Post Office RD| ആര്‍ഡി നിക്ഷേപം മുടങ്ങിയാല്‍ പിഴയടയ്ക്കേണ്ടതുണ്ടോ? പോസ്റ്റ് ഓഫീസ് ആര്‍ഡിയിലെ പിഴ ഇങ്ങനെ
Post Office RD| ആര്‍ഡി നിക്ഷേപം മുടങ്ങിയാല്‍ പിഴയടയ്ക്കേണ്ടതുണ്ടോ? പോസ്റ്റ് ഓഫീസ് ആര്‍ഡിയിലെ പിഴ ഇങ്ങനെ
പണം നിക്ഷേപിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനായി, പോസ്റ്റ് ഓഫീസ് ആര്‍ഡികള്‍ മുന്‍കൂര്‍ നിക്ഷേപങ്ങള്‍ക്ക് കിഴിവുകള്‍ നല്‍കുന്നുണ്ട്. തുച്ഛമായ വരുമാനമുള്ള ഒരു വ്യക്തിയ്ക്ക് മറ്റ് ആവശ്യങ്ങള്‍ക്കായി വലിയ തുക ലാഭിക്കാന്‍ ഇത് സഹായിക്കും.
Last Updated :
Share this:
ഏറ്റവും ജനകീയമായ നിക്ഷേപ പദ്ധതിയാണ് റെക്കറിംഗ് നിക്ഷേപങ്ങള്‍ (Recurring Deposits) അഥവാ ആര്‍ഡി നിക്ഷേപങ്ങള്‍. സ്ഥിരമായ ആദായം നല്കുന്നവയാണ് ആര്‍ഡി നിക്ഷേപങ്ങള്‍. ഇത്തരം അക്കൗണ്ടുകളില്‍ ഉപയോക്താവ് തുക ഗഢുക്കളായി നല്‍കുകയും മെച്യൂരിറ്റി കാലാവധി എത്തുമ്പോള്‍ മെച്യൂരിറ്റി തുക സ്വീകരിക്കുകയുമാണ് ചെയ്യുക. ഉപയോക്താവ് ഏത് വിഭാഗത്തില്‍പെടുന്നു, തെരഞ്ഞെടുക്കുന്ന കാലാവധി എത്ര എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് ബാങ്കുകള്‍ ആര്‍ഡികള്‍ക്ക് നല്കുന്ന പലിശ നിരക്ക് നിശ്ചയിക്കുന്നത്.
ബാങ്കുകളില്‍ മാത്രമല്ല, പോസ്റ്റ് ഓഫീസിലും നിങ്ങള്‍ക്ക് ആര്‍ഡി നിക്ഷേപങ്ങള്‍ ആരംഭിക്കാവുന്നതാണ്. പദ്ധതിയിലെ ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 100 രൂപയാണ്. അഞ്ച് വര്‍ഷമാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി നിക്ഷേപങ്ങളുടെ കാലാവധി. ഇത്തരം നിക്ഷേപം ആരംഭിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക പ്രതിമാസം 10 രൂപയാണ്. 5 രൂപയുടെ ഗുണിതങ്ങളായ തുകയാണ് ഇത്തരം അക്കൗണ്ടുകളില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. എന്നാല്‍ നിക്ഷേപിക്കുന്ന പരമാവധി തുകയ്ക്ക് ഇവിടെയും പരിധിയില്ല. 5.8 ശതമാനം വാര്‍ഷിക നിരക്കിലാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി നിക്ഷേപകര്‍ക്ക് പലിശ വാഗ്ദാനം ചെയ്യുന്നത്. 2021 ഏപ്രില്‍ 1 മുതല്‍ അഞ്ച് വര്‍ഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് 5.8 ശതമാനമാണ് പലിശ നിരക്ക്.
അഞ്ച് വര്‍ഷത്തിനു ശേഷവും ആര്‍ഡി അക്കൗണ്ടില്‍ തുടരാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് തുടരാവുന്നതാണ്. കാരണമെന്തെന്നാല്‍ ഒരു ആര്‍ഡി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനുള്ള വ്യവസ്ഥയുണ്ട്. പത്ത് വര്‍ഷമാണ് പരമാവധി കാലാവധി. കൂടാതെ, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നീട്ടിയ ആര്‍ഡി അക്കൗണ്ടുകള്‍ക്ക് ഓരോ പാദത്തിലും കണക്കാക്കുന്ന പലിശ തുടര്‍ന്നും ലഭിക്കും.
