• HOME
 • »
 • NEWS
 • »
 • money
 • »
 • Economic Survey 2022 | പെട്രോൾ വിലയും ഭക്ഷ്യവിലയും ഉയരുമോ? ആഗോള പണപ്പെരുപ്പത്തിൽ ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ? സാമ്പത്തിക സർവേ

Economic Survey 2022 | പെട്രോൾ വിലയും ഭക്ഷ്യവിലയും ഉയരുമോ? ആഗോള പണപ്പെരുപ്പത്തിൽ ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ? സാമ്പത്തിക സർവേ

സമ്പദ്‌വ്യവസ്ഥ 2022-23 ലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തമാണെന്നും പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്നും സാമ്പത്തിക സർവേ 2022 പറയുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  അപർണ ദേബ് 

  ന്യൂഡൽഹി: ആഗോള ഊർജ്ജ വില ഉയരുന്നതിനാൽ (High Energy Price) ഇറക്കുമതി ചരക്കുകളിലെ പണപ്പെരുപ്പത്തെക്കുറിച്ച് (Inflation) ഇന്ത്യ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും വികസിതവും വളർന്നു വരുന്നതുമായ സമ്പദ്‌വ്യവസ്ഥകളിൽ (Economy) ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലക്കയറ്റം ഒരു ആഗോള പ്രശ്‌നമായി വീണ്ടും പ്രത്യക്ഷപ്പെട്ടതായും സാമ്പത്തിക സർവേയിൽ പറയുന്നു. ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2021 ഡിസംബറിൽ 5.6 ശതമാനമായിരുന്നു. ഇത് പ്രതീക്ഷിച്ച നിലവാരത്തിലാണ്. എന്നിരുന്നാലും മൊത്തവില പണപ്പെരുപ്പം നിലവിൽ ഇരട്ട അക്കത്തിൽ ആണെന്നും റിപ്പോർട്ട് പറയുന്നു.

  "മൊത്തവില പണപ്പെരുപ്പത്തിൽ (WPI) ഇന്ധനവും ഊർജ്ജവും ഉൾപ്പെടുന്ന വിഭാഗത്തിന്റെ പണപ്പെരുപ്പം 20 ശതമാനത്തിന് മുകളിലാണ്. അന്താരാഷ്ട്രതലത്തിലെ ഉയർന്ന പെട്രോളിയം വിലയെ ഇത് പ്രതിഫലിപ്പിക്കുന്നു. ഉയർന്ന മൊത്തവില (wpi) പണപ്പെരുപ്പത്തിന് ഭാഗികമായി ബേസ് ഇഫക്ട് (Base effect) കാരണമാണെങ്കിലും ഇറക്കുമതി അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തെക്കുറിച്ച് ഇന്ത്യ ജാഗ്രത പാലിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും ഉയർന്ന ആഗോള ഊർജ വില മൂലമുള്ള പണപ്പെരുപ്പം", സർവേ പറയുന്നു.

  സമ്പദ്‌വ്യവസ്ഥ 2022-23 ലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തമാണെന്ന് സർവേ പറയുന്നു. കൂടാതെ, വർഷത്തിൽ ഭൂരിഭാഗവും ഭക്ഷ്യ വിലക്കയറ്റം അപകടകരമല്ലാത്തിനാൽ പ്രധാന പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്ന് സാമ്പത്തിക സർവേ 2022 എടുത്തു പറയുന്നു. “സർക്കാരിന്റെ വിതരണ ശൃംഖലയുടെ പ്രവർത്തനം മൂലം ഭക്ഷ്യവിലയിൽ ഗണ്യമായ കുറവുണ്ടായതിനാൽ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം പരിധിക്കുള്ളിൽ തന്നെ നിലനിർത്താൻ കഴിഞ്ഞു. ഭക്ഷ്യവിലക്കയറ്റം 2.9 ശതമാനമായി (ഏപ്രിൽ-ഡിസംബർ) നിലനിർത്താൻ കഴിഞ്ഞു. മുൻവർഷം ഇതേ കാലയളവിൽ ഇത് 9.1 ശതമാനമായിരുന്നു”, സർവേ ചൂണ്ടിക്കാട്ടുന്നു. ബേസ് ഇഫക്ട് കാരണം ആണ് മൊത്തവില പണപ്പെരുപ്പം ഉയർന്നതെന്നും അത് നിയന്ത്രണത്തിലാകുമെന്നും എന്നാൽ ആഗോളതലത്തിലെ വിതരണ സംബന്ധമായ പരിമിതികൾ ഇതിന് മേൽ സമ്മർദ്ദം ചെലത്തിയേക്കുമെന്നും സർവേയിൽ പറയുന്നു.

  Also Read- Budget 2022 | കേന്ദ്ര ബജറ്റിൽ ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾ

  “മഹാമാരിയുടെ കാലയളവിലെ ഉയർന്ന പണപ്പെരുപ്പം വിതരണ മേഖലയിലെ തടസ്സങ്ങളുടെ ഫലമാണ്, ഇതിന് ആർ‌ബി‌ഐയുടെ സജീവമായ ഇടപെടലിന്റെ ആവശ്യമില്ല. വരും ദിനങ്ങളിൽ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് അനുസൃതമായി ഇത് മാറിയേക്കാം. വിതരണത്തേക്കാൾ ഡിമാൻഡ് ഉയരാനുള്ള ശക്തമായ സാധ്യതയും ചരക്കുകളുടെ വിലവർദ്ധനവിന് കാരണമാകുന്ന ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങളും മുന്നിൽ കണ്ട് ഇന്ത്യ ഉയർന്ന പണപ്പെരുപ്പം അഭിമുഖീകരിക്കാൻ തയ്യാറെടുക്കണം. ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ കൂടുതൽ വെല്ലുവിളി ഉയർത്തും", ഡെലോയിറ്റ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധൻ റുംകി മജുംദാർ പറഞ്ഞു. പണപ്പെരുപ്പത്തിൽ സമീപകാലത്തുണ്ടായ വർദ്ധനവ് യുണൈറ്റഡ് സ്റ്റേറ്റ്സിലെയും യൂറോപ്യൻ യൂണിയനിലെയും നയരൂപീകരണ രം​ഗത്തുള്ളവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും കുറവുകളും പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നേക്കാം എന്ന് മജുംദാർ കൂട്ടിച്ചേർത്തു.

  ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ 2021-22 ൽ 2023 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച 8%-8.5% പരിധിയിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. എന്നിരുന്നാലും പുതിയ കോവിഡ്-19 വകഭേദത്തിന്റെ വ്യാപനം, വർധിച്ചു വരുന്ന ആഗോള പണപ്പെരുപ്പം, പണം പിൻവലിക്കൽ എന്നിവ ആഗോള തലത്തിൽ പുതിയ ഒരു അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന മുന്നറിയിപ്പും സാമ്പത്തിക സർവേ നൽകുന്നുണ്ട്. “ജനസംഖ്യയുടെ ഭൂരിഭാഗത്തെയും വാക്‌സിനേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതിനാലും സാമ്പത്തിക വളർച്ചയുടെ ആക്കം വീണ്ടും ഉയർന്നു തുടങ്ങിയതിനാലും വിതരണ രം​ഗത്തെ പരിഷ്കാരങ്ങളുടെ ദീർഘകാല നേട്ടങ്ങൾ ലഭിച്ചു തുടങ്ങുന്നതിനാലും 2022-23ൽ 8.0-8.5 ജിഡിപി വളർച്ച നേടാവുന്ന മികച്ച സ്ഥിതിയിലാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ”, സർവേ പറയുന്നു.

  Also Read- Budget 2022 | ടിവിയ്ക്കും മൊബൈൽ ഫോണുകൾക്കും വില കുറയുമോ? കേന്ദ്രബജറ്റിൽ പ്രതീക്ഷയർപ്പിച്ച് ഇലക്ട്രോണിക്സ് മേഖല 

  2020-21ൽ 7.3 ശതമാനം ചുരുങ്ങിയ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2021-22ൽ (ആദ്യം കണക്കാക്കിയ പ്രകാരം) 9.2 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. വ്യാപകമായ വാക്‌സിനേഷൻ, വിതരണ രം​ഗത്തെ പരിഷ്‌കരണങ്ങളിൽ നിന്നുള്ള നേട്ടങ്ങൾ, നിയന്ത്രണങ്ങൾ ലഘൂകരിക്കൽ, ശക്തമായ കയറ്റുമതി വളർച്ച, മൂലധന ചെലവ് വർധിപ്പിക്കുന്നതിനുള്ള സാമ്പത്തിക സാഹചര്യം എന്നിവ 2022-23 ലെ വളർച്ചയ്ക്ക് പിന്തുണ നൽകും. സമ്പദ്‌വ്യവസ്ഥ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ പ്രാപ്തമാണെന്നാണ് എല്ലാ ബൃഹദ് (MACRO) സൂചികകളും സൂചിപ്പിക്കുന്നത്, കാർഷിക, വ്യാവസായിക ഉൽപാദന വളർച്ചയിലെ പുരോ​ഗതി ഇതിന് പിന്തുണ നൽകുന്നതായി റിപ്പോർട്ടിൽ പറയുന്നു.

  ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും. ജനുവരി 31 മുതല്‍ ഏപ്രില്‍ എട്ടുവരെ രണ്ടു ഭാഗങ്ങളായിട്ടായിരിക്കും ബജറ്റ് സമ്മേളനം നടക്കുക. ഫെബ്രുവരി 11ന് സമ്മേളനത്തിന്റെ ആദ്യ ഭാഗം സമാപിക്കും. ഒരുമാസത്തെ ഇടവേളയ്ക്കുശേഷം സമ്മേളനത്തിന്റെ രണ്ടാംഭാഗം മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ എട്ടുവരെ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നത്.

  കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍ക്കാരിന്റെ വരുമാനങ്ങള്‍ വന്‍ തകര്‍ച്ചയിലായതിനാല്‍ അത് പ്രഖ്യാപനങ്ങളെ ബാധിക്കുമോയെന്നതും ഇത്തവണത്തെ ബജറ്റ് ശ്രദ്ധേയമാക്കുന്നുണ്ട്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തന്റെ നാലാമത്തെ ബജറ്റ് അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. പ്രീ ബജറ്റ് സര്‍വേകളില്‍ കൂടുതലും ഉയര്‍ന്നു വന്നത് നികുതി ഇളവുകള്‍ വേണമെന്ന ആവശ്യമായിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പടെയുള്ളവരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് നികുതി ഇളവ്. നിര്‍മ്മല സീതാരാമന് ഇത്തവണ വെല്ലുവിളിയാകുന്നതും നികുതി ഇളവ് സംബന്ധിച്ച പ്രഖ്യാപനങ്ങളിലായിരിക്കും.
  Published by:Rajesh V
  First published: