• HOME
 • »
 • NEWS
 • »
 • money
 • »
 • Cryptocurrency | സ്‌കൂളുകളില്‍ ക്രിപ്‌റ്റോ കറന്‍സിയെക്കുറിച്ച് പഠിപ്പിക്കണം, അധികാരമേറ്റാല്‍ ക്രിപ്റ്റോ സൗഹൃദ നഗരം നിര്‍മ്മിക്കും: ന്യൂയോര്‍ക്ക് സിറ്റി നിയുക്ത മേയര്‍

Cryptocurrency | സ്‌കൂളുകളില്‍ ക്രിപ്‌റ്റോ കറന്‍സിയെക്കുറിച്ച് പഠിപ്പിക്കണം, അധികാരമേറ്റാല്‍ ക്രിപ്റ്റോ സൗഹൃദ നഗരം നിര്‍മ്മിക്കും: ന്യൂയോര്‍ക്ക് സിറ്റി നിയുക്ത മേയര്‍

ബിറ്റ്കോയിന്‍ വിശദീകരിക്കാമോ എന്ന് ചോദിച്ചപ്പോള്‍, വിദഗ്ധര്‍ക്ക് പോലും ഇതൊരു വെല്ലുവിളിയാണെന്ന് പറഞ്ഞ് അദ്ദേഹം പുഞ്ചിരിച്ചു

bitcoin

bitcoin

 • Share this:
  ജനങ്ങളുടെ ഇടയില്‍ ക്രിപ്‌റ്റോ കറന്‍സിയെക്കുറിച്ച് (Crypto Currency) കൂടുതല്‍ അവബോധം ഉണ്ടാക്കിയെടുക്കണമെന്ന് ന്യൂയോര്‍ക്ക് മേയറായി (New York City Mayor) തിരഞ്ഞെടുക്കപ്പെട്ട എറിക് ആഡംസ്. ക്രിപ്‌റ്റോ കറന്‍സിയെയും അതിന്റെ സാങ്കേതികവിദ്യയെയും കുറിച്ച് സ്‌കൂളുകളിൽ പഠിപ്പിക്കണമെന്ന് പറഞ്ഞ എറിക് ജനുവരിയില്‍ താന്‍ അധികാരമേറ്റാല്‍ ക്രിപ്റ്റോ സൗഹൃദ നഗരം നിര്‍മ്മിക്കുമെന്ന് വാഗ്ദ്ദാനം ചെയ്യുകയും ചെയ്തു.

  ''ബ്ലോക്ക്‌ചെയിനിനെക്കുറിച്ചും (Blockchain) ബിറ്റ്‌കോയിനുകളെക്കുറിച്ചും (Bitcoins) ഞാന്‍ സംസാരിച്ചപ്പോള്‍, പ്രദേശത്തെ ചെറുപ്പക്കാര്‍ എന്റെ സംസാരം നിര്‍ത്തിച്ച് 'അതെന്താണ്?' എന്ന് ചോദിച്ചു'', ഞായറാഴ്ച സിഎന്‍എനിന്റെ 'സ്റ്റേറ്റ് ഓഫ് യൂണിയനില്‍' പങ്കെടുക്കവെ ആഡംസ് പറഞ്ഞു.

  ബിറ്റ്കോയിന്‍ വിശദീകരിക്കാമോ എന്ന് ചോദിച്ചപ്പോള്‍, വിദഗ്ധര്‍ക്ക് പോലും ഇതൊരു വെല്ലുവിളിയാണെന്ന് പറഞ്ഞ് അദ്ദേഹം പുഞ്ചിരിച്ചു. ബിറ്റ്‌കോയിന്‍ അര്‍ത്ഥമാക്കുന്നത് ''ലോകമെമ്പാടുമുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമായി പണമടയ്ക്കുന്നതിനുള്ള ഒരു പുതിയ മാര്‍ഗം'' എന്നാണ്. ''നമ്മള്‍ ചെയ്യേണ്ടത് ഇതാണ് - ഈ സാങ്കേതികവിദ്യയും അതുമായി ബന്ധപ്പെട്ട ചിന്താരീതിയും പഠിപ്പിക്കുന്നതിന് നമ്മുടെ സ്‌കൂളുകളില്‍ അവസരം സൃഷ്ടിക്കുക.'', അദ്ദേഹം അഭിപ്രായപ്പെട്ടു.