ഒരു പോസ്റ്റ് ഓഫീസ് ആര്‍ഡി അക്കൗണ്ട് തുറക്കുന്ന വ്യക്തി ഈ കാലയളവില്‍ മൊത്തം 60 നിക്ഷേപങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതായത്, അഞ്ച് വര്‍ഷത്തേക്ക് എല്ലാ മാസവും ഒരു നിക്ഷേപം നടത്തും. അക്കൗണ്ട് തുറക്കുമ്പോള്‍ ആദ്യത്തെ നിക്ഷേപം നടത്തി, ആ തിയതിയെ അടിസ്ഥാനമാക്കിയുള്ള ഒരു നിശ്ചിത തീയതിക്ക് മുമ്പായി തുടര്‍ന്നുള്ള പ്രതിമാസ നിക്ഷേപങ്ങളും നടത്തണം. ഒരു പ്രത്യേക മാസത്തില്‍ 1നും 15നും ഇടയില്‍ അക്കൗണ്ട് തുറക്കുന്ന നിക്ഷേപകര്‍ അടുത്ത മാസം 15ന് മുമ്പാണ് പ്രതിമാസ നിക്ഷേപം നടത്തേണ്ടത്. 15ാം തിയതിക്ക് ശേഷം ആരംഭിച്ച അക്കൗണ്ടുകള്‍ക്ക് 16നും മാസത്തിന്റെ അവസാന ദിനത്തിനും ഇടയിലാണ് തുടര്‍ന്നുള്ള നിക്ഷേപം നടത്തേണ്ടത്. പണമായോ ചെക്ക് മുഖേനയോ നിക്ഷേപം നടത്താവുന്നതാണ്.
പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപോസിറ്റ് റിബേറ്റ്
പണം നിക്ഷേപിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനായി, പോസ്റ്റ് ഓഫീസ് ആര്‍ഡികള്‍ മുന്‍കൂര്‍ നിക്ഷേപങ്ങള്‍ക്ക് കിഴിവുകള്‍ നല്‍കുന്നുണ്ട്. തുച്ഛമായ വരുമാനമുള്ള ഒരു വ്യക്തിയ്ക്ക് മറ്റ് ആവശ്യങ്ങള്‍ക്കായി വലിയ തുക ലാഭിക്കാന്‍ ഇത് സഹായിക്കും. 6 ഇന്സ്റ്റാള്മെന്റുകളുള്ള ഒരു ആര്‍ഡി നിക്ഷേപത്തിന്റെ ക്വാണ്ടം റിബേറ്റ് ഓരോ 100 രൂപയ്ക്കും 10 രൂപ വീതമാണ്. 12 ഇന്സ്റ്റാള്മെന്റുകളുള്ള നിക്ഷേപത്തിന്റേത് ഓരോ 100 രൂപയ്ക്കും 40 രൂപ വീതമാണ്.
ചില സന്ദര്‍ഭങ്ങളില്‍, നിക്ഷേപകന് പോസ്റ്റ് ഓഫീസ് ആര്‍ഡി നിക്ഷേപങ്ങള്‍ അടയ്ക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്. നിയമങ്ങള്‍ അനുസരിച്ച്, പരമാവധി 4 അടവുകളാണ് അനുവദനീയമായിട്ടുള്ളത്. അത് ലംഘിച്ചാല്‍ അക്കൗണ്ട് നിര്‍ത്തലാക്കും. അങ്ങനെ നിര്‍ത്തലാക്കപ്പെട്ട അക്കൗണ്ടുകള്‍ അഞ്ചാമത്തെ അടവ് കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ പുനരുജ്ജീവിപ്പിക്കാം. ഓരോ 100 രൂപയ്ക്കും 1 രൂപ പിഴ ഈടാക്കുമെന്നാണ് ചട്ടങ്ങള്‍ പറയുന്നത്. നിര്‍ത്തലാക്കപ്പെട്ട അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാന്‍ നഷ്ടപ്പെട്ട ഡിപ്പോസിറ്റ് തുകയ്ക്ക് പുറമെ ഈ പിഴയും നല്‍കണം.
എന്താണ് ആര്‍ഡി കാല്‍ക്കുലേറ്റര്‍?
ആര്‍ഡി അക്കൗണ്ട് മെച്യൂരിറ്റി കാലാവധി പിന്നിട്ടാൽ നിങ്ങള്‍ക്ക് ലഭിക്കുന്ന പണത്തിന്റെ അളവ് നിര്‍ണ്ണയിക്കാന്‍ ആര്‍ഡി കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാവുന്നതാണ്. വിവിധ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന ആര്‍ഡി കാല്‍ക്കുലേറ്ററോ ലളിതമായ ഫോര്‍മുലയോ ഇതിനായി ഉപയോഗിക്കാം. ആര്‍ഡി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ചാൽ ഉടനടി തന്നെ ഫലം ലഭിക്കും. ഒരു ആര്‍ഡി അക്കൗണ്ടില്‍ നിന്ന് ജനറേറ്റ് ചെയ്യുന്ന പലിശ മൂന്ന് മാസത്തിൽ ഒരിക്കലാണ് കൂട്ടിച്ചേര്‍ക്കുന്നത്.
