നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഇൻഡിഗോ യാത്രക്കാർക്ക് വമ്പൻ ഓഫറുകൾ; ടിക്കറ്റ് നിരക്കിൽ ഇളവ്; 15-ാം വാർഷികത്തിന്

  ഇൻഡിഗോ യാത്രക്കാർക്ക് വമ്പൻ ഓഫറുകൾ; ടിക്കറ്റ് നിരക്കിൽ ഇളവ്; 15-ാം വാർഷികത്തിന്

  നിലവില്‍, 270 അധികം വിമാനങ്ങളുള്ള ഇന്‍ഡിഗോ, പ്രതിദിനം ആയിരത്തോളം ഫ്ലൈറ്റുകളുടെ സര്‍വ്വീസ് നടത്തുന്നുണ്ട്.

   (IndiGo)

  (IndiGo)

  • Share this:


   പ്രമുഖ എയര്‍ലൈനായ ഇന്‍ഡിഗോയുടെ 15-ാം വാര്‍ഷികത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫര്‍. ആഭ്യന്തര, അന്തര്‍ദേശീയ യാത്രാ ടിക്കറ്റുകള്‍ക്കാണ് കമ്പനി ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 915 രൂപ മുതല്‍ ആഭ്യന്തര ടിക്കറ്റുകള്‍ ലഭിക്കും. ഇന്നലെ പ്രഖ്യാപിച്ച ഈ ഓഫര്‍ അനുസരിച്ചുള്ള ടിക്കറ്റ് വില്‍പ്പന മൂന്ന് ദിവസം നീണ്ടു നില്‍ക്കും. അതായത് ഓഗസ്റ്റ് 4 മുതല്‍ 6 വരെയാണ് ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുക. 2021 സെപ്റ്റംബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 26 വരെയുള്ള യാത്രകള്‍ക്ക് ഈ ഓഫര്‍ ബാധകമാണ്.

   കൂടാതെ, 'ഫാസ്റ്റ് ഫോര്‍വേഡ്, 6 ഇ ഫ്‌ലെക്‌സ്, 6 ഇ ബാഗ്‌പോര്‍ട്ട്' എന്നിവയുള്‍പ്പെടെ '6 ഇ' ആഡ്-ഓണുകള്‍ 315 രൂപയ്ക്കും 'കാര്‍ വാടക' സേവനം 315 രൂപയ്ക്കും ലഭിക്കും.

   'ഇന്‍ഡിഗോ സേവനം ആരംഭിച്ച് 15-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഇത് ഒരു സുപ്രധാന അവസരമാണ്. ഏറ്റവും മോശം സമയങ്ങളില്‍ പോലും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ഞങ്ങളിലുള്ള വിശ്വാസത്തിന് നന്ദി അറിയിക്കാന്‍ ആഗ്രഹിക്കുന്നു' ഇന്‍ഡിഗോയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റൊനോജോയ് ദത്ത പറഞ്ഞു.

   നിലവില്‍, 270 അധികം വിമാനങ്ങളുള്ള ഇന്‍ഡിഗോ, പ്രതിദിനം ആയിരത്തോളം ഫ്ലൈറ്റുകളുടെ സര്‍വ്വീസ് നടത്തുന്നുണ്ട്. 67 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കും 24 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കും ഇന്‍ഡിഗോ സര്‍വ്വീസ് നടത്തുന്നുണ്ട്.

   ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനുമായി (IATA) സഹകരിച്ച് IATA ട്രാവല്‍ പാസിനായി ഒരു പൈലറ്റ് പ്രോജക്റ്റ് ഇന്‍ഡിഗോ ആരംഭിക്കുന്നുണ്ട്. ലക്ഷ്യസ്ഥാനത്തെ കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നിറവേറ്റുന്നതിന് യാത്രക്കാര്‍ക്ക് അവരുടെ പ്രീ-ട്രാവല്‍ ടെസ്റ്റ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ ഒരു 'ഡിജിറ്റല്‍ പാസ്പോര്‍ട്ട്' സൃഷ്ടിക്കാന്‍ ഇത് സഹായിക്കും. കോവിഡ് -19 ടെസ്റ്റുകള്‍ക്കോ വാക്‌സിനുകള്‍ക്കോ വേണ്ടിയുള്ള സര്‍ക്കാര്‍ ആവശ്യകതകള്‍ക്ക് അനുസൃതമായി യാത്രകള്‍ എളുപ്പത്തിലും സുരക്ഷിതമായും കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്പായിരിക്കും IATA ട്രാവല്‍ പാസ്.

   ഓഗസ്റ്റ് 20 മുതല്‍ രാജ്യത്ത് ഈ പൈലറ്റ് പദ്ധതി ആരംഭിക്കും. യാത്രക്കാര്‍ക്ക് യാത്ര സുഗമമാക്കുന്നതിന് ടെസ്റ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അധികാരികള്‍ക്കും എയര്‍ലൈനുകള്‍ക്കുമായി പങ്കിടാന്‍ ഇതുവഴി കഴിയുമെന്ന് എയര്‍ലൈന്‍ ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

   അയാട്ട ട്രാവല്‍ പാസ് അംഗീകൃത ലാബുകളെയും ടെസ്റ്റ് സെന്ററുകളെയും പരീക്ഷണ ഫലങ്ങളോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളോ സുരക്ഷിതമായി യാത്രക്കാര്‍ക്ക് അയയ്ക്കാന്‍ പ്രാപ്തമാക്കുമെന്ന് എയര്‍ലൈന്‍ ചൂണ്ടിക്കാട്ടി. 'ഇന്ന്, മിക്ക രാജ്യങ്ങളും ലോകമെമ്പാടുമുള്ള യാത്രക്കാര്‍ക്കായി കോവിഡ് പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കിയിട്ടുണ്ട്, ഈ അയാട്ട ട്രാവല്‍ പാസ് ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് ആവശ്യമായ യാത്രക്കാരുടെ വിവരങ്ങള്‍ ലളിതമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്യും. അതേസമയം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുന്നു' റൊനോജോയ് ദത്ത പറഞ്ഞു.
   Published by:Jayashankar AV
   First published: