സേവനം ആരംഭിച്ച് ഒന്നര പതിറ്റാണ്ട് പിന്നിട്ടതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഗോ എയര്‍, യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മുമ്പ് ഗോ എയര്‍ (GoAir) എന്നറിയപ്പെട്ടിരുന്ന എയര്‍ലൈന്‍ ഗോ ഫസ്റ്റ് (Go First) എന്ന് അടുത്തിടെ പേര് മാറ്റിയിരുന്നു.
കമ്പനി തങ്ങളുടെ 16 വര്‍ഷത്തെ സേവന പൂര്‍ത്തീകരണത്തോടനുബന്ധിച്ച് ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് വിമാന നിരക്കില്‍ 16 ശതമാനം കിഴിവ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം നവംബര്‍ 24-നും 2022 മാര്‍ച്ച് 31-നും ഇടയിലുള്ള യാത്രയ്ക്കായി നവംബര്‍ 2 മുതല്‍ 9 വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. .
നാല് വിമാനങ്ങളുമായി 2005ല്‍ സ്ഥാപിതമായ ഈ എയര്‍ലൈന്‍ ഇന്ന് 58 വിമാനങ്ങളുണ്ട്. അന്ന് വെറും നാല് സ്ഥലങ്ങളിലേയ്ക്ക് മാത്രമായിരുന്നു ഗോ എയര്‍ (ഇന്ന് ഗോ ഫസ്റ്റ്) സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് 38 ലക്ഷ്യ സ്ഥാനങ്ങളിലേയ്ക്ക് കമ്പനി വിമാന സര്‍വ്വീസ് നടത്തുന്നുണ്ട്. മാത്രമല്ല അടുത്തിടെ, എല്‍സിസിയില്‍ (ലോ-കോസ്റ്റ് കാരിയര്‍) നിന്ന് യുഎല്‍സിസി (അള്‍ട്രാ ലോ-കോസ്റ്റ് കാരിയര്‍) ആയി രൂപാന്തരപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ എയര്‍ലൈന്‍ ആയും ഗോ ഫസ്റ്റ് മാറി.
2021ലെ ശൈത്യകാല വിമാന ഷെഡ്യൂള്‍ സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) പുതിയ പ്രസ്താവന പുറത്തിറക്കിയിരുന്നു. അതുപ്രകാരം വിന്റര്‍ ഷെഡ്യൂളില്‍ ഗോ ഫസ്റ്റിന് 2,290 വിമാന സര്‍വീസുകള്‍ നടത്താന്‍ സാധിക്കും. വ്യാഴാഴ്ച കേന്ദ്രം അംഗീകരിച്ച 'വിന്റര്‍ ഷെഡ്യൂള്‍-2021' 2021 ഒക്ടോബര്‍ 31 മുതല്‍ 2022 മാര്‍ച്ച് 26 വരെ പ്രാബല്യത്തിലുണ്ടാവും. ആകെ 22,287 വിമാനങ്ങള്‍ക്കാണ് ഡിജിസിഎ അനുമതി നല്‍കിയിരിക്കുന്നത്.
രാജ്യത്തെ ''108 വിമാനത്താവളങ്ങളിലേക്കും പുറത്തേക്കും ആഴ്ചയില്‍ 22,287 വിമാന സേവനങ്ങള്‍ എന്ന നിലയിലാണ് തീരുമാനമെടുത്തിരിക്കുന്നത്,'' ഡിസിജിഎ പ്രസ്താവനയില്‍ പറഞ്ഞു. വിന്റര്‍ ഷെഡ്യൂളിന് കീഴില്‍ ഏറ്റവും കൂടുതല്‍ വിമാന സേവനങ്ങള്‍ അനുവദിച്ചിരിക്കുന്നത് ഇന്‍ഡിഗോയ്ക്കാണ് (10,243). മറ്റ് വിമാനകമ്പനികള്‍ക്ക് - സ്പൈസ് ജെറ്റ് (2,995), എയര്‍ ഇന്ത്യ (2,053), വിസ്താര (1,675), എയര്‍ ഏഷ്യ (1,393) എന്നിങ്ങനെയാണ് കണക്കുകള്‍.
2019 ലെ ശീതകാല ഷെഡ്യൂളിന് അംഗീകാരം ലഭിച്ച 4,316 പ്രതിവാര ഫ്ളൈറ്റുകളെ അപേക്ഷിച്ച് സ്പൈസ് ജെറ്റിന് ഈ വര്‍ഷത്തെ ആഭ്യന്തര സര്‍വീസുകള്‍ 31 ശതമാനം കുറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.