പോസ്റ്റ് ഓഫീസില്‍ പോകാതെ തന്നെ ഓണ്‍ലൈനായും ആര്‍ഡികളില്‍ തുക നിക്ഷേപിക്കാം. ഇന്ത്യ പോസ്റ്റ് പേമെന്റ് (ഐപിപിബി) ആപ്പ് വഴിയാണ് നിക്ഷേപം നടത്തേണ്ടത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഐപിപിബി അക്കൗണ്ടിലേക്ക് പണം അയയ്ക്കുക
ഡിഒപി വിഭാഗത്തില്‍ നിന്ന് റിക്കറിംഗ് ഡിപ്പോസിറ്റ് സെലക്ട് ചെയ്യുക.
പണം കൈമാറിയാല്‍ ഐപിപിബി നോട്ടിഫിക്കേഷന്‍ അയയ്ക്കും
നിലവില്‍ ആര്‍ഡി അക്കൗണ്ട് ഉള്ള നിക്ഷേപകര്‍ ഓണ്‍ലൈനായി പണമടയ്ക്കേണ്ടത് എങ്ങനെ?
കസ്റ്റമര്‍ ഐഡി, അക്കൗണ്ട് നമ്പര്‍, ജനന തിയതി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ എന്നിവ ഐപിപിബി ആപ്പില്‍ നല്‍കുക.
തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും.
എംപിന്‍ സെറ്റ് ചെയ്ത് ഒടിപി നല്‍കുക.
പുതിയതായി ആര്‍ഡി അക്കൗണ്ടിൽ ചേരുന്നവര്‍ തുടക്കത്തിലെ രജിസ്ട്രേഷന് നടപടികള്‍ക്കായി അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ എത്തുക. ഒരിക്കല്‍ അക്കൗണ്ട് തുറന്നു കഴിഞ്ഞാല്‍ എല്ലാ ഇടപാടുകളും ഓണ്‍ലൈനായി നടത്താം.
നിബന്ധനകള്‍:
- കോര്‍ബാങ്കിങ് സംവിധാനമുള്ള പോസ്റ്റ് ഓഫീസുകളിലെ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമേ പുതിയ ആപ്പ് വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കുകയുള്ളൂ.
- അക്കൗണ്ടിന്റെ കെവൈസി പൂര്‍ത്തിയാക്കിയിരിക്കണം.
- അക്കൗണ്ടില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ എന്നിവ പ്രവർത്തനക്ഷമമായിരിക്കണം.
- അല്ലെങ്കില്‍ ഈ സേവനങ്ങള്‍ ലഭ്യമാകുന്നതിനായി പോസ്റ്റ് ഓഫീസില്‍ ഒരു ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണം.
-മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സജീവമായാല്‍ നിലവിലെ ഇടപാടുകാര്‍ക്ക് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് തുടങ്ങാം.
- ഒടിപിയും ലോഗിന്‍ വിവരങ്ങളും ഉപയോഗിച്ച് സ്വന്തം അക്കൗണ്ട് തുറക്കാവുന്നതാണ്.
- ആധികാരികത ഉറപ്പ് വരുത്തിയതിന് ശേഷം ആപ്ലിക്കേഷനിലേക്ക് ലോഗിന്‍ ചെയ്യാനും അക്കൗണ്ട് ആക്സസ് ചെയ്യാനുമായി 4 ഡിജിറ്റ് എംപിന്‍ സെറ്റ് ചെയ്യണം.
- പുതിയ ഇടപാടുകാര്‍ക്ക് ആപ്പ് ഉപയോഗിച്ച് ഒരു പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കാനും കഴിയും.
ഇന്ത്യ പോസ്റ്റ് മൊബൈല്‍ ആപ്പിന്റെ സവിശേഷതകള്‍ എന്തെല്ലാം?
- സേവിങ്സ്, ആര്‍ഡി, പിപിഎഫ്, മറ്റ് അക്കൗണ്ടുകള്‍ എന്നിവയുടെ ബാലന്‍സ് പരിശോധിക്കാം.
- സേവിങ്സ്, ആര്‍ഡി, പിപിഎഫ്, മറ്റ് അക്കൗണ്ടുകള്‍ എന്നിവയുടെ ബാലന്‍സ് പരിശോധിക്കാം.
- മറ്റൊരാളുടെ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യാം.
- സേവിങ്സ് അക്കൗണ്ടില്‍ നിന്നും ലിങ്ക് ചെയ്തിട്ടുള്ള പിപിഎഫ് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യാം.
- ആര്‍ഡി അക്കൗണ്ട് തുടങ്ങുന്നതിന് അപേക്ഷ അയയ്ക്കാം.
- ചെക് ബുക്കിന് അപേക്ഷിക്കാം.
- ബില്ലുകള്‍ അടയ്ക്കാവുന്നതാണ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.