  ബിറ്റ്കോയിന്‍ പോലെയുള്ള മറ്റ് ക്രിപ്റ്റോകറന്‍സികള്‍ സ്വീകരിക്കാന്‍, ന്യൂയോര്‍ക്ക് സിറ്റി ബിസിനസുകളെ പ്രോത്സാഹിപ്പിക്കുമോ എന്ന ചോദ്യത്തിന് 61 കാരനായ ഡെമോക്രാറ്റ് നേതാവ് പറഞ്ഞത്, ''ഞങ്ങള്‍ അത് പരിശോധിക്കും, ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചുവട് വയ്ക്കാന്‍ പോകുന്നു.'' എന്നാണ്. തന്റെ ആദ്യത്തെ മൂന്ന് ശമ്പളം ബിറ്റ്‌കോയിനിൽ വാങ്ങുമെന്നും ക്രിപ്റ്റോയുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി നഗരത്തില്‍ വിദഗ്ദ്ധസംഘത്തെ സൃഷ്ടിക്കുമെന്നും മേയറായി തിരഞ്ഞെടുക്കപ്പെട്ട ആഡംസ് പറഞ്ഞു.

  ക്രിപ്റ്റോ കറന്‍സി ജോലികള്‍ക്കായുള്ള യുഎസ് ഹബ്ബുകളില്‍ ഒന്നായി മാറിയ മിയാമിയുമായി ഒരു ''സൗഹൃദ മത്സരം'' നടത്തുന്നതിനെ സംബന്ധിച്ച് ബ്ലൂംബെര്‍ഗ് റേഡിയോയില്‍ ബുധനാഴ്ച നല്‍കിയ അഭിമുഖത്തില്‍ ആഡംസ് സംസാരിച്ചിരുന്നു. 'മിയാമി കോയിനിന് സമാനമായി എന്‍.വൈ.സി (NYC) ക്രിപ്റ്റോ നാണയംഅഥവാ ന്യൂയോര്‍ക്ക് സിറ്റി കോയിന്‍ സൃഷ്ടിക്കുന്നതിനായി ശ്രമം നടത്തുമെന്നായിരുന്നു ആ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയത്.

  എന്താണ് ക്രിപ്റ്റോകറന്‍സി?

  ക്രിപ്റ്റോകറന്‍സി ഒരു ഡിജിറ്റല്‍ കറൻസിആണെന്ന് ലളിതമായി പറയാം. സാധാരണ കറന്‍സി പോലെ പേഴ്‌സില്‍ കൊണ്ടു നടക്കാനോ കൈയില്‍ നേരിട്ട് കൊണ്ടു നടക്കാനോ കഴിയില്ല. കാണാനോ സ്പര്‍ശിക്കാനോ കഴിയാത്ത ക്രിപ്റ്റോകറന്‍സിക്ക് മൂല്യമുണ്ട്. ഈ പണം ഉപയോഗിച്ചുള്ള കൈമാറ്റങ്ങള്‍ ഓണ്‍ലൈനായിട്ടാണ് നടത്തുക. ഒരു ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിറ്റിയില്ലെങ്കിലും ഇടപാടുകളുടെ രേഖകള്‍ സൂക്ഷിക്കാന്‍ ഓണ്‍ലൈന്‍ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയാണ് ഇത് ഉപയോഗിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ആളുകള്‍ ഈ ഡിജിറ്റല്‍ കറൻസി കൈവശം വയ്ക്കാന്‍ തുടങ്ങിയാൽ പതിയെ ഇതിന്റെ മൂല്യം വര്‍ദ്ധിക്കുകയും കൂടുതല്‍ ഉപയോഗം ഉണ്ടാകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

  ബിറ്റ്‌കോയിന്‍, എതറിയം, കര്‍ഡാനോ, റിപ്പിള്‍ എന്നിവയാണ് നിലവിലെ പ്രമുഖ ക്രിപ്‌റ്റോകറന്‍സികള്‍. ഈ കറന്‍സികള്‍ക്കെല്ലാം അതിന്റേതായ പ്രത്യേക ലക്ഷ്യമുണ്ട്. ഉദാഹരണത്തിന്, ബിറ്റ്‌കോയിനെ സ്വര്‍ണ്ണത്തിന് പകരമായിട്ടും, എതെറിയം ഒരു സൂപ്പര്‍ കമ്പ്യൂട്ടറായിട്ടുമാണ് കണക്കാക്കപ്പെടുന്നത്. ഇത് കൂടാതെ വിനോദത്തിനായി സൃഷ്ടിച്ച ഡോജ്‌കോയിന്‍, ഷിബ യിനു കോയിന്‍ ഒക്കെ ക്രിപ്‌റ്റോകറന്‍സികളില്‍ ഉള്‍പ്പെടുന്നു.
  Published by:Karthika M
  First published: