• HOME
 • »
 • NEWS
 • »
 • money
 • »
 • Gold Import Duty | സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 5% ഉയർത്തി: സ്വർണ്ണ വില കൂടുമോ? നിക്ഷേപകരെ ബാധിക്കുന്നത് എങ്ങനെ?

Gold Import Duty | സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 5% ഉയർത്തി: സ്വർണ്ണ വില കൂടുമോ? നിക്ഷേപകരെ ബാധിക്കുന്നത് എങ്ങനെ?

മെയ് മാസത്തിൽ രാജ്യത്തെ സ്വർണത്തിന്റെ ഇറക്കുമതി മുൻവർഷത്തെ അപേക്ഷിച്ച് ഒമ്പത് മടങ്ങ് വർധിച്ച് 7.7 ബില്യൺ ഡോളറിലെത്തിയിരുന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  സ്വർണ്ണത്തിന്റെ (Gold ) ഇറക്കുമതി തീരുവയിൽ (Import Duty) കേന്ദ്ര സർക്കാർ (Union government) 5 ശതമാനം വർധനവ് വരുത്തി. നിലവിൽ 7.5 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ജൂൺ 30ന് കേന്ദ്ര സർക്കാർ പുറത്തിറക്കി. കഴിഞ്ഞ മാസം രാജ്യത്തിന്റെ വ്യാപാര കമ്മി (trade deficit) റെക്കോർഡ് വർധന രേഖപ്പെടുത്തുകയും രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് എത്തുകയും ചെയ്ത സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനം.

  “സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിക്കാൻ രണ്ട് പ്രധാന കാരണങ്ങളാണ് ഉള്ളത്, അതിൽ ഒന്ന് പെട്രോളിയം നികുതിയിൽ നിന്നുള്ള വരുമാനം കുറയുന്നതിന് പരിഹാരം കാണുക എന്നതാണ്, മറ്റൊന്ന് കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രികുക എന്നതുമാണ്” ട്രേഡ്ബുൾസ് സെക്യൂരിറ്റീസിലെ സീനിയർ കമ്മോഡിറ്റി/കറൻസി റിസർച്ച് അനലിസ്റ്റ് ഭവിക് പട്ടേൽ ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു.

  എന്തുകൊണ്ടാണ് സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഉയർത്തിയത്?

  സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയുടെ ഒരു വർഷത്തെ വ്യാപാര കമ്മി 6.53 ബില്യൺ ഡോളറിൽ നിന്നും 24.29 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. ഈ സാമ്പത്തിക വർഷം ആദ്യ രണ്ട് മാസങ്ങളിലെ വ്യാപാര കമ്മി 44.69 ബില്യൺ ഡോളറായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 21.82 ബില്യൺ ഡോളർ മാത്രമായിരുന്നു. വ്യാപാര കമ്മി ഉയരുന്നതും വിദേശ ഫണ്ടുകൾ തുടർച്ചയായി പുറത്തേക്ക് പോകുന്നതും രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് എത്താൻ കാരണമായി. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിലയായ 79.12 രൂപയിലെത്തിയിരുന്നു.

  ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ ഉപഭോക്താവാണ് ഇന്ത്യ. ചൈനയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്തിന് ആവശ്യമായ സ്വർണ്ണത്തിന്റെ ഭൂരിഭാ​ഗവും ഇറക്കുമതി ചെയ്യുകയാണ്. സ്വർണ്ണാഭരണ മേഖലയാണ് പ്രധാന ആവശ്യക്കാർ.

  മെയ് മാസത്തിൽ രാജ്യത്തെ സ്വർണത്തിന്റെ ഇറക്കുമതി മുൻവർഷത്തെ അപേക്ഷിച്ച് ഒമ്പത് മടങ്ങ് വർധിച്ച് 7.7 ബില്യൺ ഡോളറിലെത്തിയിരുന്നു. വർധിച്ചുവരുന്ന വ്യാപാരക്കമ്മിയും രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുത്ത് സ്വർണ്ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ഇപ്പോൾ ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

  രൂപയുടെ മൂല്യത്തകർച്ചയും അസ്ഥിരമായ മറ്റ് സാമ്പത്തിക ഘടകങ്ങളും കാരണം ഇന്ത്യ നിലവിൽ ഉയർന്ന കറന്റ് അക്കൗണ്ട് കമ്മിയും വ്യാപാര കമ്മിയും ആണ് നേരിടുന്നത്. മഹാമാരിക്ക് ശേഷം, സ്വർണത്തിന്റെ ആവശ്യകത വർധിച്ചതാണ് വ്യാപാരകമ്മിയെ പ്രതികൂലമായാണ് ബാധിച്ചത്.
  സ്വർണ്ണ വില കൂടുന്നതിലൂടെ ഇറക്കുമതി നിയന്ത്രിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ നിലവിൽ നികുതി വർധിപ്പിച്ചിരിക്കുന്നത്.

  അതേസമയം, ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ വർഷം കേന്ദ്രം സ്വർണ്ണത്തിന്റെ ഇറക്കുമതി നികുതി 7.5 ശതമാനമായി കുറയ്ക്കുകയാണ് ചെയ്തത്. അതിനാൽ സന്തുലിതാവസ്ഥ നിലനിർത്താൻ വേണ്ടിയാണ് ഇപ്പോൾ നേർ വിപരീതമായി ചെയ്യുന്നത്. ഈ നികുതി വർധന പ്രാദേശിക വിപണികളിൽ സ്വർണവില ഉയരാൻ കാരണമാകും," ഷെയർ ഇന്ത്യയുടെ വൈസ് പ്രസിഡന്റും ഗവേഷണ മേധാവിയുമായ രവി സിംഗ് പറഞ്ഞു.

  സ്വർണ വില 10 ഗ്രാമിന് 2,000 രൂപ വരെ കൂടിയേക്കും

  “പുതിയ നികുതി വർധനവിന് ശേഷം സ്വർണത്തിന്മേലുള്ള നികുതി 18.75 ശതമാനമായി ഉയരും. 12.50 ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവ, 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് എന്നിവ ഉൾപ്പെടെ ഫലത്തിൽ സ്വർണ്ണത്തിന്റെ മൊത്തത്തിലുള്ള ഇറക്കുമതി നികുതി 15.75 ശതമാനമായി ഉയരും. ഇതിന് പുറമെ 3 ശതമാനം ചരക്ക് സേവന നികുതിയും (ജിഎസ്ടി) നൽകേണ്ടതുണ്ട്,“ റെലിഗെയർ ബ്രോക്കിങ് ലിമിറ്റഡിന്റെ കമ്മോഡിറ്റി & കറൻസി റിസർച്ച് വിഭാ​ഗം വൈസ്പ്രസിഡന്റ് സുഗന്ധ സച്ദേവ വിശദീകരിച്ചു.

  “ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനാണ് ഞങ്ങൾ വലിയ തോതിൽ സ്വർണം ഇറക്കുമതി ചെയ്യുന്നത്. അതിനാൽ ആഭ്യന്തര വിപണിയിലെ സ്വർണ്ണ വിലയിൽ 10 ഗ്രാമിന് ഏകദേശം 2,000 രൂപ വരെ ആനുപാതികമായ വർധന പ്രകടമാകാൻ നിലവിലെ നികുതി വർധന കാരണമായേക്കാം, സച്‌ദേവ കൂട്ടിച്ചേർത്തു.
  Published by:Arun krishna
  First published: