ഓണ്‍ലൈന്‍ തട്ടിപ്പുകളുമായി (Online Frauds) ബന്ധപ്പെട്ട് വരിക്കാര്‍ക്ക് മുന്നറിയിപ്പുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO). വഞ്ചനാപരമായ സ്‌കീമുകളെയും തട്ടിപ്പുകളെയും കുറിച്ച് ഉപയോക്താക്കളോട് ജാഗ്രത പുലർത്താൻ നിർദ്ദേശിച്ച ഇപിഎഫ്ഓ ഓണ്‍ലൈനില്‍ നിലവിലുള്ള ഭീഷണികളില്‍ നിന്ന് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളെ (PF Accounts) സംരക്ഷിക്കുന്നതിനുള്ള വഴികളും പങ്കുവെച്ചു. ആരെങ്കിലും തങ്ങളുടെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ട് ബന്ധപ്പെട്ടാലും നിര്‍ണായക വിവരങ്ങള്‍ പങ്കുവെയ്ക്കരുതെന്ന് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായി ഇപിഎഫ്ഒ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു. ആധാര്‍, പാന്‍, യുഎഎന്‍, ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ ഒടിപി പോലുള്ള വ്യക്തിഗത വിവരങ്ങള്‍ ഫോണിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ പങ്കുവെയ്ക്കാൻ തങ്ങൾ വരിക്കാരോട് ഒരിക്കലും ആവശ്യപ്പെടില്ലെന്നും ഇപിഎഫ്ഒ വ്യക്തമാക്കുന്നു.
ഇപിഎഫ്ഒ ഒരിക്കലും തങ്ങളുടെ സേവനങ്ങള്‍ക്കായി വാട്ട്സ്ആപ്പ് വഴിയോ ഏതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയോ പണം നിക്ഷേപിക്കാന്‍ അംഗങ്ങളോട് ആവശ്യപ്പെടില്ല. ഇപിഎഫ്ഒ ഉദ്യോഗസ്ഥരാണെന്ന വ്യാജേന വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനോ പണം അയയ്ക്കാനോ ആവശ്യപ്പെടുന്ന കോളുകളോടും സന്ദേശങ്ങളോടും ഒരിക്കലും പ്രതികരിക്കരുതെന്ന് ഇപിഎഫ്ഒ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
യുഎഎന്‍, ആധാര്‍, പാന്‍ നമ്പര്‍ എന്നിവ പങ്കിടാനോ പണം കൈമാറാനോ ആവശ്യപ്പെട്ട് നിങ്ങള്‍ക്ക് കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ എന്തു ചെയ്യണം?
ഇപിഎഫ്ഒ ഉദ്യോഗസ്ഥരെന്ന വ്യാജേന നിങ്ങളുടെ യുഎഎന്‍ വിശദാംശങ്ങളോ പാന്‍ അല്ലെങ്കില്‍ ആധാര്‍ നമ്പറോ പങ്കിടാന്‍ ആവശ്യപ്പെടുന്ന കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ ഉടന്‍ തന്നെ ആ വിവരം ഇപിഎഫ്ഒയെ അറിയിക്കണം. ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്സൈറ്റായ www.epfindia.gov.in വഴി നേരിട്ട് ബന്ധപ്പെടാം. ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയും ഉപയോക്താക്കൾക്ക് ഇപിഎഫ്ഒയുമായി ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ പാന്‍, ആധാര്‍, രേഖകള്‍ എന്നിവ തട്ടിപ്പുകാരില്‍ നിന്ന് എങ്ങനെ സുരക്ഷിതമാക്കാം?
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഒഴിവാക്കാനായി ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് അവ ഡിജിലോക്കറില്‍ സൂക്ഷിക്കാം. ഡോക്യുമെന്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സംഭരണം, പങ്കിടല്‍, സ്ഥിരീകരണം എന്നിവയ്ക്കുള്ള സുരക്ഷിതമായ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമാണ് ഡിജിലോക്കര്‍. ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് മന്ത്രാലയത്തിന്റെ ഒരു പ്രധാന സംരംഭമാണിത്.
നിങ്ങളുടെ മൊബൈല്‍ നമ്പറോ ആധാര്‍ നമ്പറോ ഉപയോഗിച്ച് ഡിജിലോക്കറില്‍ എളുപ്പത്തില്‍ സൈന്‍ അപ്പ് ചെയ്യാം. സൈന്‍ അപ്പ് ചെയ്തുകഴിഞ്ഞാല്‍ ഒടിപി അയച്ച് നിങ്ങളുടെ മൊബൈല്‍ നമ്പറോ 12 അക്ക ആധാര്‍ നമ്പറോ സ്ഥിരീകരിക്കും. തുടര്‍ന്ന് ടു ഫാക്ടര്‍ ഓതന്റിഫിക്കേഷനായി നിങ്ങളുടെ സുരക്ഷാ പിന്‍ സജ്ജീകരിക്കേണ്ടതുണ്ട്. 'അപ്‍ലോഡ് ഡോക്യുമെന്റ്' എന്ന വിഭാഗത്തിൽ ചെന്ന് ഡിജിലോക്കറില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്യാം. PDF, JPEG, PNG എന്നിങ്ങനെ വിവിധ ഫോര്‍മാറ്റുകളില്‍ ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയും. പരമാവധി 10 എംബി വലിപ്പമുള്ള ഫയലുകളാണ് ഡിജിലോക്കറില്‍ അപ്ലോഡ് ചെയ്യാന്‍ അനുവദിക്കുക. നിങ്ങളുടെ ഡിജിലോക്കര്‍ അക്കൗണ്ട് ആധാര്‍ കാര്‍ഡ് നമ്പറുമായി ലിങ്ക് ചെയ്യണം. നിങ്ങളുടെ മൊബൈല്‍ നമ്പറും നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം. ജനുവരിയില്‍ 16 ലക്ഷത്തിലധികം വരിക്കാര്‍ ഇ-നോമിനേഷന്‍ സമര്‍പ്പിച്ചതായി ഇപിഎഫ്ഒ ട്വീറ്റില്‍ സൂചിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.