എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലെ (ETF) നിക്ഷേപത്തിൽ നിന്നും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) മൊത്തം 67,619.72 കോടി രൂപയുടെ നേട്ടം ഉണ്ടാക്കിയതായി റിപ്പോർട്ട്. മാർച്ച് 31 വരെ 1,59,299.46 കോടി രൂപയുടെ നിക്ഷേപമാണ് റിട്ടയർമെന്റ് ഫണ്ട് ബോഡി ഇടിഎഫുകളിൽ നടത്തിയത്. ഇതിന്റെ വിപണി മൂല്യം (market value) ഇപ്പോൾ 2,26,919.18 കോടി രൂപയായി വളർന്നതായി തൊഴിൽ വകുപ്പ് സഹമന്ത്രി രാമേശ്വർ തെലി പാർലമെന്റിൽ പറഞ്ഞു. ലോക്‌സഭയിലെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകവെയാണ് ഇപിഎഫ് നിക്ഷേപം സംബന്ധിച്ചുള്ള കണക്കുകൾ അദ്ദേഹം വ്യക്തമാക്കിയത്.
മൊത്തം പിഎഫ് കോർപ്പസിന്റെ എത്രത്തോളമാണ് ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത്?
സർക്കാർ വിജ്ഞാപനം ചെയ്യുന്ന നിക്ഷേപ രീതി അനുസരിച്ച്, ഇപിഎഫ്ഒ അതിന്റെ കോർപ്പസിന്റെ 85 ശതമാനം ഡെറ്റ് ഉപകരണങ്ങളിലാണ് നിക്ഷേപിക്കുന്നത്. ശേഷിക്കുന്ന 15 ശതമാനം ആണ് ഇടിഎഫുകളിൽ നിക്ഷേപിക്കുന്നത്. എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപം നിഫ്റ്റി, സെൻസെക്സ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ (സിപിഎസ്ഇ), ഭാരത്-22 തുടങ്ങിയ സൂചികകൾ അടിസ്ഥാനമാക്കിയാണ്.
ഈ സാമ്പത്തിക വർഷം ജൂൺ വരെയുള്ള കാലയളവിലെ ഡെറ്റിലും ഓഹരിയിലും കൂടിയുള്ള ഇപിഎഫ്ഒയുടെ മൊത്തം നിക്ഷേപം 84,477.67 കോടി രൂപയാണ്. ഇതിൽ നിന്നും 12,199.26 കോടി രൂപ ഇടിഎഫുകളിൽ ആണ് നിക്ഷേപിച്ചിരിക്കുന്നത്. 2021-22 കാലയളവിൽ മൊത്തം നിക്ഷേപം 2,89,930.79 കോടി രൂപയായിരുന്നു. ഇതിലെ 43,568.02 കോടി രൂപ ഇടിഎഫുകളിലെ നിക്ഷേപമാണ്.
2020-21 സാമ്പത്തിക വർഷത്തിൽ, ഇപിഎഫ്ഒ മൊത്തം 2,18,533.89 കോടി രൂപയുടെ നിക്ഷേപം നടത്തി, ഇതിൽ 32,070.84 കോടി രൂപ ഇടിഎഫുകളിൽ ആണ് നിക്ഷേപിച്ചത്. 2019-20 ലെ റിട്ടയർമെന്റ് ഫണ്ട് ബോഡിയുടെ മൊത്തം നിക്ഷേപം 2,20,236.47 കോടി രൂപയാണ്. ഇതിൽ 31,501.09 കോടി രൂപ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലാണ് നിക്ഷേപിച്ചത്.
ഓഹരികളിലെ നിക്ഷേപം ഉയർത്താൻ സർക്കാരിന് പദ്ധതിയുണ്ടോ?
ഇപിഎഫ്ഒയുടെ ഓഹരികളിലെ നിക്ഷേപ വിഹിതം ഉയർത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. ഓഹരികളിലെ നിക്ഷേപ പരിധി നിലവിലെ 15 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഇത് പിന്നീട് 25 ശതമാനമായി ഉയർത്തിയേക്കാം. ജൂലൈയിൽ നടന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ അവസാന യോഗത്തിൽ ഈ നിർദ്ദേശം ചർച്ചയ്ക്ക് എടുക്കേണ്ടതായിരുന്നു, എന്നാൽ മുമ്പ് നടന്ന ഇപിഎഫ്ഒയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ജീവനക്കാരുടെ പ്രതിനിധികൾ ഇത് എതിർത്തതിനാൽ, കഴിഞ്ഞ തവണ ചർയ്ക്ക് എടുക്കാൻ കഴിഞ്ഞില്ല.
ഓഹരി വിപണികളുടെ അസ്ഥിര സ്വഭാവം കണക്കിലെടുത്ത്, ഓഹരി അനുബന്ധ ഉപകരണങ്ങളിൽ നിക്ഷേപിക്കാവുന്ന ഫണ്ടുകളുടെ വിഹിതം നിലവിലുള്ള 15ൽ നിന്ന് 20 ശതമാനമായി വർധിപ്പിക്കുന്നതിന് വേണ്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ നിക്ഷേപ മാതൃകയിൽ ഭേദഗതി വരുത്തുന്നതിന് വിശദമായ ചർച്ച നടത്തേണ്ടതുണ്ടെന്ന് മുമ്പ് ഇപിഎഫ്ഒ ട്രസ്റ്റി ഹർഭജൻ സിംഗ് സിദ്ധു പറഞ്ഞിരുന്നു.
ഓഹരികളിലെ നിക്ഷേപ പരിധി 20 ശതമാനമായി പരിഷ്കരിക്കാനുള്ള നിർദ്ദേശം ഇപിഎഫ്ഒയുടെ ഉപദേശക സമിതിയായ ഫിനാൻസ് ഓഡിറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റി (FAIC) ഇതിനകം പരിശോധിക്കുകയും അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.
ഇപിഎഫ്ഒ വരിക്കാർക്ക് ലഭ്യമാക്കുന്ന പലിശ നിരക്ക് എത്രയാണ് ?
ജൂണിൽ, 2021-22 സാമ്പത്തിക വർഷം ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 8.1 ശതമാനം പലിശ നിരക്ക് നൽകാനുള്ള തീരുമാനം സർക്കാർ അംഗീകരിച്ചിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. ഏകദേശം അഞ്ച് കോടിയോളം വരുന്ന ഇപിഎഫ്ഒ വരിക്കാരെ ബാധിക്കുന്നതായിരുന്നു ഈ തീരുമാനം. മാർച്ചിൽ ആണ് 2021-22 ലെ ഇപിഎഫ് (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്) തുകയുടെ പലിശ നിരക്ക് 8.5 ശതമാനത്തിൽ നിന്ന് 8.1 ശതമാനമാനമായി കുറയ്ക്കാനുള്ള തീരുമാനം ഉണ്ടായത്. 1977-78 ന് ശേഷം ഇപിഎഫ് നിക്ഷേപത്തിന് ലഭ്യമാക്കുന്ന ഏറ്റവും താഴ്ന്ന പലിശ നിരക്കാണിത്. അന്ന് 8 ശതമാനമായിരുന്നു പലിശ നിരക്ക്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.