ലോകത്തിലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഇന്ത്യൻ വ്യവസായ പ്രമുഖന് ഗൗതം അദാനി (Gautam Adani). ഫോബ്സ് മാസികയുടെ (Forbes) റിയൽ ടൈം ബില്യണേഴ്സ് പട്ടിക പ്രകാരമാണ് ഗൗതം അദാനിയുടെ പുതിയ നേട്ടം. പ്രമുഖ വ്യാപാരിയും ഓഹരി നിക്ഷേപകനുമായ വാറൻ ബഫറ്റിനെ (Warren Buffett) മറികടന്നാണ് അദാനി അഞ്ചാം സ്ഥാനത്തെത്തിയത്. ഫോബ്സ് റിപ്പോർട്ട് പ്രകാരം വാറൻ ബഫറ്റിനെക്കാൾ 2 ബില്യൻ ഡോളർ അധികമാണ് ഗൗതം അദാനിയുടെ ഇപ്പോളത്തെ ആസ്തി.
പട്ടികയിൽ പറയുന്നത് അനുസരിച്ച് അദാനിയുടെയും കുടുംബത്തിന്റെയും തിങ്കളാഴ്ച്ച രാവിലെ വരെയുള്ള ആകെ സ്വത്ത് 123.2 ബില്യൺ യുഎസ് ഡോളറും ബഫറ്റിന്റേത് 121.7 ബില്യൺ യുഎസ് ഡോളറുമാണ്. അദാനിയെ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ഫോബ്സ് കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ നേട്ടം.
Also Read- 143 ഇനങ്ങളുടെ ജിഎസ്ടി കുത്തനെ വർധിച്ചേക്കും; നികുതി ഉയരുന്ന ഉത്പന്നങ്ങൾ
130.2 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ നാലാമത്തെ ധനികനായ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനേക്കാൾ 7 ബില്യൺ ഡോളർ കുറവാണ് ഇപ്പോഴത്തെ അദാനിയുടെ ആസ്തി. സ്പേസ് എക്സിന്റെയും ടെസ്ലയുടെ മേധാവി ഇലോൺ മസ്ക് ആണ് പട്ടികയിൽ ഒന്നാമത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി 104.2 ബില്യൺ യുഎസ് ഡോളർ സമ്പാദ്യവുമായി പട്ടികയിൽ എട്ടാം സ്ഥാനത്തുണ്ട്.
ഗൗതം അദാനി ഈ വർഷം മാത്രം തന്റെ സമ്പത്തിൽ 43 ബില്യൺ ഡോളർ കൂട്ടിച്ചേർത്തെന്ന് ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സിന്റെ റിപ്പോർട്ടിൽ പറയുന്നു. ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തിൽ തന്നെ ഇത്തരത്തിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയതും അദാനിയാണ്. ഈ മാസം മാത്രം ഗൗതം അദാനി തന്റെ സമ്പത്തിൽ 20 ബില്യൺ ഡോളർ ആണ് കൂട്ടിച്ചേർത്തത്.
Also Read- സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാർ തടഞ്ഞ് ഒരു കോടി രൂപ കവർന്നു; 10 മലയാളികൾ പിടിയിൽ
തുറമുഖങ്ങളും ഖനികളും വിമാനത്താവളങ്ങളും ഹരിതോർജവും ഉൾപ്പെടെയുള്ള സമ്പാദ്യങ്ങൾക്ക് ഉടമയായ ഗൗതം അദാനി, സമ്പത്തിന്റെ കാര്യത്തിൽ ഇപ്പോൾ ലോകത്തിലെ മറ്റ് നാല് വ്യവസായ പ്രമുഖർക്ക് പിന്നിലാണ്. 130.2 ബില്യൺ ഡോളർ ആസ്തിയുള്ള മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, 167.9 ബില്യൺ ഡോളർ ആസ്തിയുള്ള വ്യവസായി ബെർണാഡ് അർനോൾട്ട്, ആമസോൺ മേധാവിയും 170.2 ബില്യൺ ഡോളർ ആസ്തിയുള്ള ധനികനുമായ ജെഫ് ബെസോസ്, 269.7 ബില്യൺ ഡോളർ ആസ്തിയുള്ള ടെസ്ല സിഇഒ എലോൺ മസ്ക് എന്നിവരാണ് ആ നാലു പേർ. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ കൂടിയാണ് ഗൗതം അദാനി.
ഇന്ത്യയിലെ ഏറ്റവും വലിയ മറൈൻ സർവീസ് കമ്പനിയായ ഓഷ്യൻ സ്പാർക്കിളിന്റെ 100 ശതമാനം ഓഹരികൾ 220 മില്യൺ ഡോളറിന് വാങ്ങുകയാണെന്ന് അടുത്തിടെയാണ് അദാനി പ്രഖ്യാപിച്ചത്.
30 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യത്തിൽ ഇന്ത്യ എത്തിയാൽ രാജ്യത്തെ പട്ടിണി പൂർണമായും മാറുമെന്ന പ്രസ്താവനയുമായി ഗൗതം അദാനി അടുത്തിടെ രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.