എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്) അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് പലിശ ക്രെഡിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും സ്റ്റേറ്റ്‌മെൻ്റുകളിൽ ഇത് കാണുന്നില്ലെങ്കിൽ, ഇപിഎഫ്ഒ സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്യുന്നതാകാം ഇതിന് കാരണമെന്നും ധനമന്ത്രാലയം അറിയിച്ചു. അംഗങ്ങളുടെ പലിശ തുക നഷ്ടമാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
“ഒരു അംഗത്തിൻ്റെയും പലിശ നഷ്ടമാകില്ല. എല്ലാ ഇപിഎഫ് അംഗങ്ങളുടെയും അക്കൗണ്ടുകളിലേക്ക് പലിശ ക്രെഡിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, നികുതി ബാധ്യത നിർണ്ണയിക്കുന്നതിൽ വന്ന മാറ്റം ഉൾപ്പെടുത്താനായി ഇപിഎഫ്ഒ നടത്തുന്ന സോഫ്റ്റ്‌വെയർ അപ്ഗ്രേഡിൻ്റെ ഭാഗമായാണ് ചില സ്റ്റേറ്റ്‌മെൻ്റുകളിൽ ഇത് കാണാത്തത്,” എന്ന് ധനമന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കി.
മുൻ ഇൻഫോസിസ് ഡയറക്ടറും ആരിൻ ക്യാപ്പിറ്റൽ എന്ന സ്ഥാപനത്തിൻ്റെ ചെയർമാനുമായ മോഹൻദാസ് പൈയുടെ ഒരു ട്വീറ്റിന് മറുപടിയായാണ് മന്ത്രാലയം ട്വീറ്റ് ചെയ്തത്. എൻ്റെ പലിശയെവിടെ, ഉദ്യോഗസ്ഥരുടെ കഴിവുകേടു കൊണ്ട് എന്തിന് പൗരന്മാർ ബുദ്ധിമുട്ടണം എന്ന് പറഞ്ഞുകൊണ്ട്, ഇപിഎഫ്ഒ പലിശയുടെ പ്രശ്നത്തെ കുറിച്ചുള്ള മണി കൺട്രോൾ ലേഖനം ടാഗ് ചെയ്തുകൊണ്ടായിരുന്നു മോഹൻദാസിൻ്റെ ട്വീറ്റ്. ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രധാന മന്ത്രിയുടെ ഓഫീസിനേയും ടാഗ് ചെയ്തിരുന്നു.
അംഗത്വം അവസാനിപ്പിച്ച് സെറ്റിൽമെൻ്റ് ആവശ്യപ്പെടുന്നവർക്കും പണം പിൻവലിക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾക്കും പലിശ ഉൾപ്പെടെയുള്ള തുകയാണ് നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
മെയിൽ വിരമിക്കുന്ന അംഗത്തിൻ്റെ മാർച്ച് അവസാനത്തെ പലിശ ക്രെഡിറ്റ് ആയില്ലെങ്കിൽ അത് എങ്ങനെയാണ് പിന്നീട് നൽകുന്നത് എന്ന് മോഹൻദാസ് മറ്റൊരു ട്വീറ്റിൽ ചോദിച്ചു.
2021-22-ലേക്കുള്ള പ്രൊവിഡൻ്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശയായി 8.1 ശതമാനമാണ് ജൂണിൽ ഗവൺമെൻ്റ് അംഗീകരിച്ചത്. നാല് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 1977-78 കാലഘട്ടത്തിൽ ആയിരുന്നു ഇതിലും ചെറിയ നിരക്ക് മുൻപ് ഉണ്ടായിരുന്നത്. 8 ശതമാനമായിരുന്നു അന്നത്തെ നിരക്ക്. 65 ദശലക്ഷം അംഗങ്ങളുള്ള ഇപിഎഫ്ഒ കഴിഞ്ഞ വർഷം 15.7 ലക്ഷം കോടി രൂപയുടെ ആസ്തികളാണ് കൈകാര്യം ചെയ്തത്.
Also Read- E-Rupee | ഇ റുപ്പി പുറത്തിറക്കാനൊരുങ്ങി ആർബിഐ; ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ
2020-21 വർഷത്തെ പലിശയായ 8.5 ശതമാനം നിരക്ക് 2021 മാർച്ചിലാണ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് തീരുമാനിച്ചത്. സർക്കാരും ജീവനക്കാരും തൊഴിലുടമകളും അടങ്ങുന്ന സംവിധാനമാണ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ്. ഇവർ എടുക്കുന്ന തീരുമാനം അനുസരിക്കാൻ ഇപിഎഫ്ഒ ബാദ്ധ്യസ്ഥരാണ്. തൊഴിൽ മന്ത്രിക്കാണ് ഇതിൻ്റെ നേതൃത്വം.
2021 ഒക്ടോബറിൽ സാമ്പത്തിക മന്ത്രാലയം തീരുമാനം അംഗീകരിച്ചു. തുടർന്ന് 2020-21-ലെ പലിശയായ 8.5 ശതമാനം അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യാൻ ഇപിഎഫ്ഒ ഫീൽഡ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
രണ്ട് വർഷത്തിലധികമായി മാറ്റമില്ലാതെ തുടർന്ന ശേഷം കിസാൻ വികാസ് പത്ര പോലുള്ള ചെറിയ നിക്ഷേപങ്ങളുടെയും ദീർഘകാല നിക്ഷേപങ്ങളുടെയും പലിശ കഴിഞ്ഞയാഴ്ച സർക്കാർ വർദ്ധിപ്പിച്ചിരുന്നു. 30 ബേസിസ് പോയിൻ്റുകളുടെ വർദ്ധനയാണ് വരുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: EPFO, Provident fund