നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Reserve Bank Digital currency | ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും: റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ

  Reserve Bank Digital currency | ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും: റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ

  ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിലൂടെ ആളുകൾ പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, കുറഞ്ഞ ഇടപാട് ചെലവ് എന്നിവയാണ് പ്രധാന നേട്ടങ്ങൾ

  RBI

  RBI

  • Share this:
   ന്യൂഡൽഹി: ഡിജിറ്റൽ കറൻസി ഘട്ടംഘട്ടമായി അവതരിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് പ്രവർത്തിക്കുന്നുണ്ടെന്നും സമീപ ഭാവിയിൽ മൊത്ത, റീട്ടെയിൽ വിഭാഗങ്ങളിൽ ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്നും ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ പറഞ്ഞു.

   മൊത്ത, റീട്ടെയിൽ വിഭാഗങ്ങളിൽ പ്രത്യേക ആവശ്യങ്ങൾക്കായി നിരവധി രാജ്യങ്ങൾ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ (സിബിഡിസി) നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സെൻ‌ട്രൽ ബാങ്ക് ഡിജിറ്റൽ രൂപത്തിൽ നൽ‌കുന്ന നിയമപരമായ ടെണ്ടറാണ് സിബിഡിസി. ഇത് ഒരു ഫിയറ്റ് കറൻസിക്ക് തുല്യമാണ്. ഫിയറ്റ് കറൻസി ഉപയോഗിച്ച് പരസ്പരം കൈമാറ്റങ്ങൾ നടത്താവുന്നതാണ്.

   ഒരു ആഭ്യന്തര സിബിഡിസി വികസിപ്പിക്കുന്നത് വഴി പൊതു സ്വകാര്യ വിർച്വൽ കറൻസി (വിസി) വാഗ്ദാനം ചെയ്യുന്ന എല്ലാ ഉപയോഗങ്ങളും പൊതുജനങ്ങൾക്ക് വാ​ഗ്ദാനം ചെയ്യും. ഇതുവഴി രൂപയ്ക്കുള്ള പൊതു മുൻഗണന നിലനിർത്താനാകുമെന്നും ശങ്കർ പറഞ്ഞു. വിധി സെന്റർ ഫോർ ലീഗൽ പോളിസി സംഘടിപ്പിച്ച ഒരു ഓൺലൈൻ ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

   ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിലൂടെ ആളുകൾ പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, കുറഞ്ഞ ഇടപാട് ചെലവ് എന്നിവയാണ് പ്രധാന നേട്ടങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ കറൻസിയുടെ വരവോടെ കൂടുതൽ കരുത്തുറ്റതും കാര്യക്ഷമവും വിശ്വസനീയവും നിയന്ത്രിതവും നിയമപരവുമായ പണമിടപാട് നടക്കുമെന്നും ശങ്കർ പറഞ്ഞു. എന്നാൽ ഇതിന് അപകടസാധ്യതകളുമുണ്ട്. എന്നാൽ സാധ്യമായ നേട്ടങ്ങൾക്കായി അവ ശ്രദ്ധാപൂർവ്വം ഉപയോ​ഗിക്കേണ്ടതുണ്ടെന്നും ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.

   വരും കാലങ്ങളിൽ ഓരോ സെൻട്രൽ ബാങ്കുകൾക്കും പ്രത്യേക സിബിഡിസികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് നടപ്പാക്കുന്നതിന് ശ്രദ്ധാപൂർവ്വവും സൂക്ഷ്മവുമായി സമീപനം ആവശ്യമാണ്. പങ്കാളികളുമായുള്ള ചർച്ചകളും സാങ്കേതിക വെല്ലുവിളികൾ പരിശോധിക്കേണ്ടതും ആവശ്യമാണെന്നും ശങ്കർ ഊന്നിപ്പറഞ്ഞു. ‍ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നതിനായി ആർ‌ബി‌ഐ നിലവിൽ ഘട്ടം ഘട്ടമായുള്ള നടപടി ക്രമങ്ങളാണ് നടത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

   സി‌ബി‌ഡി‌സിയുടെ പ്രാധാന്യം, ഇതിനാവശ്യമായ സാങ്കേതികവിദ്യ, മൂല്യനിർണ്ണയ സംവിധാനം, വിതരണ സംവിധാനം എന്നിവയാണ് ആർ‌ബി‌ഐ നിലവിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. മൊത്ത, റീട്ടെയിൽ വിഭാഗങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നത് സമീപഭാവിയിലേയ്ക്ക് വലിയ സാധ്യതകളാണ് തുറക്കുന്നതെന്നും ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.

   ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമ്പോൾ ആവശ്യമായ നിയമപരമായ മാറ്റങ്ങളും അനിവാര്യമാണ്. റിസർവ് ബാങ്ക് ആക്ട് പ്രകാരം നിലവിൽ കറൻസി ഭൗതിക രൂപത്തിലാണെന്നത് കണക്കിലെടുത്തുള്ള വ്യവസ്ഥകളാണ് നിലവിലുള്ളത്. അതിനാൽ ഇക്കാര്യത്തിൽ നിയമപരമായ മാറ്റങ്ങൾ ആവശ്യമാണെന്നും ശങ്കർ പറഞ്ഞു.

   നാണയ നിയമം, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ), ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് എന്നിവയിലും ഭേദഗതികൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കാര്യങ്ങൾക്കും അതിന്റേതായ സമയമുണ്ടെന്നും എന്നാൽ ഡിജിറ്റൽ കറൻസികൾക്കുള്ള സമയം അടുത്തിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

   വെർച്വൽ, ക്രിപ്റ്റോ കറൻസികളുടെ നിയന്ത്രണത്തിനുള്ള നയവും നിയമപരമായ ചട്ടക്കൂടും പരിശോധിക്കാൻ ധനമന്ത്രാലയം 2017ൽ ഒരു ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. ഫിയറ്റ് പണത്തിന്റെ ഡിജിറ്റൽ രൂപമായി സിബിഡിസികളെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ഈ സമിതി ശുപാർശ ചെയ്തത്. സി‌ബി‌ഡി‌സികൾ‌ അവതരിപ്പിക്കുന്നതിന്റെ ഗുണദോഷങ്ങൾ‌ കുറച്ചു കാലമായി റിസർവ് ബാങ്ക് പരിശോധിച്ചു വരികയാണ്.
   Published by:Jayesh Krishnan
   First published: