ആദിൽ ഷെട്ടി, സിഇഒ, ബാങ്ക് ബസാർ.കോം (ADHIL SHETTY, CEO, BANKBAZAAR.com)
കാലാവസ്ഥാ വ്യതിയാനം (Climate change) മനുഷ്യന്റെ ആരോഗ്യത്തെ തന്നെ ബാധിച്ചു കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ആഗോള താപനില വർധിക്കുന്നതാണ് ഇതിനു പ്രധാന കാരണമെന്നാണ് കരുതപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തെയും പാരിസ്ഥിതിക മാറ്റങ്ങളെയും ചെറുക്കാൻ നമ്മളാൽ കഴിയുന്നത് ചെയ്യണ്ടതുണ്ട്. ആഗോളതലത്തിൽ, വ്യവസായങ്ങൾ പോലും പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് പ്രവർത്തിക്കുന്നതായാണ് സമീപകാലത്തായി നാം കാണുന്നത്. കുറഞ്ഞ കാർബൺ പുറന്തള്ളുന്ന വ്യവസായങ്ങൾക്ക് ധനസഹായം നൽകാൻ ഇന്ന് യുവ നിക്ഷേപകരും താൽപര്യപ്പെടുന്നു. ഇതിനായി നിരവധി പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഹരിത നിക്ഷേപങ്ങളാണ് (green deposit) അതിലൊന്ന്. പരിസ്ഥിതി സൗഹൃദ പദ്ധതികളിൽ പണം നിക്ഷേപിക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ധനകാര്യ സ്ഥാപനങ്ങളും മറ്റ് വായ്പാ ദാതാക്കളും വാഗ്ദാനം ചെയ്യുന്ന സ്ഥിരകാല നിക്ഷേപങ്ങളാണ് (fixed-term deposits) അവ.
പുനരുപയോഗിക്കാവുന്ന ഊർജം, മലിനീകരണം തടയൽ, സുസ്ഥിര ജല പദ്ധതികൾ തുടങ്ങിയവുമായി ബന്ധപ്പെട്ട് നിരവധി വൻകിട പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ മൂലമുണ്ടാകുന്ന താപനില വർദ്ധനവ് നിയന്ത്രിക്കുക എന്നതാണ് ഇത്തരം പദ്ധതികളുടെ ലക്ഷ്യം.
ഹരിത പദ്ധതികളിലെ നിക്ഷേപങ്ങൾ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിക്ഷേപകരെ സഹായിക്കും. കുറഞ്ഞ അളവിൽ കാർബൺ പുറന്തള്ളുന്നതും, കാലാവസ്ഥാ-പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥയിലേക്കുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്യവസായികൾക്കും പദ്ധതികൾക്കും ധനസഹായം നൽകുക എന്നതാണ് ഹരിത നിക്ഷേപങ്ങളുടെ പ്രധാന ലക്ഷ്യം.
നിലവിൽ, എച്ച്ഡിഎഫ്സി, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾക്ക് ഗ്രീൻ ബാങ്കിംഗ് ഓഫറുകളുടെ ഭാഗമായി നിക്ഷേപകർക്ക് ഗ്രീൻ ഡെപ്പോസിറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ (UNSDG) പിന്തുണയ്ക്കുന്ന പദ്ധതികൾക്കും സ്ഥാപനങ്ങൾക്കും ധനസഹായം നൽകുന്നതിന് ഈ നിക്ഷേപങ്ങൾ ഉപയോഗിക്കും.
ഹരിത നിക്ഷേപങ്ങളെക്കുറിച്ച് (green fixed deposits) നിങ്ങൾ അറിയേണ്ട കാര്യങ്ങളാണ് താഴെപ്പറയുന്നത്.
നിക്ഷേപങ്ങൾ ഉപയോഗപ്പെടുത്തുന്നമേഖലകൾ: ഊർജത്തിന്റെ കാര്യക്ഷമമായ ഉപയോഗം, പുനരുപയോഗിക്കാൻ കഴിയുന്ന ഊർജം, ഹരിത ഗതാഗതം, സുസ്ഥിര ഭക്ഷണം, കൃഷി, വനം, മാലിന്യ സംസ്കരണം, ഹരിതഗൃഹ വാതകം കുറയ്ക്കുന്ന പദ്ധതികൾ, ഹരിത കെട്ടിടങ്ങൾ എന്നിവയുമായെല്ലാം ബന്ധപ്പെട്ട് ഹരിത നിക്ഷേപങ്ങൾ പ്രയോജനപ്പെടുത്തും.
ഹരിത നിക്ഷേപങ്ങളുടെ സവിശേഷതകൾ
1. ഉയർന്ന പലിശ നിരക്ക് (High-interest Rate)
നിങ്ങൾ ഗ്രീൻ ഡെപ്പോസിറ്റുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ, പ്രതിവർഷം 6.55% പലിശയായിരിക്കും ലഭിക്കുക. പരമ്പരാഗത ബാങ്ക് നിക്ഷേപങ്ങളിൽ ഒരാൾക്ക് സാധാരണയായി ലഭിക്കുന്ന പലിശനിരക്കിനേക്കാൾ കൂടുതലാണിത്.
2. മുതിർന്ന പൗരന്മാർക്ക് അധിക റിട്ടേൺ (Extra Return For Senior Citizens)
രണ്ട് കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് അവരുടെ നിക്ഷേപത്തിന്റെ 0.25% മുതൽ 0.5% വരെ അധിക പലിശ ലഭിക്കും.
3. ഓൺലൈൻ നിക്ഷേപങ്ങൾക്ക് അധിക വരുമാനം (Online Investments Get Additional Return)
നിക്ഷേപകർ ഒരു ഓൺലൈൻ പ്ലാറ്റ്ഫോം വഴിയോ പോർട്ടലുകളോ മൊബൈൽ ആപ്ലിക്കേഷനുകളോ വഴിയോ ഗ്രീൻ ഡിപ്പോസിറ്റുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ, അവർക്ക് 0.1% അധിക റിട്ടേൺ ലഭിക്കും.
4. ഇൻഷുറൻസ് പിന്തുണ (Insurance Backing)
ഗ്രീൻ ഡെപ്പോസിറ്റുകൾക്ക് കീഴിലുള്ള നിക്ഷേപങ്ങൾക്ക് 1000 രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയുണ്ട്. 5 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഇത് ബാധകമാണ്.
5. കാലാവധി (Tenures)
ഗ്രീൻ ഡെപ്പോസിറ്റുകളിലെ നിക്ഷേപത്തിന്റെ ഏറ്റവും കുറഞ്ഞ കാലാവധി 18 മാസമാണ്, പരമാവധി 10 വർഷം വരെയാകാം.
ആർക്കൊക്കെ നിക്ഷേപിക്കാം?
എല്ലാ ഇന്ത്യൻ പൗരന്മാർക്കും എൻആർഐകൾക്കും കോർപ്പറേറ്റുകൾക്കും ട്രസ്റ്റുകൾക്കും ഇന്ത്യയിൽ ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റുകൾ തുറക്കാൻ അർഹതയുണ്ട്. ഏക ഉടമസ്ഥസ്ഥാപനങ്ങൾ (sole proprietorship firms), പങ്കാളിത്ത സ്ഥാപനങ്ങൾ, സൊസൈറ്റികൾ, ക്ലബ്ബുകൾ, അസോസിയേഷനുകൾ, പ്രായപൂർത്തിയാകാത്തവർക്കു വേണ്ടി രക്ഷിതാക്കൾ നടത്തുന്ന നിക്ഷേപങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
കാലാവധിക്കു മുൻപേ പിൻവലിച്ചാൽ പിഴ (Penalties On Premature Withdrawals)
ഗ്രീൻ ഡെപ്പോസിറ്റിൽ നിക്ഷേപിച്ചു കഴിഞ്ഞ് ആദ്യ മൂന്ന് മാസങ്ങളിൽ നിക്ഷേപകന് പണം പിൻവലിക്കാൻ സാധിക്കില്ല. ഒരു വ്യക്തിഗത നിക്ഷേപകൻ മൂന്ന് മാസത്തിന് ശേഷം പണം പിൻവലിക്കുകയാണെങ്കിൽ, ആറ് മാസത്തിനുള്ളിൽ, ലഭിക്കുന്ന പലിശ 3% ആയിരിക്കും. പങ്കാളിത്ത നിക്ഷേപകരുടെ കാര്യത്തിൽ, ഈ കാലയളവിനു മുൻപേയുള്ള പിൻവലിക്കലുകൾക്ക് പലിശ ലഭിക്കില്ല. ആറ് മാസത്തിന് ശേഷം നടത്തുന്ന കാലാവധിയെത്തും മുൻപേയുള്ള പിൻവലിക്കലുകൾക്ക് 1% പിഴ ഈടാക്കും. അതായത്, നിക്ഷേപകർക്ക് ബാധകമായ പലിശ നിരക്കിനേക്കാൾ 1% കുറവായിരിക്കും ലഭിക്കുക.
