കൊച്ചി: സേവന നികുതി (Service Tax) യഥാസമയം അടയ്ക്കുന്നതിൽ കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയ 12 സിനിമാ നടന്മാർക്കെതിരെ (Film Actors) സംസ്ഥാന നികുതി വകുപ്പിന്റെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം (GST Intelligence Division) അന്വേഷണം തുടങ്ങി. സിനിമകളിൽ അഭിനയിക്കാൻ വൻതുക പ്രതിഫലം വാങ്ങുന്ന നടന്മാർ കൃത്യമായി ജിഎസ്ടി അടയ്ക്കാത്തതിനാൽ, ഈ തുക ഇളവ് ചെയ്തു നികുതി റിട്ടേൺ യഥാസമയം സമർപ്പിക്കാൻ കഴിയുന്നില്ലെന്ന നിർമാതാക്കളുടെ പരാതിയിലാണ് നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്.
മൂന്നര കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ നടനെതിരെ എറണാകുളം ജില്ലാ ഇന്റലിജൻസ് വിഭാഗം പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. വെട്ടിച്ച നികുതി അടയ്ക്കാനുള്ള നോട്ടിസ് മറ്റുള്ളവർക്ക് നൽകിയിട്ടുണ്ട്.
ജിഎസ്ടി നിയമപ്രകാരം സിനിമയുമായി ബന്ധപ്പെട്ട അഭിനയം, സംഗീതം, നിർമാണം, പോസ്റ്റ് പ്രൊഡക്ഷൻ, ഡബ്ബിങ്, മിക്സിങ് തുടങ്ങിയ സർവീസ് മേഖലകളിൽ നിന്നു വർഷം 20 ലക്ഷം രൂപയിൽ അധികം വരുമാനം നേടുന്നവർ ജിഎസ്ടി അടയ്ക്കാൻ ബാധ്യസ്ഥരാണ്.
Also Read-
'Lokayukta-യെ നിർജീവമാക്കുന്നത് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും എതിരായ കേസ് പരിഗണിക്കുന്നതിനാൽ'; ഒപ്പിടരുതെന്ന് ഗവർണറോട് പ്രതിപക്ഷ നേതാവ്
2017 മുതൽ 2021 വർഷക്കാലയളവിലെ സിനിമാ നിർമാണത്തിന്റെ ആകെ ചെലവും ഓരോ നടന്മാർക്കും നൽകിയ പ്രതിഫലത്തുകയുടെ കൃത്യമായ കണക്കുകളും നിർമാതാക്കളോട് നികുതി വകുപ്പ് ചോദിച്ചിരുന്നു. ഈ തുക ലഭിച്ച നടന്മാരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച ശേഷമാണ് നികുതിയടവിൽ കോടികളുടെ വെട്ടിപ്പു കണ്ടെത്തി പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുന്നത്.
നികുതിയടവിൽ തുടർച്ചയായ വർഷങ്ങളിൽ വെട്ടിപ്പു നടത്തിയതായി കണ്ടെത്തിയവർക്കെതിരെ മാത്രമാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. സേവന നികുതി വെട്ടിപ്പു ചൂണ്ടിക്കാട്ടി എല്ലാവർക്കും നോട്ടിസ് നൽകിയ ശേഷവും നികുതിയടയ്ക്കാൻ തയാറാകാത്ത 12 പേർക്കെതിരെയാണ് നിയമനടപടി ആരംഭിച്ചത്. നികുതി വകുപ്പ് ഐബി വിഭാഗത്തിന്റെ എറണാകുളം ജില്ലാ ടീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Also Read-
Lokayukta| ലോകായുക്തയുടെ അധികാരം കവരാന്‍ നിയമഭേദഗതി; വിധി സർക്കാരിന് തള്ളാം
അന്വേഷണ കാലപരിധിയിൽ 25 സിനിമകളിൽ അഭിനയിക്കുകയും 15 സിനിമകൾക്ക് മുൻകൂർ പണം വാങ്ങുകയും ചെയ്ത നടന്റെ ജിഎസ്ടി കുടിശിക ചൂണ്ടിക്കാട്ടി നൽകിയ നോട്ടിസ് അവഗണിക്കുകയും അതിനു ശേഷം 6 ആഡംബര വാഹനങ്ങൾ വാങ്ങുകയും ചെയ്തതോടെയാണു പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ നികുതി വകുപ്പ് തീരുമാനിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.