ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ സാമ്പത്തിക രംഗത്ത് പല മാറ്റങ്ങളും നടപ്പിലാകാൻ പോകുകയാണ്. നികുതി നിയമങ്ങളിലെ മാറ്റങ്ങൾ മുതൽ എൽപിജി സിലിണ്ടറിന്റെ വിലക്കുറവു വരെ ധാരാളം മാറ്റങ്ങളാണ് ഈ മാസം പ്രാബല്യത്തിൽ വരിക. അവ ഏതൊക്കെയാണെന്നു നോക്കാം.
1. ബാങ്ക് ഓഫ് ബറോഡ പോസിറ്റീവ് പേ സിസ്റ്റം (Bank of Baroda Positive Pay System)
ഓഗസ്റ്റ് 1, 2022 മുതൽ, 5 ലക്ഷം രൂപയിൽ കൂടുതലുള്ള ചെക്ക് ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബാങ്കിന്റെ പോസിറ്റീവ് പേ സിസ്റ്റം അനുസരിച്ചുള്ള അംഗീകാരം ലഭിക്കുന്നതിനു മുൻപ് ആധികാരികത ഉറപ്പാക്കുന്നതിനായി ഉപഭോക്താവ് ബാങ്കുമായി ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ കൈകാര്യം ചെയ്യുമ്പോൾ ഉപഭോക്താവിന് മതിയായ സുരക്ഷയുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഇത് ചെയ്യുന്നത്. ചെക്ക് തട്ടിപ്പുകളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതാണ് പോസിറ്റീവ് പേ സിസ്റ്റം. അക്കൗണ്ട് ഉടമയ്ക്ക് ചെക്ക് അനുവദിക്കുന്ന സമയത്ത് ബാങ്കിന് നൽകിയ വിവരങ്ങൾ വിലയിരുത്തി ചെക്ക് ഇടപാടുകൾക്ക് അനുമതി നൽകുന്ന രീതിയാണിത്.
Also Read-
ദിവസവും 417 രൂപ നിക്ഷേപിച്ചും കോടീശ്വരനാകാം; പിപിഎഫിനെക്കുറിച്ച് അറിയേണ്ടതെല്ലാം
2. ഐടിആർ ഫയലിംഗിനുള്ള പിഴ (Penalty for ITR Filing)
ജൂലൈ 31-നകം ഐടി റിട്ടേണുകൾ ഫയൽ ചെയ്യാത്ത നികുതിദായകർക്ക് ഡിസംബർ 31 വരെ അതിനുള്ള അവസരമുണ്ട്. കൃത്യസമയത്ത് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ആദായ നികുതി വകുപ്പിന് പിഴ നൽകേണ്ടി വരും. 2022 ഡിസംബർ 31 വരെ, 5000 രൂപ പിഴ നൽകി ഐടിആർ ഫയൽ ചെയ്യാം. 2020-21 സാമ്പത്തിക വര്‍ഷം മുതലാണ് ഈ പിഴത്തുകയിൽ ആദായ നികുതി വകുപ്പ് മാറ്റം വരുത്തിയത്. ആദായ നികുതി ചട്ടത്തിലെ സെക്ഷൻ 234 എഫ് പ്രകാരം, 5 ലക്ഷം രൂപയോ അതിൽ കൂടുതലോ വരുമാനമുള്ള നികുതിദായകർ ജൂലൈ 31 ന് ശേഷം ഐടിആർ ഫയൽ ചെയ്താൽ 5,000 രൂപ പിഴ അടയ്ക്കേണ്ടതുണ്ട്.
Also Read-
ഇന്ധനവില: ഇന്ത്യൻ ഓയിൽ കോർപറേഷൻ 2022 ആദ്യ പാദത്തിൽ നഷ്ടം രേഖപ്പെടുത്തി
3. എൽപിജി സിലിണ്ടറിന്റെ വില കുറച്ചു (LPG Cylinder Price Cut)
ഓഗസ്റ്റ് ഒന്നാം തീയതി മുതൽ പാചകവാതക സിലിണ്ടറിന് വില കുറയുകയാണ്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന് 36 രൂപയാണ് കുറച്ചിരിക്കുന്നത്. എന്നാൽ, ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഓഗസ്റ്റ് 1 തിങ്കളാഴ്ച മുതൽ ഡൽഹിയിൽ 19 കിലോഗ്രാം ഭാരമുള്ള എൽപിജി സിലിണ്ടറിന് 36 രൂപ കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇന്ന് മുതൽ ഡൽഹിയിൽ 1976 രൂപയും കൊൽക്കത്തയിൽ 2095.50 രൂപയും മുംബൈയിൽ 1936.50 രൂപയും ചെന്നൈയിൽ 2141 രൂപയുമാണ് വില.
4. എടിഎഫ് വില കുറച്ചു (ATF Price Slashed)
എയർ ടർബൈൻ ഫ്യൂവൽ അഥവാ എടിഎഫിന് കിലോലിറ്ററിന് 1,20,875.86 രൂപയാണ് മുബൈയിലെ ഇപ്പോഴത്തെ വില. ഡൽഹിയിൽ വിമാന ഇന്ധനത്തിന്റെ വില 12 ശതമാനം കുറഞ്ഞ് കിലോലിറ്ററിന് 1,21,915.57 രൂപയായി. കൊൽക്കത്തയിൽ ഇത് 1,28,425.21 രൂപയായും കുറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.