• HOME
  • »
  • NEWS
  • »
  • money
  • »
  • RBI | ക്രെഡിറ്റ് കാർഡ് റദ്ദാക്കാൻ വൈകിയാൽ കാർഡ് ഉടമക്ക് ദിവസവും 500 രൂപ; പുതിയ നിയമവുമായി ആർബിഐ

RBI | ക്രെഡിറ്റ് കാർഡ് റദ്ദാക്കാൻ വൈകിയാൽ കാർഡ് ഉടമക്ക് ദിവസവും 500 രൂപ; പുതിയ നിയമവുമായി ആർബിഐ

ക്രെഡിറ്റ് കാർഡ് റദ്ദാക്കിയതിനു ശേഷം, കാർഡ് ഉടമയെ ഇമെയിൽ, എസ്എംഎസ് തുടങ്ങിയ സേവനങ്ങൾ വഴി ഉടൻ തന്നെ വിവരം അറിയിക്കണമെന്നും ആർബിഐ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

  • Share this:
    ക്രെഡിറ്റ് കാർഡ് (Credit Card) , ഡെബിറ്റ് കാർഡ് (debit cards) എന്നിവ സംബന്ധിച്ച് പുതിയ നിയമ ഭേദ​ഗതികളുമായി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India). ജൂലൈ ഒന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.

    ഒരു ക്രെഡിറ്റ് കാർഡ് റദ്ദാക്കാൻ ഉപയോക്താവിൽ നിന്ന് അപേക്ഷ ലഭിച്ചാൽ, അത് കുടിശികയില്ലാത്ത അക്കൗണ്ട് ആണെങ്കിൽ 7 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണം എന്നാണ് ആർബിഐയുടെ അറിയിപ്പ്. ഇതിൽ വീഴ്ച വരുത്തിയാൽ പിഴ ഈടാക്കുമെന്നും ആർബിഐ വ്യക്തമാക്കി. പ്രതിദിനം 500 രൂപ ആയിരിക്കും പിഴ. ക്രെഡിറ്റ് കാർഡ് ഉടമകൾക്കാണ് ഈ തുക നൽകേണ്ടത്.

    ക്രെഡിറ്റ് കാർഡ് റദ്ദാക്കിയതിനു ശേഷം, കാർഡ് ഉടമയെ ഇമെയിൽ, എസ്എംഎസ് തുടങ്ങിയ സേവനങ്ങൾ വഴി ഉടൻ തന്നെ വിവരം അറിയിക്കണമെന്നും ആർബിഐ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. എല്ലാ ഷെഡ്യൂൾഡ് ബാങ്കുകൾ, സംസ്ഥാന സഹകരണ ബാങ്കുകൾ, ജില്ലാ സഹകരണ ബാങ്കുകൾ, ബാങ്കിങിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവക്കെല്ലാം പുതിയ വ്യവസ്ഥഖൾ ബാധകമാണ്.

    ക്രെഡിറ്റ് കാർഡ് റദ്ദാക്കാൻ കാർഡ് ഉടമക്ക് ഹെൽപ്പ് ലൈൻ, ഇമെയിൽ, ബാങ്കിന്റെ വെബ്സൈറ്റിലെ ലിങ്ക്, മൊബൈൽ ബാങ്കിങ് എന്നിവയെല്ലാം ഉപയോഗിക്കാം. തപാൽ വഴി അയക്കുന്ന അപേക്ഷകൾ ലഭിക്കാൻ കാലതാമസം നേരിടും എന്നതിനാൽ ഇതിനായി കാർഡ് ഉടമകളെ ബാങ്കുകൾ നിർബന്ധിക്കരുത് എന്നും ആർബിഐ പുതിയ വ്യവസ്ഥകളിൽ പറയുന്നു.

    റദ്ദാക്കുന്ന സമയത്ത് ക്രെഡിറ്റ് കാർഡിൽ ബാലൻസ് എന്തെങ്കിലു​മുണ്ടെങ്കിൽ ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് അത് ട്രാൻസ്ഫർ ചെയ്യണം. ഒരു വർഷത്തിൽ അധികമായി ഉപയോ​ഗത്തിൽ ഇല്ലാത്ത ക്രെഡിറ്റ് കാർഡ് ആണെങ്കിൽ കാർഡ് ഉടമയെ അറിയിച്ചതിന് ശേഷം ബാങ്കുകൾക്ക് കാർഡ് റദ്ദാക്കുന്നതിനുള്ള നടപടികൾ തുടങ്ങാം. 30 ദിവസത്തിനുള്ളിൽ കാർഡ് ഉടമയിൽ നിന്ന് മറുപടി ലഭിച്ചില്ലെങ്കിൽ ബാങ്കിന് കാർഡ് റദ്ദാക്കാവുന്നതാണ്. കാർഡ് റദ്ദാക്കിയ വിവരം 30 ദിവസത്തിനുള്ളിൽ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയെ അറിയിക്കുകയും വേണം.

    ക്രെഡിറ്റ് കാർഡുകളുടെ പേരിൽ ബാങ്കുകൾ നടത്തുന്ന കൊള്ള തടയാൻ സഹായിക്കുന്നതാണ് ആർബിഐയുടെ പുതിയ നിയമങ്ങൾ. തങ്ങൾ ആവശ്യപ്പെടാതെ തന്നെ ചില ബാങ്കുകൾ ക്രെഡിറ്റ് കാർഡുകൾ അടിച്ചേൽപ്പിക്കുന്നുവെന്നു എന്നുള്ള പരാതികൾ പല അക്കൗണ്ട് ഉടമകളിൽ നിന്നും ഉയർന്നിരുന്നു.

    ഓരോ മാസത്തിൽ അല്ലെങ്കിൽ ഓരോ ബില്ലിംഗ് കാലയളവിന്റെ അവസാനത്തിലാണ് ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ അയക്കാറ്. ആ മാസം എന്തൊക്കെ ഇടപാടുകൾ നടത്തി എന്നത് ആ അക്കൗണ്ട് സ്റ്റേറ്റെമെന്റിൽ വ്യക്തമാക്കിയിട്ടുണ്ടാവും.

    ആദ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് സ്റ്റേറ്റ്മെന്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം. ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ ഈ സ്റ്റേറ്റ്മെന്റ് കൃത്യമായി മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. അധിക ചാർജുകൾ മനസിലാക്കാൻ ഇത് സഹായിക്കും.
    Published by:Jayashankar Av
    First published: