HOME » NEWS » Money » GOLD PRICE INCREASED BY RS 200 PER SOVEREIGN KNOW TODAY S RATES

Gold Price Today| സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധന; ഇന്നത്തെ നിരക്കുകൾ അറിയാം

ഈ മാസം ഇതുവരെ പവന് 2760 രൂപയാണ് സ്വർണത്തിന് കൂടിയത്.

News18 Malayalam | news18-malayalam
Updated: April 22, 2021, 11:16 AM IST
Gold Price Today| സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധന; ഇന്നത്തെ നിരക്കുകൾ അറിയാം
gold price today
  • Share this:
കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവില വർധിച്ചു. വ്യാഴാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായി. ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തേത്. ഈ മാസം ഇതുവരെ പവന് 2760 രൂപയാണ് സ്വർണത്തിന് കൂടിയത്. ബുധനാഴ്ചയും സംസ്ഥാനത്ത് സ്വർണവില വർധിച്ചിരുന്നു. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് അന്ന് വർധിച്ചത്. ഗ്രാമിന് 4485 രൂപയും പവന് 35,880 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്.

എന്നാൽ, ചൊവ്വാഴ്ച സ്വർണവില പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും കുറഞ്ഞിരുന്നു. പവന് 35,320 രൂപയും ഗ്രാമിന് 4415 രൂപയുമായിരുന്നു ചൊവ്വാഴ്ചത്തെ സ്വർണവില. ഏപ്രിൽ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയുമായിരുന്നു. ഇന്ന് ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിലും സ്വർണവില ഉയർന്നേക്കുമെന്ന സൂചനകളാണ് വരുന്നത്.

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞ ശേഷമാണ് ഏപ്രിലിൽ സ്വർണ വില വർധിക്കുന്നത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞിരുന്നു. മാർച്ച് മാസത്തിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 31ന്) രൂപയുമായിരുന്നു.

ആഗോള വിപണിയിലും മഞ്ഞലോഹത്തിന് വില ഉയരുകയാണ്. സ്പോട് ഗോൾഡ് വില ബുധനാഴ്ച ഔൺസിന് 14.37 ഡോളർ വർധിച്ച് 1793.35 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില 1790 ഡോളർ കടന്നതോടെ 1800 ഡോളറിലേക്ക് പെട്ടെന്ന് തന്നെ എത്തുമെന്ന് വിലയിരുത്തൽ. നിലവിലെ വിപണി സാഹചര്യങ്ങൾ സ്വർണത്തിന് അനുകൂലമാണെന്നാണ് വിദഗ്ധർ പറയുന്നത്.

Also Read- അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില വർധിച്ച് 50,810 രൂപയായി. ഇന്ത്യയില്‍ ഉത്സവകാലമായതിനാൽ സ്വര്‍ണത്തിന്റെ ആവശ്യകത വർധിച്ചിട്ടുണ്ട്.

കോവിഡിന്റെ രണ്ടാം തരംഗം സ്ഥിരീകരിച്ചതാണ് സ്വർണവില വർധിക്കാൻ കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനൊപ്പം അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുന്നതും ബോണ്ട് വരുമാനം ക്രമപ്പെടുന്നതും ഡോളര്‍ സൂചിക പിന്‍വാങ്ങുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

കൊറോണ വൈറസ് ആശങ്ക നിലനിൽക്കുന്നതുവരെ സ്വര്‍ണ വില വർധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കോവിഡ് രൂക്ഷമായി ബാധിച്ച 2020 ൽ 28 ശതമാനം കുതിപ്പാണ് സ്വര്‍ണം കാഴ്ച്ച വെച്ചത്. ആഗോള സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തില്‍ വിശ്വാസം അർപ്പിച്ചതാണ് മഞ്ഞലോഹത്തിന് ഊർജം പകർന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ 10 ഗ്രാം സ്വര്‍ണത്തിന് 56,200 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലും എത്തിയിരുന്നു.

Key Words: gold price kerala, gold price today, Gold prices, gold price, gold price on april 21, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
Published by: Rajesh V
First published: April 22, 2021, 11:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories