4450 കോടി രൂപയോളം ക്രിപ്റ്റോകറൻസി ഹാക്കർമാരുടെ സംഘം മോഷ്ടിച്ചതായി റിപ്പോർട്ട്; ഇത്ര വലിയ തുകയുടെ മോഷണം ഇതാദ്യം

'വികേന്ദ്രീകൃത ധനകാര്യ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് നിങ്ങള്‍ കൊള്ള ചെയ്തത്', മോഷ്ടാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പോളി നെറ്റ്വര്‍ക്ക് ട്വിറ്ററില്‍ കുറിച്ചു

പ്രതീതാത്മക ചിത്രം

പ്രതീതാത്മക ചിത്രം

 • Share this:
  ക്രിപ്‌റ്റോകറന്‍സിയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനി പോളി നെറ്റ്വര്‍ക്ക് ചില ഹാക്കര്‍മാര്‍ തങ്ങളുടെ സുരക്ഷാ സംവിധാനം തകര്‍ക്കുകയും ഏതാണ്ട് 600 മില്യണ്‍ ഡോളര്‍ തുക മോഷ്ടിച്ചതായും ചൊവ്വാഴ്ച വെളിപ്പെടുത്തി. വാലറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന വ്യാപാരികളോട് ക്രിപ്‌റ്റോകറന്‍സികള്‍ സൂക്ഷിക്കാനായി മോഷ്ടിക്കപ്പെട്ട എഥെറിയം, ബിനാന്‍സ് ചെയ്ന്‍, ഓക്‌സിപോളിഗണ്‍ എന്നീ ടോക്കണുകള്‍ ഒഴിവാക്കണമെന്ന് പോളി നെറ്റ്വര്‍ക്ക് അഭ്യര്‍ത്ഥിച്ചു.

  'വികേന്ദ്രീകൃത ധനകാര്യ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് നിങ്ങള്‍ കൊള്ള ചെയ്തത്', മോഷ്ടാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പോളി നെറ്റ്വര്‍ക്ക് ട്വിറ്ററില്‍ കുറിച്ചു. ആയിരക്കണക്കിന് ക്രിപ്‌റ്റോ കമ്യൂണിറ്റി അംഗങ്ങളുടെ പണമാണ് മോഷ്ടിക്കപ്പെട്ടതെന്നും പോളി നെറ്റ്വര്‍ക്ക് അറിയിച്ചു. പോലീസിന്റെ ഇടപെടലിനെ സംബന്ധിച്ച് സൂചന നല്‍കിയെങ്കിലും രമ്യമായ ഒരു പരിഹാരത്തിന് സന്നദ്ധമാണെന്ന് പോളി നെറ്റ്വര്‍ക്ക് ക്രിപ്‌റ്റോകറന്‍സി കൊള്ളയില്‍ ഉള്‍പ്പെട്ടവരെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു.

  യു എസിലെ നീതിന്യായ വകുപ്പോ എഫ് ബി ഐയോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏതാനും ട്വീറ്റുകളിലൂടെയാണ് തങ്ങള്‍ സൈബര്‍ ആക്രമണത്തിന് ഇരയായതായും ഹാക്കര്‍മാരുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലേക്ക് ആസ്തികള്‍ കൈമാറ്റം ചെയ്യപ്പെട്ടതായും പോളി നെറ്റ്വര്‍ക്ക് കമ്പനി അറിയിച്ചത്. ഹാക്കര്‍മാര്‍ ഉപയോഗിച്ച ഓണ്‍ലൈന്‍ വിലാസങ്ങളും പോളി നെറ്റ്വര്‍ക്ക് പുറത്തു വിട്ടിട്ടുണ്ട്.

  പോളി നെറ്റ്വര്‍ക്കിന്റെ ആപ്ലിക്കേഷനിലൂടെ നടക്കുന്ന പണമിടപാടുകളുടെ മേല്‍നോട്ടം വഹിക്കുന്ന പ്രോട്ടോക്കോള്‍ സംബന്ധിച്ച വിവരങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ നിന്ന് വ്യക്തമല്ല. ഇടനിലക്കാര്‍ ആരുമില്ലാതെ വ്യാപാരം നടത്താനും വായ്പ വാങ്ങാനും പരസ്പരം പണക്കൈമാറ്റം നടത്താനും ആളുകളെ സഹായിക്കുന്ന ആപ്ലിക്കേഷനുകളുടെ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വികേന്ദ്രീകൃത ധനകാര്യം കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതല്‍ ജനപ്രീതി ആര്‍ജിച്ചിരുന്നു.

  പോളി നെറ്റ്വര്‍ക്കിനെതിരെ ആക്രമണം നടത്തിയ സംഘത്തിന്റെ ഇ-മെയില്‍, ഐ പി വിലാസം, ഡിവൈസ് ഫിംഗര്‍പ്രിന്റുകള്‍ എന്നിവ ലഭിച്ചതായി സുരക്ഷ സംബന്ധിച്ച ഗവേഷണം നടത്തുന്ന സ്ലോമിസ്റ്റ് അറിയിച്ചു. ദീര്‍ഘകാലമായി നടത്തിയ ആസൂത്രണത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിതമായി, എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് ഈ കൊള്ള നടന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

  ഏതാണ്ട് 600 മില്യണ്‍ ഡോളറോളം മൂല്യം വരുന്ന ക്രിപ്‌റ്റോകറന്‍സിയാണ് ഈ കൊള്ളയിലൂടെ മോഷ്ടിക്കപ്പെട്ടത് എന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ കണക്കാക്കുന്നു. കഴിഞ്ഞ ഏപ്രില്‍ അവസാനം വരെയുള്ള കണക്ക് പ്രകാരം, ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട മോഷണം, കൊള്ള, കബളിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ 432 മില്യണ്‍ ഡോളറോളം മൂല്യമുള്ള കറന്‍സി മോഷ്ടിക്കപ്പെട്ടതായി ക്രിപ്‌റ്റോ സെക്യൂരിറ്റി കമ്പനി സൈഫര്‍ട്രെയ്സ് നടത്തിയ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി.

  'കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ ഈ തുക ചെറുതാണെന്ന് തോന്നാം. എന്നാല്‍ പ്രവണതകള്‍ ചൂണ്ടിക്കാട്ടുന്നത് ഗുരുതരമായ സാഹചര്യം നിലവിലുണ്ട് എന്നാണ്. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഹാക്കിങിന്റെയും മോഷണത്തിന്റെയും അറുപത് ശതമാനത്തിലധികം സംഭവങ്ങളും വികേന്ദ്രീകൃത ധനകാര്യവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ നടക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം', സൈഫര്‍ട്രെയ്സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
  Published by:Karthika M
  First published:
  )}