പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള 2021-22 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.1 ശതമാനമായി കുറയ്ക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തീരുമാനിച്ചു. ഇന്ന് ചേർന്ന ഇപിഎഫ്ഒയുടെ (EPFO) സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റി (central board of trustees) യോഗത്തിലാണ് തീരുമാനം.
ട്രേഡ് യൂണിയനുകളുടെ ഭാഗത്തു നിന്നും ശക്തമായ എതിർപ്പ് ഉണ്ടായതിന് പിന്നാലെയാണ് ശനിയാഴ്ച ഗുവാഹത്തിയിൽ നടന്ന ഇപിഎഫ്ഒയുടെ ബോർഡ് യോഗത്തിൽ ഈ തീരുമാനം എടുത്തത്. ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് അഥവ സിബിടി സർക്കാർ, തൊഴിലാളികൾ, തൊഴിലുടമകളുടെ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന ഒരു ത്രികക്ഷിസമിതിയാണ്. സിബിടിയുടെ തീരുമാനം നടപ്പിലാക്കാൻ ഇപിഎഫ്ഒ ബാധ്യസ്ഥരാണ്. തൊഴിൽ മന്ത്രിയാണ് സമിതിയുടെ അധ്യക്ഷൻ.
ജനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളിൽ കോവിഡ് ആഘാതം ഏൽപിച്ചതിന്റെ പശ്ചാത്തലത്തിൽ ഗണ്യമായ പിൻവലിക്കലുകൾ ഉണ്ടായിട്ടും ഇപിഎഫ്ഒ 2020-21 സാമ്പത്തിക വർഷത്തിലെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.5 ശതമാനം ആയിരുന്നു. കോവിഡ്-19 മഹാമാരിയെ തുടർന്ന് റിട്ടയർമെന്റ് ഫണ്ട് ബോഡി സാക്ഷ്യം വഹിച്ചത് ഉയർന്ന പിൻവലിക്കലുകൾക്കും ഏറ്റവും കുറഞ്ഞ സംഭാവനകളുമായിരുന്നു. ഡിസംബർ 31 വരെ ഇപിഎഫ്ഒ മുൻകൂറായി നിക്ഷേപം പിൻവലിക്കാനുള്ള സൗകര്യത്തിന് കീഴിൽ 14,310.21 കോടി രൂപ മൂല്യം വരുന്ന 56.79 ലക്ഷം ക്ലെയിമുകൾ തീർപ്പാക്കി.
ഇതിനുമുമ്പ്, ഇപിഎഫ്ഒ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ 2019-20 ലെ പലിശ നിരക്ക് 8.5 ശതമാനമായി കുറച്ചിരുന്നു. ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. 2018-19ൽ 8.65 ശതമാനമായിരുന്നു പലിശ. ഇപിഎഫ്ഒ അതിന്റെ വരിക്കാർക്ക് 2017-18 വർഷത്തേക്ക് 8.55 ശതമാനം പലിശ നിരക്ക് നൽകിയിരുന്നു. 2016-17ൽ 8.65 ശതമാനമായിരുന്നു പലിശ.
ഇപിഎഫ്ഒയുടെ സുപ്രധാന തീരുമാനമെടുക്കുന്ന സമതിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റി, എല്ലാ വർഷവും പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്ക് നൽകേണ്ട പലിശ നിരക്കുകൾ സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി ഒരു യോഗം ചേരും. ഒരു സാമ്പത്തിക വർഷത്തേക്കുള്ള ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് സിബിടി തീരുമാനിച്ചു കഴിഞ്ഞാൽ, അതിന് അംഗീകാരം ലഭിക്കുന്നതിനായി ധനമന്ത്രാലയത്തിലേക്ക് അയയ്ക്കും. ധനമന്ത്രാലയം മുഖേന സർക്കാർ അംഗീകരിച്ചതിന് ശേഷം മാത്രമാണ് ഇപിഎഫ്ഒ പലിശ നിരക്ക് ലഭ്യമാക്കുന്നത്.
Also Read-
Kerala Budget 2022| ആറ് പുതിയ ബൈപ്പാസുകൾ; 20 ജംഗ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാൻ 200 കോടിഇപിഎഫ് പലിശ നിരക്ക് 2021-22: എന്താണ് ഇപിഎഫ്?1952-ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആൻഡ് മിസലേനിയസ് പ്രൊവിഷൻസ് ആക്ടിന് കീഴിലുള്ള നിർബന്ധിത സമ്പാദ്യ പദ്ധതിയാണ് ഇപിഎഫ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) കീഴിലാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇരുപതോ അതിലധികമോ ജീവനക്കാർ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഇതിന്റെ പരിധിയിൽ ഉൾപ്പെടും. പ്രൊവിഡന്റ് ഫണ്ടിലേക്ക് ജീവനക്കാരൻ ഒരു നിശ്ചിത വിഹിതം നൽകണം. അതേ തുക തൊഴിലുടമയും മാസാടിസ്ഥാനത്തിൽ അടയ്ക്കും. ജോലിയിൽ നിന്നും വിരമിക്കുമ്പോഴോ അല്ലെങ്കിൽ സേവന കാലയളവിലോ (ചില സാഹചര്യങ്ങളിൽ) ജീവനക്കാരന് പിഎഫ് വിഹിതത്തിന്റെ പലിശ ഉൾപ്പെടെയുള്ള മൊത്തം തുക ലഭിക്കും. 2017 സെപ്റ്റംബർ മുതൽ 2021 നവംബർ വരെയുള്ള കാലയളവിൽ ഏകദേശം 4.9 കോടി പുതിയ വരിക്കാർ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതിയിൽ ചേർന്നതായാണ് സർക്കാരിൽ നിന്നും ലഭ്യമാകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.