അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നാലുമാസമായി മരവിപ്പിച്ചു നിർത്തിയിരുന്ന പ്രതിദിന ഇന്ധന വില (Fuel Price) വർധനവ് ഏതു നിമിഷവും പുനരാരംഭിക്കാമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. മാർച്ച് 10നായിരുന്നു തെരഞ്ഞെടുപ്പ് ഫലം വന്നത്. അന്നു മുതൽ ഏതു നിമിഷവും വില വർധിപ്പിക്കാമെന്ന പേടിയിൽ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ് പൊതുജനം. ഈ പേടി കാരണം എല്ലാവരും കാറുകളിലും ഇരുചക്ര വാഹനങ്ങളിലുമെല്ലാം ഫുൾടാങ്ക് ഇന്ധനമടിച്ചിട്ടു. ഒരാഴ്ച കഴിഞ്ഞിട്ടും വില വർധിക്കാത്തതിന്റെ ആശ്വാസത്തിലായിരിക്കുമ്പോഴും ഏതു നിമിഷവും അത് സംഭവിക്കുമെന്ന പേടി ജനങ്ങൾക്കുണ്ട്.
ഇന്ധന വിൽപന മാർച്ച് മാസത്തിൽ കോവിഡിന് മുൻപുള്ള കണക്കുകൾക്കും മുകളിലെത്തിയതായാണ് റിപ്പോർട്ട്. ഇന്ധനവില വർധിക്കുമെന്ന റിപ്പോർട്ടുകളെ തുടർന്നു ജനങ്ങൾ വാഹനങ്ങളിൽ ഫുൾ ടാങ്ക് ഇന്ധനം നിറച്ചതാണ് ഇതിന് ഒരു കാരണം. ഈ മാസം ഒന്നു മുതൽ 15 വരെയുള്ള കാലയളവിൽ 12.36 ലക്ഷം ടൺ പെട്രോൾ വിറ്റു. മുൻമാസത്തെ ഇതേ കാലയളവിനേക്കാൾ 18.8% അധികമാണിത്. മുൻ വർഷത്തെ വിൽപനയുമായി താരതമ്യപ്പെടുത്തിയാൽ 17.7% വർധന. 2019, 2020 ലെ കണക്കുകളുമായി താരതമ്യം ചെയ്താൽ യഥാക്രമം 24.4, 24.3% വർധന.
ഇതേ കാലയളവിൽ ഡീസൽ വിൽപനയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 23.7% വർധന രേഖപ്പെടുത്തി. 35.3 ലക്ഷം ടൺ ഡീസൽ വിൽപന നടത്തിയപ്പോൾ മുൻ മാസത്തെ അപേക്ഷിച്ച് 32.8% അധിക വിൽപന. 2019നേക്കാൾ 17.3 ശതമാനവും 2020നേക്കാൾ 33.5 ശതമാനവുമാണ് വർധന. എൽപിജി വിൽപനയിൽ 17 ശതമാനം വർധനയുണ്ടായി. 13 ലക്ഷം ടൺ എൽപിജിയാണ് വിറ്റുപോയത്.
‘തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഇന്ധന ടാങ്ക് നിറച്ചോളൂ’ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ധന വിൽപനയിൽ 20 ശതമാനം വർധനയുണ്ടായെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞ ദിവസം രാജ്യസഭയിൽ പറഞ്ഞത്. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 130 ഡോളറും കടന്നിരുന്നു. ഏപ്രിൽ - സെപ്റ്റംബർ കാലയളവിൽ ഇന്ധന വിൽപന വഴിയുള്ള കേന്ദ്രസർക്കാരിന്റെ നികുതി വരുമാനം 1.71 ലക്ഷം കോടിയാണ്. ഇന്ധന വിൽപന കൂടിയതോടെ സർക്കാരുകളുടെ വരുമാനത്തിലും ആനുപാതികമായ വർധനവുണ്ടായി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.