ഓവർഡ്രാഫ്റ്റ് സൗകര്യം (Overdraft Facility)
ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റുകളിൽ നിങ്ങൾക്ക് ഓവർഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താം. അത്തരം സാഹചര്യങ്ങളിൽ നിക്ഷേപം ഒരു റെഗുലർ ഫിക്സഡ് ഡിപ്പോസിറ്റായി (regular fixed deposit) മാറും.
എങ്ങനെ നിക്ഷേപിക്കാം?
പാൻ കാർഡ് അല്ലെങ്കിൽ ആധാർ കാർഡ് പോലുള്ള അവശ്യ രേഖകളുമായി ഓൺലൈനിലൂടെ നിങ്ങൾക്ക് ഹരിത നിക്ഷേപങ്ങൾ ആരംഭിക്കാം. നിങ്ങളെക്കുളിച്ചുള്ള വിവരങ്ങൾ പൂരിപ്പിച്ച്, തുകയും കാലാവധിയും തിരഞ്ഞെടുക്കുക. ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യുക. ഓൺലൈനായി ചെയ്യാൻ സാധിക്കാത്തവർക്ക് ഗ്രീൻ ഡെപ്പോസിറ്റ് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുടെ ശാഖകളിലൂടെ നിക്ഷേപം ആരംഭിക്കാം.
ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റിൽ നിങ്ങൾ നിക്ഷേപിക്കണോ?
ചെറുതോ വലുതോ ആയ റിസ്കുകൾ ഏറ്റെടുക്കാൻ താത്പര്യം ഇല്ലാത്ത നിക്ഷേപകർക്ക് ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റുകൾ ആകർഷകമായ ഒരു തിരഞ്ഞെടുപ്പ് ആയിരിക്കില്ല. എങ്കിലും, പ്രകൃതി സംരക്ഷണത്തിൽ താത്പര്യം ഉള്ള നിക്ഷേപകർക്കും മുതിർന്ന പൗരന്മാർക്കും (senior citizens) ഈ ഓപ്ഷൻ പരിഗണിക്കാവുന്നതാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്ക ആണെങ്കിലും, ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് മറ്റ് നിക്ഷേപങ്ങളേക്കാളും, വരുമാനം നൽകുന്നതിനേക്കാളും ഒക്കെ ഉപരി വലിയ ലക്ഷ്യങ്ങളുണ്ടെന്ന് എടുത്തുപറയേണ്ടതുണ്ട്. സുസ്ഥിരത വികസനവും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളും ദീർഘകാലാടിസ്ഥാനത്തിൽ മനുഷ്യരാശിയിൽ ഏറെ ചലനാത്മകമായ സ്വാധീനം ചെലുത്തും. ഇത് എല്ലാവർക്കും ദീർഘകാലത്തേക്ക് ഉപകാരപ്രദവും ആകും. അതിനാൽ, നിക്ഷേപകർ ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റുകൾ മികച്ച ഒരു നിക്ഷേപ മാർഗമായി പരിഗണിക്കണം. ഭാവി തലമുറയ്ക്കായി നല്ല ദിവസങ്ങൾ കെട്ടിപ്പടുക്കാൻ നിങ്ങളുടെ മൊത്ത വരുമാനത്തിന്റെ 1 ശതമാനം എങ്കിലും ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റിൽ നിക്ഷേപിക്കുകയും ചെയ്യാം.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.