ന്യൂഡൽഹി: ലോകത്ത് ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന (Ease of Starting Business) അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ (India). 500 ലേറെ ഗവേഷകർ ചേർന്ന് തയ്യാറാക്കിയ ഗ്ലോബൽ എന്റർപ്രണർഷിപ്പ് മോണിറ്റർ റിപ്പോർട്ട് 2021-22 (The Global Entrepreneurship Monitor)- ലാണ് ഇന്ത്യ അഭിമാനാർഹമായ നേട്ടമുണ്ടാക്കിയത്. ദുബായ് എക്സ്പോയിലാണ് (Dubai Expo) ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ലോകത്തെ പ്രമുഖരായ 47 ഓളം സാമ്പത്തിക ശക്തികൾക്കിടയിൽ രണ്ടായിരത്തിലേറെ പേരിൽ നിന്നായി അഭിപ്രായം തേടിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ വളരെ എളുപ്പത്തിൽ ബിസിനസ് തുടങ്ങാൻ കഴിയുമെന്നാണ് സർവേയിൽ പങ്കെടുത്ത 82 ശതമാനം പേരും അഭിപ്രായപ്പെട്ടത്. പ്രാദേശിക സംരംഭകത്വ സാഹചര്യം, സംരംഭകത്വ പ്രവർത്തനം, സംരംഭകരോടുള്ള മനോഭാവം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളോടാണ് സർവേയിൽ പങ്കെടുത്തവർ പ്രതികരിച്ചത്.
ഇന്ത്യയിൽ ബിസിനസ് തുടങ്ങാൻ വളരെയേറെ സാധ്യതകളുണ്ടെന്നാണ് ഭൂരിഭാഗം അഭിപ്രായപ്പെട്ടത്.
86 ശതമാനം ഇന്ത്യാക്കാരും കരുതുന്നത് തങ്ങൾക്ക് ബിസിനസ് തുടങ്ങാനുള്ള ശേഷിയും അറിവുമുണ്ടെന്നാണ്. സർവേയിൽ പങ്കെടുത്ത 54 ശതമാനം പേരും തകർച്ച ഭയന്ന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബിസിനസ് തുടങ്ങാൻ മടിക്കുന്നവരാണ്. പേടി മൂലം ബിസിനസ് തുടങ്ങാൻ മടിക്കുന്ന കൂടുതൽ പേരുള്ള രാജ്യങ്ങളിൽ രണ്ടാമതാണ് ഇന്ത്യ.
ലോകത്തെ കുറഞ്ഞ വ്യക്തിഗത വരുമാനമുള്ള രാജ്യങ്ങളിൽ എളുപ്പത്തിൽ ബിസിനസ് തുടങ്ങാനാവുന്ന ഒന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ബിസിനസ് തുടങ്ങാനുള്ള സാമ്പത്തിക സഹായം, സർക്കാർ നയം, ബിസിനസിനുള്ള പിന്തുണ, നികുതിയും നടപടിക്രമങ്ങളും, സർക്കാരിന്റെ സംരംഭകത്വ പദ്ധതികൾ തുടങ്ങിയവയെല്ലാം പുതുസംരംഭകർക്ക് സഹായകരമാണെന്ന് റിപ്പോർട്ട് പറയുന്നു.
എന്നാൽ ഇന്ത്യൻ സംരംഭകരിൽ 80 ശതമാനം പേരും മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞ വളർച്ചയാണ് തങ്ങളുടെ സംരംഭങ്ങളിൽ പ്രതീക്ഷിക്കുന്നത്. കോവിഡിനെ തുടർന്ന് ബിസിനസിൽ മാറ്റം വരുത്തിയ സംരംഭകരിൽ ഇന്ത്യ ഒന്നാമതാണ്. 77 ശതമാനം ഇന്ത്യൻ സംരംഭകരും ഇത്തരത്തിൽ ബിസിനസിൽ മാറ്റം വരുത്തി.
പട്ടികയിൽ ഉൾപ്പെട്ട 47 രാജ്യങ്ങളിൽ 15 ഇടത്തും കോവിഡ് കാലം പുതിയ അവസരങ്ങൾ തുറന്നതായാണ് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. 2020 ൽ ഈ പട്ടികയിൽ വെറും ഒൻപത് രാജ്യങ്ങളിലെ സംരംഭകർ മാത്രമാണ് തങ്ങൾക്ക് മുന്നിലെ സാധ്യതകളെ ഉപയോഗിച്ച് ബിസിനസിൽ മാറ്റം വരുത്തിയത്.
ഗ്ലാസ്‌ഗോയിലെ സ്ട്രാത്ത്ക്ലൈഡ് സർവകലാശാലയിലെ ഹണ്ടർ സെന്റർ ഫോർ എന്റർപ്രണർഷിപ്പിലെ എന്റർപ്രണർഷിപ്പിലും ഇന്നൊവേഷനിലും സീനിയർ ലക്ചററും ജെം റിപ്പോർട്ടിന്റെ എട്ട് രചയിതാക്കളിൽ ഒരാളുമായ ഡോ.ശ്രീവാസ് സഹസ്രനാമം പറയുന്നത് ഇങ്ങനെ- “ഇന്ത്യയിൽ സർവേയോട്പ്രതികരിച്ചവരിൽ 80 ശതമാനത്തിലധികം പേരും ഇത് സമ്മതിച്ചു. 'സ്റ്റാർട്ടപ്പ് ഇന്ത്യ', 'മേക്ക് ഇൻ ഇന്ത്യ' തുടങ്ങിയ സർക്കാർ സംരംഭങ്ങൾക്ക് നന്ദി, മെച്ചപ്പെട്ട ഒരു സംരംഭക ആവാസവ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്ന, ആഗോളതലത്തിൽ മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയെ ഉൾപ്പെടുത്തിക്കൊണ്ട് രാജ്യത്ത് ഒരു ബിസിനസ്സ് ആരംഭിക്കുന്നത് എളുപ്പമാണ്.''
English Summary: India is among the top five easiest places to start a new business, a global consortium of over 500 researchers said on Thursday in its latest report, putting the country on top amongst low-income economies on different entrepreneurial framework conditions. The Global Entrepreneurship Monitor (GEM) 2021/2022 report, unveiled at the Dubai Expo, gathered data via a survey of at least 2,000 respondents across each of 47 high, medium and low-income economies.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Business in India, Dubai Expo, Survey