News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 9, 2021, 4:23 PM IST
News18
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ (കിഡ്ക്) 655.65 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമിട്ടതായി മാനേജിംഗ് ഡയറക്ടർ എൻ. പ്രശാന്ത്. 360.5 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തികവര്‍ഷം ഇതിനോടകം കോര്പ്പറേഷന് ആരംഭിച്ചിട്ടുണ്ട്. 293.77 കോടി രൂപയുടെ പദ്ധതികൾക്ക് കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. കുപ്പിവെള്ള വിപണി കോവിഡ് മൂലം തകര്‍ച്ചയെ നേരിട്ടപ്പോഴും കെഐഐഡിസിയുടെ 'ഹില്ലി അക്വ' ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 1.81 കോടി രൂപയുടെ കുപ്പിവെള്ളം വിറ്റഴിച്ചു.
മലിനമായ 21 നദികള്‍ ശുചിയാക്കുന്നതിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ ചുമതലയും കിഡ്കിനാണ്. പാലക്കാട് ജില്ലയിലെ 370 ഹെക്ടര്‍ കൃഷിഭൂമിയിലെ സാമൂഹ്യ സൂക്ഷ്മജലസേചന പദ്ധതിക്കും കിഡ്കിന് അനുമതി ലഭിച്ചിട്ടുണ്ട്. 280ല്‍ പരം കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ പദ്ധതി അനുമതി ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.
2018-19 സാമ്പത്തിക വർഷം55 കോടി രൂപയുടെ പദ്ധതികൾ മാത്രം കൈവശമുണ്ടായിരുന്ന കോർപ്പറേഷൻ 2019-20 സാമ്പത്തികവർഷം 1290 കോടിയിലെത്തിച്ച് റെക്കോഡ് ഇട്ടിരുന്നു. കോവിഡ് മാന്ദ്യത്തിനിടയിലും ഇത് 1500 കോടി രൂപ കടന്നിരിക്കുകയാണ്. പദ്ധതികളുടെ എണ്ണം നാലിൽ നിന്ന് എണ്‍പതായി വര്‍ധിച്ചു. ഇതോടെ കേരളത്തിലെ ഏറ്റവും വളർച്ചയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നിരയിലേക്ക് കെഐഐഡിസി ഉയര്‍ന്നതായി പ്രശാന്ത് ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധി ഉണ്ടായിരുന്നില്ലെങ്കില്‍ ഏറ്റെടുത്ത മിക്കവാറും ജോലികള്‍ പൂര്‍ത്തിയാക്കാനും കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കാനും കോര്പ്പറേഷന് സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Also Read
എൻജിനീയറിംഗ് കോളജുകളുടെ സഹകരണത്തോടെ 21 നദികള്‍ ശുചീകരിക്കാൻ KIIDC
ഹരിത കേരളം മിഷനു കീഴിൽ കണ്ണൂർ, പാലക്കാട് ജില്ലകളിലെ തെരഞ്ഞെടുത്ത സ്കൂളുകളില്‍ ജലഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലാബുകള്‍ ആരംഭിച്ചതും കോട്ടയത്തെ നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനൽ, കവണാറ്റിൻകര- കുമരകം റോഡ് വികസനം, കവണാറ്റിൻകര പത്തേക്കർ നടപ്പാത എന്നിവയുമാണ് കോവിഡ് കാലത്തു പൂർത്തിയാക്കിയ പദ്ധതികൾ. നിർമാണം ആരംഭിച്ചവയിൽ ഏറ്റവും പ്രധാനം ആലപ്പുഴ ജില്ലയിലെ വിവിധ മേഖലകളിൽ സ്ഥാപിക്കുന്ന പുലിമുട്ടുകളാണ്. 184 കോടി രൂപയാണ് ഇതിന് ചെലവു കണക്കാക്കിയിട്ടുള്ളത്.
പദ്ധതികളുടെ സാങ്കേതികാനുമതിക്കായി കിഡ്ക് അനുവര്‍ത്തിക്കുന്ന നടപടിക്രമങ്ങള്‍ കിഫ്ബിയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കാലതാമസമില്ലാതെ പദ്ധതികള്‍ക്ക് അനുമതി ലഭിക്കാനുതകുന്ന ഈ നടപടിക്രമങ്ങള്‍ മറ്റ് എസ്പിവികള്‍ക്ക് പിന്തുടരാവുന്നതാണെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. കിഡ്ക് നടപ്പാക്കുന്ന പദ്ധതികളുടെ ബില്ലുകള്‍ മൂന്നാംകക്ഷിയുടെ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കുന്നതിനാല്‍ ഉയര്‍ന്ന ഗുണമേന്മ ഉറപ്പാക്കാന്‍ സാധിക്കും. ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരും പരിചയസമ്പന്നരായ മുതിര്‍ന്ന എന്‍ജിനീയര്‍മാരും അടങ്ങുന്ന സംഘമാണ് കിഡ്കിന്റെ വിജയത്തിനു പിന്നിലെന്ന് പ്രശാന്ത് പറഞ്ഞു. സ്വന്തമായി ഡിസൈനിംഗ് വിഭാഗവും കിഡ്ക് വികസിപ്പിച്ചിട്ടുണ്ട്.
ജലസേചന വകുപ്പിനു പുറമേ ടൂറിസം, പരിസ്ഥിതി- കാലാവസ്ഥ, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ക്കു കീഴിലും കെഎസ്ഐഡിസി, കെയ്സ്, കെഎസ്ഐഎൻസി, ഹരിതകേരളം മിഷന് തുടങ്ങിയവയുടെ കീഴിലുമുള്ള പദ്ധതികളും കിഡ്ക് ഏറ്റെടുത്തിട്ടുണ്ട്. ജലസേചന, ടൂറിസം വകുപ്പുകള്‍ കിഫ്ബി വഴി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ കൂടിയാണ് ജലവിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചെയര്‍മാനായ കെഐഐഡിസി.
Published by:
Aneesh Anirudhan
First published:
January 9, 2021, 4:23 PM IST