നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Life Certificate | പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി

  Life Certificate | പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി

  ഇപ്പോൾ, എല്ലാ കേന്ദ്ര ഗവൺമെന്റ് പെൻഷൻകാർക്കും 2021 ഡിസംബർ 31 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാവുന്നതാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഈ വർഷം പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് (Life Certificate) സമർപ്പിക്കാൻ കൂടുതൽ സമയം ലഭിക്കും. നിലവിലെ സാഹചര്യം പരിഗണിച്ച് പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള സമയം ഒരു മാസം കൂടി നീട്ടി നൽകാനാണ് സർക്കാരിന്റെ തീരുമാനം. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. വിജ്ഞാപനമനുസരിച്ച് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30ൽ നിന്നും ഡിസംബർ 31ലേക്ക് നീട്ടി. നിലവിലെ കോവിഡ് 19 മഹാമാരി കണക്കിലെടുത്താണ് സമയ പരിധി നീട്ടി നൽകിയതെന്നും വൈറസ് കാരണം മുതിർന്ന പൗരന്മാർക്ക് പലപ്പോഴും പുറത്തുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും സർക്കാർ അറിയിച്ചു. പെൻഷൻകാർക്ക് ഏറ്റവും ആവശ്യമായ ഒരു രേഖയാണ് ജീവൻ പ്രമാൺ പത്ര എന്ന് അറിയപ്പെടുന്ന ലൈഫ് സർട്ടിഫിക്കറ്റ്. പെൻഷൻ വാങ്ങുന്നവർ തങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുന്നതിനായി സമർപ്പിക്കേണ്ട പ്രധാന രേഖയാണ് ഇത്.

   പെൻഷൻ (Pension) വാങ്ങുന്നവർ സാധാരണയായി എല്ലാ വർഷവും നവംബർ 30ന് മുമ്പായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. എന്നാൽ, ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയപരിധി നീട്ടിയതായി ഡിസംബർ 1ലെ ഓഫീസ് മെമ്മോറാണ്ടത്തിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പെൻഷൻ & പെൻഷനേഴ്‌സ് വെൽഫെയറിന്റെ (DoPPW) പ്രഖ്യാപനം വന്നതോടെ ഈ പതിവിന് മാറ്റം വന്നിരിക്കുകയാണ്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനായി വിരമിച്ച നിരവധി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നേരിട്ട് ബാങ്ക് ശാഖകൾ സന്ദർശിക്കേണ്ടതായി വരും. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് 19 മഹാമാരിയുടെ വ്യാപനം കണക്കിലെടുത്തും പ്രായമായവരുടെ കൊറോണ വൈറസ് അപകടസാധ്യത കണക്കിലെടുത്തും എല്ലാ പ്രായത്തിലുമുള്ള പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള നിലവിലെ സമയപരിധി നവംബർ 30 ൽ നിന്നും നീട്ടാൻ തീരുമാനിച്ചതായാണ് മെമ്മോറാണ്ടത്തിൽ പറയുന്നത്. ഈ കാലയളവിൽ ആർക്കും പെൻഷൻ മുടങ്ങില്ല. എല്ലാ പെൻഷൻകാർക്കും പെൻഷൻ വിതരണ അതോറിറ്റികളിൽ നിന്ന് (പിഡിഎ) പെൻഷൻ തടസ്സമില്ലാതെ ലഭിക്കുമെന്ന് വകുപ്പ് വ്യക്തമാക്കി.

   ഇപ്പോൾ, എല്ലാ കേന്ദ്ര ഗവൺമെന്റ് പെൻഷൻകാർക്കും 2021 ഡിസംബർ 31 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാവുന്നതാണ്. നീട്ടി നൽകിയിട്ടുള്ള ഈ കാലയളവിൽ, പെൻഷൻ വിതരണം ചെയ്യുന്ന അധികാരികൾ (പിഡിഎ) തടസ്സമില്ലാതെ പെൻഷൻ നൽകുന്നത് തുടരുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോവിഡ് 19 സാഹചര്യങ്ങൾക്കിടയിൽ ബാങ്ക് ശാഖകളിൽ തിരക്ക് അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വകുപ്പ് (DoPPW) പറഞ്ഞു.

   ലൈഫ് സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി സമർപ്പിക്കാം

   ജീവൻ പ്രമാൺ വെബ്‌സൈറ്റ് (https://jeevanpramaan.gov.in/) അല്ലെങ്കിൽ ആപ്പ് ഉപയോഗിച്ച് ലൈഫ് സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി സമർപ്പിക്കാം. ഇതിന് ആദ്യം ജീവൻ പ്രമാൺ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഇതിൽ അപേക്ഷകന് അവരുടെ ആധാർ നമ്പർ, പെൻഷൻ പേമെന്റ് ഓർഡർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, മൊബൈൽ നമ്പർ എന്നിവ നൽകി സ്വയം രജിസ്റ്റർ ചെയ്യാം. ഈ പോർട്ടൽ ആധാർ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ബയോമെട്രിക് സ്ഥിരീകരണം നടത്തുന്നത്. തിരിച്ചറിയലിനായി അപേക്ഷകൻ അവരുടെ വിരലടയാളം സമർപ്പിക്കേണ്ടതുണ്ട്. വിജയകരമായി സ്ഥിരീകരണം നടന്നു കഴിഞ്ഞാൽ ഉടൻ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ജീവൻ പ്രമാൺ പോർട്ടൽ ഒരു എസ്എംഎസ് അയയ്ക്കും ഇതിൽ ലൈഫ് സർട്ടിഫിക്കറ്റ് ഐഡി ഉണ്ടായിരിക്കും. തുടർന്ന് ഈ ഐഡി നൽകി നിങ്ങളുടെ ലൈഫ് സർട്ടിഫിക്കറ്റ് എടുക്കാം.

   നേരിട്ട് രജിസ്റ്റർ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് തോന്നുന്നുവെങ്കിൽ, പെൻഷൻകാർക്ക് പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകൾ നേരിട്ട് സന്ദർശിച്ചും ലൈഫ് സർട്ടിഫിക്കറ്റ് എടുക്കാം. ഇതിനായി ബാങ്കുകളിൽ ഒരു അപേക്ഷഫോം സമർപ്പിക്കണം. ഡോർസ്റ്റെപ്പ് ബാങ്കിങ് സേവനം ഉപയോഗപ്പെടുത്തിയും ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം. ഇതിൽ പെൻഷൻകാർക്ക് വീട്ടിലിരുന്ന് തന്നെ ഒരു പോസ്റ്റ്മാൻ വഴിയോ നിയുക്ത ഉദ്യോഗസ്ഥൻ വഴിയോ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.

   കൂടാതെ, ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്കായി വീഡിയോ കോളിങ് സൗകര്യവും ആരംഭിച്ചിട്ടുണ്ട്. വീഡിയോ ലൈഫ് സർട്ടിഫിക്കറ്റ് സേവനത്തിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ സൗകര്യത്തിന് അനുസരിച്ച് എസ്ബിഐ ജീവനക്കാരുമായി വീഡിയോ കോൾ നിശ്ചയിക്കാനും ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കഴിയും. വീഡിയോ കോളിൽ ഹാജരാകുമ്പോൾ പാൻ കാർഡ് കൈവശം വെയ്ക്കാൻ മറക്കരുത്. പെൻഷൻ വാങ്ങുന്ന എല്ലാ എസ്ബിഐ ഉപഭോക്താക്കൾക്കും ഈ സേവനത്തിന് അർഹതയുണ്ട്.

   പ്രതിമാസ പെൻഷൻ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് വളരെ പ്രധാനമാണ്. എന്നാൽ, ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നേരിട്ട് ഹാജരാവുക എന്നത് പ്രായമായവർക്ക് ഒരു ബുദ്ധിമുട്ടായി മാറിയിരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് കേന്ദ്രം ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജീവൻ പ്രമാൺ കൊണ്ടുവന്നത്. ഇതുവഴി ലൈഫ് സർട്ടിഫിക്കറ്റിന് വേണ്ട മുഴുവൻ നടപടിക്രമങ്ങളും ഡിജിറ്റലായി നടത്താം.
   Published by:Jayesh Krishnan
   First published: