ക്രെഡിറ്റ് കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സമയപരിധി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നീട്ടി. ജൂലൈ 1നായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. 2022 ഒക്ടോബര്‍ 1 വരെയാണ് ആര്‍ബിഐ സമയപരിധി നീട്ടിയിരിക്കുന്നത്.
ഇഷ്യു ചെയ്ത് 30 ദിവസത്തിനുള്ളില്‍ ഒരു ഉപഭോക്താവ് ക്രെഡിറ്റ് കാര്‍ഡ് (credit card) ആക്ടിവേറ്റ് ചെയ്തില്ലെങ്കില്‍, ബാങ്കുകളോ കാര്‍ഡ് വിതരണക്കാരോ കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാന്‍ ഉപയോക്താവില്‍ നിന്ന് ഒടിപി ആവശ്യപ്പെടണം. കാര്‍ഡ് ആക്ടിവേറ്റ് (activate) ചെയ്യുന്നതിന് ഉപഭോക്താവ് സമ്മതം നല്കുന്നില്ലെങ്കില്, കാര്‍ഡ് വിതരണക്കാര്‍ ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ കാര്‍ഡ് ക്ലോസ് ചെയ്യണം.
ക്രെഡിറ്റ് കാര്‍ഡിലെ ക്രെഡിറ്റ് പരിധി വര്‍ദ്ധിപ്പിക്കുന്നതിന് മുമ്പ് കാര്‍ഡ് വിതരണക്കാര്‍ ഉപഭോക്താവിന്റെ സമ്മതം ചോദിക്കണം. 'കാര്‍ഡ് ഉടമയുടെ സമ്മതം ലഭിക്കാതെ, ഉടമയ്ക്ക് അനുവദിച്ചിട്ടുള്ള ക്രെഡിറ്റ് പരിധി ഒരു സമയത്തും ലംഘിക്കപ്പെടുന്നില്ലെന്ന് വിതരണക്കാര്‍ ഉറപ്പാക്കണം,' ആര്‍ബിഐ പരാമര്‍ശിച്ചു.
കൂടാതെ, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക അടയ്ക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും, കുടിശ്ശികയുള്ള ഏറ്റവും കുറഞ്ഞ തുക ഉള്‍പ്പെടെ, വ്യവസ്ഥ ചെയ്യുന്നതായി ആര്‍ബിഐ അറിയിച്ചിരുന്നു. മറ്റ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സമയപരിധിയില്‍ മാറ്റമില്ലെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.
ജൂലൈ 1 മുതല്‍ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങള്‍ മാറും
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ നല്കുമ്പോള് കാര്‍ഡ് വിതരണക്കാര്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏപ്രിലില്‍ പുറത്തിറക്കിയിരുന്നു. പുതിയ നിയമങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അതില്‍ ബില്ലിംഗ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ക്ലോസ് ചെയ്യല്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുന്നുണ്ട്. എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും (പേയ്മെന്റ് ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍ എന്നിവ ഒഴികെ) ഇന്ത്യയിലെ എല്ലാ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്കും (എന്‍ബിഎഫ്സി) വ്യവസ്ഥകള്‍ ബാധകമാണ്.
മാത്രമല്ല, ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ലിംഗ് സ്റ്റേറ്റ്മെന്റില്‍ കാലതാമസം ഉണ്ടാകരുത്. കാര്‍ഡ് ഉടമയ്ക്ക് ബില്ലിംഗ് സ്റ്റേറ്റ്മെന്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കാര്‍ഡ് വിതരണക്കാര്‍ ഒരു സംവിധാനം നടപ്പിലാക്കണമെന്നും ആര്‍ബിഐ പറഞ്ഞു. റിസര്‍വ് ബാങ്ക് പറയുന്നതനുസരിച്ച്, ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍/സ്റ്റേറ്റ്മെന്റുകള്‍ അയയ്ക്കുന്നുണ്ടെന്നും പലിശ ഈടാക്കുന്നതിന് രണ്ടാഴ്ചയ്ക്ക് മുമ്പ് കൃത്യമായ ദിവസം അറിയിക്കുന്നുണ്ടെന്നും കാര്‍ഡ് വിതരണക്കാര്‍ ഉറപ്പാക്കണം.
അതേസമയം, ജൂലൈ 1 മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കാര്‍ഡ് ടോക്കണൈസേഷന് എന്ന പുതിയ സംവിധാനം നടപ്പിലാക്കും. ഉപഭോക്താവ് തന്റെ ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ടോക്കണൈസ് ചെയ്തില്ലെങ്കില്‍, ഓരോ തവണ പണമടയ്ക്കുമ്പോഴും വിശദാംശങ്ങള്‍ നല്‍കേണ്ടിവരും.
കാര്‍ഡിലെ ശരിയായ വിവരങ്ങള്‍ക്ക് പകരം 'ടോക്കണ്‍' എന്നറിയപ്പെടുന്ന ബദല്‍ കോഡ് ഉപയോഗിക്കുന്നതിനെയാണ് ടോക്കണൈസേഷന് എന്ന് പറയുന്നത്. ടോക്കണ്‍ റിക്വസ്റ്റര്‍ നല്കുന്ന ആപ്പില്‍ ഒരു അപേക്ഷ സമര്‍പ്പിക്കുന്നതിലൂടെ കാര്‍ഡ് ഉടമയ്ക്ക് കാര്‍ഡ് ടോക്കണൈസ് ചെയ്യാവുന്നതാണ്. ഉപഭോക്താവിന്റെ അപേക്ഷ ടോക്കണ്‍ റിക്വസ്റ്റര്‍ കാര്‍ഡ് ശൃംഖലയ്ക്ക് നല്‍കും. തുടര്‍ന്ന് കാര്‍ഡ് ഇഷ്യൂവറിന്റെ അനുമതിയോടെ ഉപഭോക്താവിന് ടോക്കണ്‍ അനുവദിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Credit Card, Debit Card, Rbi