കൊച്ചി: സംസ്ഥാനത്ത് ഇന്ധനനികുതി ഇനി കുറയ്ക്കുന്നത് ആലോചനയിലില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍(KN Balagopal). സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നും അതുകൊണ്ട് കേന്ദ്രം കുറക്കുമ്പോള്‍ കുറക്കേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. കേന്ദ്രസര്‍ക്കാര്‍ കുറച്ചതിന് ആനുപാതികമായി മാത്രമല്ല സംസ്ഥാനം കുറച്ചത്.
30 രൂപ കൂട്ടിയിട്ട് 8 രൂപ കുറച്ചത് വലിയ ഡിസ്കൗണ്ടിനായി കാണരുതെന്നും മന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൂട്ടിയിട്ടില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.
വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സഹായം കൂടിയേ തീരൂ എന്നും കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റം തടയാന്‍ കഴിഞ്ഞ വര്‍ഷം 4000 കോടി രൂപ സര്‍ക്കാര്‍ നല്കി. കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു വാക്കും പറയാന്‍ വി ഡി സതീശന് തയ്യാറാക്കുന്നില്ലെന്നും കേരള സര്‍ക്കാരിനെതിരെ മാത്രമാണ് വിമര്‍ശനമെന്നും കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.
പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍. ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്സിഡി നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. പെട്രോള്‍ ലിറ്ററിന് യഥാക്രമം 8 രൂപയും 6 രൂപയുമാണ് എക്സൈസ് തീരുവയില്‍ കുറവ് വരുത്തിയത്. ഇതോടെ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും.
കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിനുള്ള എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരും നികുതി കുറച്ചു. പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ കുറച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.