യുഎസ് ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധികൾക്കിടെ ഇന്ത്യയിലെ സ്വർണവില 60,000 രൂപ കടന്ന് എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ഇന്നത്തെ കണക്കു പ്രകാരം മൾട്ടി കമോഡിറ്റി എക്സ്ചേഞ്ചിൽ (Multi Commodity Exchange) സ്വർണവില 1.5 ശതമാനം ഉയർന്ന് 10 ഗ്രാമിന് 60,274 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില 0.57 ശതമാനം ഉയർന്നു. ഇത് ഔൺസിന് 2,001.6 ഡോളർ എന്ന നിലയിലെത്തി. അതേസമയം, ന്യൂയോർക്ക് കമ്മോഡിറ്റി എക്സ്ചേഞ്ച് കോമെക്സിൽ (New York commodity exchange COMEX) വെള്ളിയുടെ വില 0.73 ശതമാനം കുറഞ്ഞ് ഔൺസിന് 22.54 ഡോളറിലെത്തി.
Also read- Gold price today | ഇതെന്തൊരു പോക്ക്! ഒരു പവൻ സ്വർണത്തിന് ഒരു ദിവസം കൊണ്ട് 1200 രൂപ കൂടി
”അമേരിക്കൻ ബാങ്കിംഗ് പ്രതിസന്ധിയെത്തുടർന്ന്, സ്വർണ നിരക്ക് എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. സിലിക്കൺ വാലി ബാങ്കിന്റെയും മറ്റ് ബാങ്കുകളുടെയും പെട്ടെന്നുള്ള തകർച്ചയെത്തുടർന്ന് കൂടുതൽ സുരക്ഷിതമായ നിക്ഷേപമാർഗമായി സ്വർണം മാറി. യുഎസ് ബോണ്ട് നിരക്കുകളിലും വീഴ്ചയുണ്ടായി. ഡോളർ സൂചിക ഇടിഞ്ഞു. തത്ഫലമായി സ്വർണ്ണ വില വർദ്ധിച്ചു. ബാങ്കിംഗ് പ്രതിസന്ധിയും അമേരിക്കൻ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളും കണക്കിലെടുത്ത്, യുഎസ് ഫെഡറൽ റിസർവ് മാർച്ച് 22 ന് ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ യോഗത്തിലെ നയങ്ങൾ സ്വർണ വിപണി സംബന്ധിച്ച് കൂടുതൽ മാർഗനിർദേശങ്ങൾ നൽകിയേക്കാം”, ട്രേഡിങ്ങ് കമ്പനിയായ മെഹ്ത ഇക്വിറ്റീസ് വൈസ് പ്രസിഡന്റ് രാഹുൽ കലാന്ത്രി ന്യൂസ് 18 നോട് പറഞ്ഞു.
അമേരിക്കയിലെ സിലിക്കൺ വാലി ബാങ്കും സിഗ്നേച്ചർ ബാങ്കും അടുത്തിടെ തകർന്നിരുന്നു. സ്വിസ് വായ്പാദാതാവായ ക്രെഡിറ്റ് സ്യൂസും യുഎസ് ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക് ബാങ്കും തകർച്ചയുടെ വക്കിലാണ്. ഈ അവസരത്തിൽ സുരക്ഷിത നിക്ഷേപ മാർഗം എന്ന നിലയിൽ സ്വർണവിപണിക്ക് വളരെ അനുകൂലമായ സാഹചര്യമാണെന്നും കലാന്ത്രി പറഞ്ഞു.
Also read- Gold Price Today | ലക്‌ഷ്യം പവന് 45,000 രൂപയോ? കേരളത്തിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ
”സ്വർണ വില കുതിച്ചുയരുകയാണ്. ബാങ്കിംഗ് പ്രതിസന്ധിയെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വം കണക്കിലെടുത്ത് കഴിഞ്ഞയാഴ്ച, സ്വർണ വിപണി ഏകദേശം നാലു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. യുഎസ് ബാങ്കിംഗ് പ്രതിസന്ധിയെത്തുടർന്ന് സുരക്ഷിതമായ ആസ്തികളുടെ ആവശ്യം വർദ്ധിച്ചതിനാൽ തുടർച്ചയായ മൂന്നാം ആഴ്ചയും സ്വർണ വിലയിൽ വർധനയുണ്ടായി”, സ്റ്റോക്ക് ബ്രോക്കർ കമ്പനിയായ ഏഞ്ചൽ വണ്ണിലെ കാർഷികേതര ചരക്കുകളുടെയും കറൻസികളുടെയും ചുമതലയുള്ള അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് പ്രതമേഷ് മല്യ ന്യൂസ് 18 നോട് പറഞ്ഞു.
”ഗോൾഡ് ബുള്ളിയൻ (Gold bullion) യൂറോ നിരക്കും കഴിഞ്ഞ വർഷം റെക്കോർഡുകൾ ഭേദിച്ചിരുന്നു. അതിനു ശേഷം ഏറ്റവും വലിയ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പൗണ്ടിലെ സ്വർണ വില പുതിയ ഉയരത്തിലെത്തി. ഫെബ്രുവരിയിൽ കൺസ്യൂമർ പ്രൈസ് ഇൻഡക്ടിൽ 6 ശതമാനം വർദ്ധനവുണ്ടായി. 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ചെറിയ വർദ്ധനവാണിത്. പണപ്പെരുപ്പത്തെ ചെറുക്കുന്നതിനായി യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശനിരക്ക് 50 ബേസിസ് പോയിന്റ് വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു”, മല്യ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold price, Gold rates, India