ഈ മാസം ആദ്യം മുതല്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ (Credit Card) ബില്ലിംഗ്, കാര്‍ഡ് വിതരണം, നിര്‍ത്തലാക്കല്‍ (Closure) എന്നിവ സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഉപഭോക്താവിന് കൂടുതല്‍ സുരക്ഷയും നിയന്ത്രണവും നല്‍കുന്നതിനൊപ്പം കാര്‍ഡ് ഉടമകളും ബാങ്കുമായുള്ള സുതാര്യത ഉറപ്പുവരുത്തുന്നതിനായാണ് റിസര്‍വ് ബാങ്ക് (RBI) പുതിയ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങള്‍ (credit Card Rule ) അവതരിപ്പിച്ചത്.
ഈ വര്‍ഷമാദ്യം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ പുറത്തിറക്കിയിരുന്നു. 2022ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കീഴിലുള്ള വ്യവസ്ഥകള്‍ ഇതിനകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
1949 ബാങ്കിംഗ് റെഗുലേഷന് ആക്റ്റിലെ സെക്ഷന്‍ 35 എ, സെക്ഷന്‍ 56 എന്നിവയും 1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റിന്റെ ചാപ്റ്റര്‍ IIIB ഉം നല്കുന്ന അധികാരങ്ങള്‍ വിനിയോഗിച്ചുകൊണ്ടാണ് പൊതുതാല്‍പ്പര്യത്തിന് ആവശ്യവും ഉചിതവുമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്നും തുടര്‍ന്നും പുതിയ നിര്‍ദേശങ്ങള്‍ പ്രഖ്യാപിമെന്നും
ആര്‍ബിഐ ഏപ്രില്‍ 21 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
പുതിയ മാറ്റങ്ങള്‍ എന്തെല്ലാം?;
പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് കീഴില്‍, ക്രെഡിറ്റ് കാര്‍ഡ് നല്‍കേണ്ടത് എങ്ങനെയെന്ന് വ്യക്തമായി പറയുന്നുണ്ട്. ഇതില്‍ ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്നതും ബില്ലിംഗും സംബന്ധിച്ചുള്ള മാറ്റങ്ങളും ഉള്‍പ്പെടുന്നു. ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട ഈ നിര്‍ദ്ദേശങ്ങളിലെ വ്യവസ്ഥകള്‍ എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും (പേയ്മെന്റ് ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളും ഒഴികെ) ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കിംഗ് ഇതര ഫിനാൻഷ്യൽ കമ്പനികള്‍ക്കും (എന്‍ബിഎഫ്സി) ബാധകമായിരിക്കും
ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്നതിനുള്ള നിയമം
ക്രെഡിറ്റ് കാര്‍ഡ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട്, ആര്‍ബിഐ അതിന്റെ ഉത്തരവില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 'ഒരു ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്നതിനുള്ള ഏത് അപേക്ഷയും കാര്‍ഡ് ദാതാക്കള്‍ ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പാക്കി കൊടുക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കിയിരുന്നു.
ഒരു അപേക്ഷ നല്കി ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് നിര്‍ത്തിലാക്കിയില്ലെങ്കില്‍ കാര്‍ഡ് ദാതാക്കള്‍ ഓരോ ദിവസവും ഉപഭോക്താവിന് 500 രൂപ നല്കാന് ബാധ്യസ്ഥരാണെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് നിര്‍ത്തിയതിന് ശേഷവും ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളില്‍ തുകയുണ്ടെങ്കില്‍ അത് കാര്‍ഡ് ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ലഭ്യമല്ലെങ്കില്‍ കാര്‍ഡ് ഉടമയുടെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
ക്രെഡിറ്റ് കാര്‍ഡ് നല്കുന്ന ധനകാര്യസ്ഥാപനം തപാല്‍ വഴിയോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ കാര്‍ഡ് ക്ലോസ് ചെയ്യുന്നത് സംബന്ധിച്ച അഭ്യര്‍ത്ഥന അയക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കരുതെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bank, Credit Card, Rbi