യ നാല് മാസങ്ങളിൽ തന്നെ വിറ്റതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ മാസങ്ങളിൽ, ട്രാവൽ പോളിസികൾക്ക് ഏറ്റവും കൂടുതൽ ആവശ്യകത ഉണ്ടായത് ഫെബ്രുവരി മാസത്തിലാണ്. എന്നാൽ കൂടുതൽ ക്ലെയിമുകൾ തീർപ്പാക്കിയതായി കണ്ടെത്തിയിരിക്കുന്നത് 2019-20 സാമ്പത്തിക വർഷത്തിലാണ്. ഇതിന് കാരണം ഇന്ത്യക്കാർ കൂടുതൽ യാത്ര ചെയ്തരുന്നത് കോവിഡിന് മുമ്പുള്ള കാലയളിവിലാണ് എന്നതാണ്. അതേസമയം 2022-ൽ, ഏറ്റവും കൂടുതൽ യാത്രാ ക്ലെയിമുകൾ തീർപ്പാക്കിയത് മാർച്ച് മാസത്തിലാണ്. ജനുവരിയിൽ തീർപ്പാക്കിയ ക്ലെയിമുകളെ അപേക്ഷിച്ച് ഏകദേശം 120 ശതമാനത്തോളമാണ് വർധനവ്.
2021-2022 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2020-21 സാമ്പത്തിക വർഷത്തിൽ ഫ്ലൈറ്റ് സർവീസുകളുടെ കാലതാമസം മൂലം യാത്രാ ക്ലെയിമുകൾ 3.5 മടങ്ങിലേറെ ഉയർന്നു. മൂന്ന് സാമ്പത്തിക വർഷങ്ങളിൽ 2019 ഏപ്രിലിനും 2022 മാർച്ചിനും ഇടയിൽ മുംബൈ-ഡൽഹി ( BOM-DEL) റൂട്ടിലാണ് ഏറ്റവും കൂടുതൽ ട്രാവൽ പോളിസികൾ വിറ്റഴിക്കപ്പെട്ടത്. ഫ്ലൈറ്റ് റദ്ദാക്കൽ, ഫ്ലൈറ്റുകളുടെ കാലതാമസം, നഷ്ടസാധ്യത മൂലമുള്ള റദ്ദാക്കൽ, ബുക്കിങിലെ മാറ്റങ്ങൾ എന്നിവയാണ് ഈ കാലയളവിൽ ട്രാവൽ ഇൻഷുറൻസ് ക്ലെയിം ചെയ്യപ്പെടാനുള്ള പ്രധാന കാരണങ്ങൾ.
റിപ്പോർട്ട് പ്രകാരം, ഇക്കാലയളവിൽ ഒറ്റ യാത്രയ്ക്ക് വേണ്ടിയുള്ള സിംഗിൾ ട്രിപ് ട്രാവൽ ഇൻഷുറൻസ് പോളിസികൾ വാങ്ങാനാണ് കൂടുതൽ പേരും താൽപര്യം കാണിച്ചത്. മൊത്തത്തിൽ, ഗോ ഡിജിറ്റ് 2022 സാമ്പത്തിക വർഷത്തിൽ ഏകദേശം 11.7 ലക്ഷം സിംഗിൾ ട്രിപ്പ് ട്രാവൽ പോളിസികൾ വിറ്റു. 2021 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 215 ശതമാനത്തോളമാണ് വർധനവ്. 2019 ഏപ്രിലിനും 2022 മാർച്ചിനും ഇടയിൽ നടത്തിയ മൊത്തം ട്രാവൽ ഇൻഷുറൻസ് ക്ലെയിമുകളുടെ 61 ശതമാനവും പുരുഷൻമാരിൽ നിന്നാണെന്നും പഠനം വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.