• HOME
 • »
 • NEWS
 • »
 • money
 • »
 • Bangladesh | ബംഗ്ലാദേശിലെ ഇന്ധനവില വർധനവ് സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയോ? അറിയേണ്ടതെല്ലാം

Bangladesh | ബംഗ്ലാദേശിലെ ഇന്ധനവില വർധനവ് സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയോ? അറിയേണ്ടതെല്ലാം

ഇന്ധനവില വർധനവ് ബംഗാളിലെ സാധാരണക്കാരെ ബാധിക്കുന്നത് എങ്ങനെ?

ബംഗ്ലാദേശിലെ ധാക്കയിൽ ഇന്ധനവില 50 ശതമാനത്തോളം ഉയർന്നതിനെത്തുടർന്ന് ആളുകൾ പെട്രോൾ സ്റ്റേഷനിൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നു

ബംഗ്ലാദേശിലെ ധാക്കയിൽ ഇന്ധനവില 50 ശതമാനത്തോളം ഉയർന്നതിനെത്തുടർന്ന് ആളുകൾ പെട്രോൾ സ്റ്റേഷനിൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നു

 • Last Updated :
 • Share this:
  ബംഗ്ലാദേശിന്റെ (Bangladesh) തലസ്ഥാനമായ ധാക്ക (Dhaka) കഴിഞ്ഞ വാരാന്ത്യത്തിൽ സാക്ഷ്യം വഹിച്ചത് പെട്രോൾ സ്റ്റേഷനുകൾക്ക് പുറത്തെ നീണ്ട ക്യൂവിനാണ്. ഇന്ധന വില വർധനവ് (fuel prices) സംബന്ധിച്ചുള്ള സർക്കാരിന്റെ പ്രഖ്യാപനം വന്നതോടെയാണ് പെട്രോൾ സ്റ്റേഷനുകൾക്ക് പുറത്ത് നീണ്ട നിര പ്രത്യക്ഷപ്പെട്ടത്. പെട്രോൾ സ്റ്റേഷനുകൾക്ക് പുറത്ത് കാണപ്പെട്ട ഈ നീണ്ട ക്യൂ ധാക്കയും ഇസ്ലാമാബാദിന്റെ അതേ പാതയിലാണോ എന്ന ആശങ്ക ഉയർത്തി. എന്നാൽ, ഏഷ്യൻ അയൽരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ബംഗ്ലാദേശ് പേയ്‌മെന്റുകളിൽ വീഴ്ച വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.

  എണ്ണവില വർധനവ് എത്രത്തോളം ?

  ഇന്ധനവിലയിൽ 51.7 ശതമാനം വരെയാണ് സർക്കാർ വർധനവ് പ്രഖ്യാപിച്ചത്. നിലവിൽ രാജ്യത്തെ പെട്രോൾ വില 130 ടാക്ക (Bangladeshi taka) ആണ്. എണ്ണ വിലയിൽ 44 ടാക്ക അല്ലെങ്കിൽ ഏകദേശം 52 ശതമാനത്തോളം വർധനയാണ് വരുത്തിയിരിക്കുന്നത്. ബംഗ്ലദേശിലെ അപേക്ഷിച്ച് രാജ്യാന്തര വിപണിയിൽ ഇന്ധനവില വളരെ കൂടുതലായതിനാലാണ് വില വർധിപ്പിച്ചതെന്ന് ഊർജ മന്ത്രാലയം അറിയിച്ചു.
  രാജ്യത്തിന് പുറത്തേക്ക് ഇന്ധനം കടത്തുമെന്ന ഭയവും വില കൂട്ടാൻ ഒരു കാരണമാണെന്ന് സർക്കാർ അറിയിച്ചു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന ഇന്ധന വില വർധനയാണിത്.

  ഇന്ധനവില വർധനവ് ബംഗാളിലെ സാധാരണക്കാരെ ബാധിക്കുന്നത് എങ്ങനെ?

  ഇന്ധനവില വർധനയുടെയും വിലക്കയറ്റത്തിന്റെയും ദുരിതം മുഴുവൻ പേറേണ്ടി വരുന്നത് ബംഗ്ലാദേശിലെ സാധാരണക്കാരാണ്. 1971ൽ സ്വാതന്ത്ര്യം നേടിയതു മുതൽ ബംഗ്ലാദേശ് നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ദാരിദ്ര്യം. 2026-ഓടെ ഏറ്റവും താഴ്ന്ന വികസിത രാജ്യം (Least Developed Country -LDC) എന്ന പദവിയിൽ നിന്ന് വികസ്വര രാജ്യം എന്ന പദവിയിലേക്ക് ഉയരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബം​ഗ്ലാദേശ്. എന്നാൽ, ബംഗ്ലാദേശിലെ പല പ്രദേശങ്ങളും, പ്രത്യേകിച്ച് രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ചിറ്റഗോംഗ് മേഖലയും മറ്റ് തെക്കുകിഴക്കൻ പ്രദേശങ്ങളും ഇപ്പോഴും ദരിദ്രാവസ്ഥയിലാണ്. ബസ് ചാർജ് , കടത്തു കൂലി, ഓട്ടോറിക്ഷ നിരക്കുകൾ എന്നിവ അടിയന്തരമായി വർധിപ്പിക്കാൻ ഇന്ധന വില വർധനവ് കാരണമായി. ഇന്ധന വില വർധനയെ തുടർന്ന് മണ്ണെണ്ണ വിലയും ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഇത് പാചകം ചെയ്യാൻ മണ്ണെണ്ണ ഉപയോഗിക്കുന്ന പാവപ്പെട്ട കുടുംബങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കും.

  എന്തുകൊണ്ടാണ് എണ്ണ വില വർധിപ്പിച്ചത്?

  അന്താരാഷ്ട്ര നാണയ നിധിയിൽ (ഐഎംഎഫ്) നിന്ന് സഹായധനം അല്ലെങ്കിൽ 4.5 ബില്യൺ ഡോളറിന്റെ വായ്പ പാക്കേജ് ആവശ്യമായതിനാലാണ് ബംഗ്ലാദേശ് സർക്കാർ എണ്ണ വിലയിൽ വർധനവ് വരുത്തിയത്. നിലവിൽ ബംഗ്ലാദേശിന്റെ വ്യാപാര കമ്മി 33.25 ബില്യൺ ഡോളറിലെത്തി നിൽക്കുകയാണ്, വിദേശത്തു നിന്നുള്ള പണം അയക്കൽ (Remittance) 15 ശതമാനത്തോളം കുറഞ്ഞു. ബംഗ്ലാദേശ് സർക്കാരിന്റെ വിദേശവിനിമയ കരുതൽ ശേഖരം (forex reserves) 40 ബില്യൺ ഡോളറിൽ താഴെയായി.

  “ഏറ്റവും ലളിതമായ കണക്ക് കൂട്ടലുകളിൽ പോലും ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളും യഥാർത്ഥ സംഖ്യകളും തമ്മിൽ ഏകദേശം 10 ബില്യൺ യുഎസ് ഡോളറിന്റെ വ്യത്യാസം കാണുന്നുണ്ട്. അതിനാൽ , സാമ്പത്തിക പ്രതിസന്ധി ഔദ്യോഗിക പദപ്രയോ​ഗങ്ങളിൽ സൂചിപ്പിക്കുന്നത് പോലെ അത്ര ചെറുതല്ല “ എന്നാണ് ഇല്ലിനോയിസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ അലി റിയാസ് ബംഗ്ലാദേശ് ദിനപത്രമായ ദ ഡെയ്‌ലി സ്റ്റാറിന് വേണ്ടി തയ്യാറാക്കിയ വിശകലനത്തിൽ പറയുന്നത്.

  ബംഗ്ലാദേശിനെ അലട്ടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്, മാത്രമല്ല ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും വായ്പ എടുക്കുന്നത് നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടു.
  മറ്റ് വ്യവസ്ഥകൾക്ക് ഒപ്പം ഊർജ മേഖലയിൽ നിന്നുള്ള സബ്‌സിഡികൾ പിൻവലിക്കുന്നതിന് സർക്കാർ അനുമതി നൽകിയാൽ മാത്രമേ ഐഎംഎഫ് വായ്പ അനുവദിക്കൂ.

  ആശങ്കകളും പ്രതികരണങ്ങളും

  ബംഗ്ലാദേശ് ദിനപത്രമായ ദി ഡെയ്‌ലി സ്റ്റാറിന്റെ എഡിറ്റോറിയൽ ഈ നടപടിയെ സാധാരണക്കാർക്ക് താങ്ങാനാവാത്ത പ്രഹരമായാണ് വിശേഷിപ്പിച്ചത്. രാജ്യത്തെ ഇന്ധന വിലവർധനയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്നും ഇവർ പറയുന്നു.
  ഇത്തരം ഉയർന്ന വില സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പം വർധിക്കാൻ കാരണമാകുമെന്ന ആശങ്കയുമുണ്ട്. ഗ്യാസ്, വൈദ്യുതി, വെള്ളം എന്നിവയുടെ വിലയിലും വർധന പ്രതീക്ഷിക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
  "സർക്കാരിന്റെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും മോശം നയങ്ങളുടെയും വില ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല," ഡെയ്‌ലി സ്റ്റാർ എഡിറ്റോറിയലിൽ പറയുന്നു.

  പ്രതിസന്ധി എന്തുകൊണ്ട്?

  വളർന്നുവരുന്ന രാജ്യങ്ങളിലെ ഉന്നത വിഭാ​ഗങ്ങളിൽ ഉള്ളവരുടെ സർക്കാരിന് മേലുള്ള സ്വാധീനത്തിന്റെ ഉപോൽപ്പന്നമാണ് ഈ സംഭവങ്ങൾ എന്ന് അലി റിയാസ് പറയുന്നു. 2007 നും 2008 നും ഇടയിൽ ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി പ്രവർത്തിച്ച സൈമൺ ജോൺസന്റെ ഒരു ലേഖനം ഉദ്ധരിച്ചു കൊണ്ടാണ് അദ്ദേഹം ഇത് വിശദമാക്കിയത്. ഈ ഉന്നതർ വളരെയധികം നഷ്ടസാധ്യതകൾ ഏറ്റെടുക്കുകയും പ്രശ്‌നങ്ങൾ ഉണ്ടായാൽ സർക്കാർ അത് കൈകാര്യം ചെയ്യുമെന്ന് കരുതുകയും ചെയ്യുന്നു. സർക്കാരിന്റെയും ഉന്നതരുടെയും ഇത്തരം മനോഭാവങ്ങൾ ദരിദ്രർക്ക് ഒരു ആനുകൂല്യവും നൽകാത്തതും സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയെ വ്രണപ്പെടുത്തുന്നതുമായ ഒരു രാഷ്ട്രീയ വ്യവസ്ഥയിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
  Published by:user_57
  First published: